കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത
text_fieldsവിവേക്, ശിവഗംഗ
അടിമാലി (ഇടുക്കി): അടിമാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി മാങ്കടവ് മരോട്ടിക്കല്‍ വിവേക് രവീന്ദ്രന്‍ (23), ഓടയ്ക്കാസിറ്റി മൂന്നുകണ്ടത്തില്‍ ശിവഗംഗ അനില്‍കുമാര്‍ (19) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വനംവകുപ്പിലെ രണ്ട് വാച്ചർമാര്‍ തിങ്കളാഴ്ച വൈകീട്ട് 4.30നാണ് മൃതദേഹങ്ങൾ കാണുന്നത്. ഇവരുടെ കാല്‍മുട്ടുകൾ നിലത്ത് കുത്തിയ നിലയിലായിരുന്നു. ഇത് ദുരൂഹത വർധിപ്പിക്കുന്നു.
ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആല്‍പ്പാറ-പാല്‍കുളം റോഡില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരത്തിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കംതോന്നുമെന്ന് സ്ഥലത്തുള്ള ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ജോജി ജേക്കബ് പറഞ്ഞു. കഞ്ഞിക്കുഴി പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
അടിമാലി പൊലീസ് കൂടി എത്തിയശേഷം തെളിവെടുപ്പ് പൂര്‍ത്തിയാക്കും. ഇതിന് ശേഷമാണ് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് മാറ്റുകയുള്ളൂ.
ഏപ്രിൽ 13നാണ് ഇരുവരെയും അടിമാലിയില്‍നിന്ന് കാണാതായത്. ഇതുസംബന്ധിച്ച് അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഇവര്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്ക് ഇടുക്കി പാല്‍കുളംമേട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
വനഭൂമിയോട് ചേര്‍ന്നായതിനാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി വനമേഖല ഉള്‍പ്പെടെ പൊലീസും വനപാലകരും ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. റോഡില്‍നിന്നും അരകിലോമീറ്റര്‍ മാറിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. മരിച്ച വിവേക് അടിമാലി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ശിവഗംഗ കോളജില്‍ പഠിക്കുന്നു. ഇരുവരും വളരെ കാലമായി പ്രണയത്തിലായിരുന്നുവത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

