മരണത്തിലും മക്കളെ നെഞ്ചോട് ചേർത്ത് ഫൈസൽ; ചീനിക്കുഴിയിലെ കൊലപാതകം ആസൂത്രിതം
text_fieldsപൊലീസ് കസ്റ്റഡിയിലെടുത്ത ഹമീദ്, കൊല്ലപ്പെട്ട ഫൈസലും കുടുംബവും
തൊടുപുഴ: ചീനിക്കുഴിയിൽ പിതാവ് മകനെയും കുടുംബത്തെയും തീകൊളുത്തി കൊലപ്പെടുത്തിയത് അതിക്രൂരമായി. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് നാട്ടുകാരും പൊലീസും പറയുന്നു. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസൽ (49), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റ (16), അസ്‌ന (13) എന്നിവരാണ് മരിച്ചത്. രാത്രി 12.30ഓടെ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഹമീദ് (79) പുറത്തിറങ്ങി ജനലിലൂടെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
രാത്രി 12.45നാണ് അയൽവാസി രാഹുലിനെ കുട്ടികളിലൊരാൾ സഹായത്തിന് വിളിക്കുന്നത്. ഈ സമയം കുട്ടികളുടെ കരച്ചിൽ കേൾക്കാമായിരുന്നു. ഉടൻ ഇയാൾ വീട്ടിലേക്കെത്തി. മുൻവാതിൽ ചവിട്ടിപ്പൊളിച്ച് അകത്തേക്ക് കടന്നു. കുടുംബം താമസിച്ചിരുന്ന റൂമിന്റെ വാതിലും പുറത്തുനിന്ന് പൂട്ടിയിരുന്നു. അതും ഇയാൾ ചവിട്ടിപ്പൊളിച്ചു. എന്നാൽ, കിടക്കക്ക് തീപിടിച്ച് ആളിക്കത്താൻ തുടങ്ങിയിരുന്നു.
ഈ സമയത്തും ഹമീദ് പെട്രോൾ നിറച്ച കുപ്പികൾ അകത്തേക്ക് എറിയുന്നുണ്ടായിരുന്നു. രാഹുൽ ഇയാളെ തള്ളിമാറ്റി. ഫൈസലും മക്കളും ബാത്തുറൂമിൽ ഒളിച്ചുനിൽക്കുകയായിരുന്നു. തീ ആളിക്കത്തുന്നതിനാൽ രാഹുലിന് അകത്തേക്ക് കടക്കാനായില്ല. വെള്ളം ഒഴിക്കാൻ ശ്രമിച്ചെങ്കിലും ടാങ്കിൽനിന്നുള്ള പൈപ്പ് ഹമീദ് പൂട്ടിയിട്ടിരുന്നു. വൈദ്യുതി ബന്ധവും വിച്ഛേദിച്ച നിലയിലായിരുന്നു. ഷീബ ബാത്തുറൂമിന്റെ വാതിലിന്റെ സമീപമായിരുന്നു മരിച്ചുകിടന്നിരുന്നത്. രണ്ട് മക്കളെയും നെഞ്ചോട് ചേർത്താണ് ഫൈസൽ കിടന്നിരുന്നത്.
തീകൊളുത്തിയതും പൊലീസിൽ കീഴടങ്ങാൻ പോവുകയാണെന്നും ഹമീദ് നാട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. ജീവിക്കാൻ നിവൃത്തിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും ഹമീദ് പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ ഓട്ടോറിക്ഷയും തയാറാക്കിയിരുന്നു. വഴിയിൽവെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
ഹമീദും ഫൈസലും തമ്മിൽ നേരത്തെ തന്നെ സ്വത്ത് സംബന്ധിച്ച് തർക്കമുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. ഇവർ കവലയിൽ വെച്ചെല്ലാം തർക്കിച്ചിരുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഹമീദ് രണ്ടാമത് കല്യാണം കഴിച്ചിരുന്നു. ഇതിന് ശേഷമാണ് തർക്കം ഉടലെടുക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.