കണ്ണൂരിൽ ഹോട്ടലുടമയെ കുത്തിക്കൊന്നു; രണ്ടുപേർ അറസ്റ്റിൽ
text_fieldsകണ്ണൂർ: ഹോട്ടലുടമയെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പയ്യാമ്പലത്തെ സൂഫി മക്കാൻ ഹോട്ടലുടമ തായത്തെരു സ്വദേശി ജസീറാണ് (35) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച അർധരാത്രി 12.30ഓടെ ആയിക്കര മത്സ്യ മാർക്കറ്റിനടുത്താണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂർ ഉരുവച്ചാൽ സ്വദേശി ഹനാൻ (22), ആദികടലായി സ്വദേശി റബീഹ് (24) എന്നിവരെ കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
ജസീറിന്റെ സുഹൃത്തും ഹോട്ടൽ ബിസിനസിലെ പങ്കാളിയുമായ അഭീഷിന്റെ ബൈക്ക് എടുക്കാനായി ഇരുവരും ഹോട്ടൽ പൂട്ടിയതിനുശേഷം ആയിക്കരയിലേക്ക് പോയപ്പോൾ ജസീറിന്റെ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ അറിയിച്ചു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് ജസീറിന്റെ മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാക്കുതർക്കത്തെത്തുടർന്ന് പ്രതികളിലൊരാളായ റബീഹ്, ജസീറിന്റെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുത്താനുപയോഗിച്ച ആയുധത്തിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും ആർ. ഇളങ്കോ അറിയിച്ചു.
തായത്തെരു ലീഗ് ഓഫിസിന് സമീപത്തെ 'കലിമ'യില്‍ പരേതനായ അബ്ദുൽ സത്താര്‍- അഫ്സത്ത് ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ജസീർ. സഹീദയാണ് ഭാര്യ. മക്കള്‍: ഇസ, ഇഫ. സഹോദരങ്ങള്‍: മുഹമ്മദ് ജമാല്‍, തഫ്സീറ, തസ്നി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
