കുമളി: സ്ത്രീധനം ചോദിച്ച് മകന്‍റെ ഭാര്യയെയും കുഞ്ഞിനെയും തീവെച്ച് കൊല്ലാൻ ശ്രമം. പൊള്ളലേറ്റ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. ഗുരുതര പൊള്ളലേറ്റ അമ്മയെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേനി ജില്ലയിലെ കമ്പത്തിന് സമീപം നാരായണ തേവൻപെട്ടിയിലാണ് സംഭവം.
കൂലിത്തൊഴിലാളിയായ പെരിയ കറുപ്പനാണ് (53) മദ്യലഹരിയിൽ മകൻ അരുൺ പാണ്ട്യന്‍റെ ഭാര്യ സുഖപ്രിയ (21), മകൻ ഒരു വയസ്സുള്ള യാഗിദ് എന്നിവരെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. തീ ആളിപ്പടർന്നതോടെ സമീപവാസികൾ ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെരിയ കറുപ്പൻ, ഭാര്യ ഒച്ചമ്മാൾ, രണ്ട് മക്കൾ എന്നിവരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.