പാലക്കാട്: ഹൃദയം തകർക്കുന്ന വാർത്ത കേട്ടാണ് ഞായറാഴ്ച പൂളക്കാട് പ്രദേശം ഉണർന്നത്. നാടിന്‍റെ കണ്ണിലുണ്ണിയായ ആമിൽ എന്ന ആറുവയസ്സുകാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ടെന്ന വിവരം അവർക്ക് താങ്ങാനായില്ല. അതിനേക്കാളേറെ അവരെ നടുക്കിയത് ആ കൊടും കൃത്യം ചെയ്തത് സ്വന്തം മാതാവും പൊതുവെ ശാന്ത സ്വഭാവക്കാരിയുമായ ഷാഹിദ ആണെന്നതായിരുന്നു.
ഞായറാഴ്ച പുലർച്ചെയോടെയാണ് നാടിനെ നടുക്കിയ കൊല നടന്നത്. നഗരത്തിന് സമീപമുള്ള പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശിയായ സുലൈമാെൻറ ഭാര്യ ഷാഹിദ മകൻ ആമിലിനെ കഴുത്തുറത്ത് കൊല്ലുകയായിരുന്നു. മാതാവ് തന്നെയാണ് താൻ മകനെ കൊന്നതായി പൊലീസിനെ അറിയിച്ചത്.
പുലർച്ചെ നാല് മണിയോടെയാണ് പൊലീസിെൻറ കൺട്രോൾ റൂമിലേക്ക് താൻ മകനെ ബലി നൽകിയെന്ന് ഷാഹിദ തന്നെ വിളിച്ചറിയിക്കുന്നത്. കണ്ണാടി പഞ്ചായത്തിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം അപ്പോൾ തന്നെ പുളക്കാട്ടെ വീട്ടിലെത്തുകയായിരുന്നു. കുളിമുറിയിൽ കൊണ്ടു പോയി കാല് കെട്ടിയിട്ട ശേഷമാണ് ആമിലിനെ അമ്മ ഷാഹിദ കഴുത്തറത്തതെന്ന് പൊലീസ് പറയുന്നു. കാല് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഈ സമയം പാർസൽ ലോറി ഡ്രൈവറായ ഭർത്താവ് സുലൈമാനും മറ്റ് രണ്ട് ആൺമക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു.
മദ്റസ അധ്യാപിക കൂടിയായ ഷാഹിദ മൂന്ന് മാസം ഗർഭിണിയുമാണ്. ഏതാനും മാസങ്ങളായി അവർ മദ്റസയിൽ ജോലിക്ക് പോകുന്നില്ല. പാലക്കാട് എസ്.പി. ആർ വിശ്വനാഥ് സ്ഥലത്തെത്തി. പൊലീസ് കസ്റ്റഡിയിൽ എടുത്ത ഷാഹിദയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഭർത്താവിനേയും ചോദ്യംെചയ്തുവരുന്നു. മറ്റെന്തെങ്കിലും മാനസിക പ്രശ്നങ്ങൾ ഇവർക്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ആമിലിെൻറ മൃതദേഹം ജില്ല ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് വീട്ടിൽ കൊണ്ടുവരും. തുടർന്ന് പൂളക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.