ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ
text_fieldsജോമോൻ
ചെങ്ങന്നൂർ: കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ. പുലിയൂർ പേരിശ്ശേരി ഗ്രേസ് കോട്ടേജിൽ ജോമോൻ (40) ആണ് തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.
ജോമോൻ മദ്യപിച്ച് ഭാര്യ ജോമോളുമായി വഴക്കുണ്ടാക്കുകയും തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ കഴുത്തിനും പുറത്തും കൈയ്ക്കും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വെട്ടുകൊണ്ട ജോമോൾ വീടിൻ്റെ ചുറ്റുമതിൽ ചാടിക്കടന്ന് അയൽപക്കത്തെ വീട്ടിൽ ഓടിക്കയറി. അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ജോമോളെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ അവിടെ നിന്നും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ജോമോനെ അന്വേഷിച്ച് വീട് പരിശോധിച്ച പൊലീസ് ഇയാൾ വീട്ടിനുള്ളിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.നടപടികൾക്കു ശേഷം മൃതദേഹം മാലക്കരയിലെ ആശുപത്രിയിൽ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയശേഷം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.