പിതാവിെൻറ ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ യുവാവ് മരിച്ചു
text_fieldsപാലാ: പിതാവ് നടത്തിയ ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പാലാ അന്തീനാട് കാഞ്ഞിരത്താംകുന്നേല്‍ ഷിനുവാണ് (35) മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നുള്ള വൈരാഗ്യത്തിൽ സെപ്റ്റംബര്‍ 23ന് പുലർച്ചയായിരുന്നു ആക്രമണം. പിതാവ് ഗോപാലകൃഷ്ണന് ചെട്ടിയാരെ (61) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപാന ശീലമുള്ള ഷിനുവും പിതാവും തമ്മില്‍ വാക്കേറ്റം പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിെൻറ തലേ ദിവസം പകലും വഴക്കുണ്ടാകുകയും ഗോപാലകൃഷ്ണനെ ഷിനു ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിെൻറ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
രാത്രി മദ്യപിച്ചെത്തിയ ഷിനു ഉറങ്ങിയപ്പോള്‍ റബര്‍ പാല് സംസ്കരിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ശരീരത്തില്‍ ഒഴിക്കുകയായിരുന്നുവത്രെ. പൊള്ളലേറ്റ ഷിനുവിനെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. 75 ശതമാനത്തോളം പൊള്ളലേറ്റ ഷിനു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചു. ആന പാപ്പാനായിരുന്നു ഷിനു.