ഉറങ്ങിക്കിടന്ന ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് അടിച്ചുകൊന്ന പ്രതി പിടിയിൽ
text_fieldsകൊല്ലപ്പെട്ട അല്‍ത്താഫ്, പ്രതി സുനില്‍കുമാർ
അടിമാലി: ഉറങ്ങിക്കിടന്ന ബാലനെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി ചുറ്റികകൊണ്ട് തലക്കടിച്ചുകൊന്നു. കുട്ടിയുടെ അമ്മക്കും അമ്മൂമ്മക്കും ആക്രമണത്തില്‍ പരിക്കേറ്റു. ആമക്കണ്ടം റൈഹാനത്ത് മന്‍സിലില്‍ മുഹമ്മദ് റിയാസിെൻറ മകന് അല്‍ത്താഫാണ് മരിച്ചത്. മാതാവ് സഫിയ (40), ഇവരുടെ മാതാവ് വടക്കേത്താഴം സൈനബ (79) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ച മൂന്നരയോടെ ആനച്ചാല്‍ ആമക്കണ്ടത്താണ് സംഭവം.
സംഭവത്തിൽ സഫിയയുടെ സഹോദരി ഷൈലക്കൊപ്പം താമസിക്കുന്ന സുനില്‍കുമാർ (ഷാന്‍ -46) അറസ്റ്റിലായി. തമിഴ്നാട്ടിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഞായറാഴ്ച രാത്രി മുതുവാൻകുടിയിൽനിന്നാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ആദ്യം സൈനബ താമസിക്കുന്ന വീട്ടിലെത്തി അവരെ ആക്രമിച്ച് പരിക്കേൽപിച്ച സുനില്‍കുമാര്‍, പിന്നീട് സഫിയയുടെ വീടിെൻറ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി ഉറങ്ങിക്കിടന്ന അല്‍ത്താഫിനെ ചുറ്റികകൊണ്ട് തലക്കടിക്കുകയായിരുന്നു. തുടർന്ന് സഫിയയെയും ആക്രമിച്ചു. ചുറ്റികകൊണ്ടുള്ള അടിയില്‍ സഫിയയുടെ താടിയെല്ലും പല്ലുകളും തകര്‍ന്നു. സഫിയയുടെ മൂത്തമകള്‍ റൈഹാനത്ത് ഞായറാഴ്ച രാവിലെ ആറോടെ അയല്‍വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് പുറംലോകമറിയുന്നത്.
തമിഴ്നാട്ടില്‍നിന്ന് വണ്ടിപ്പെരിയാറില്‍ വന്ന് താമസമാക്കിയ സുനില്‍കുമാറിന് ഇവിടെ ഭാര്യയും കുട്ടികളുമുണ്ട്. എട്ടുവർഷം മുമ്പ് ഇവരുമായി പിണങ്ങി വീടുവിട്ടിറങ്ങിയാണ് ആനച്ചാലില്‍ എത്തിയത്. സ്വത്ത്, വഴിപ്രശ്നങ്ങളുടെ പേരില്‍ സൈനബയുടെ കുടുംബവുമായി കലഹത്തിലായിരുന്നു.
പൊലീസ് പലതവണ കലഹം തീര്‍ക്കാന്‍ എത്തിയിട്ടുണ്ട്. ഷാന്‍ എന്ന് പേരുമാറ്റുകയും മതം മാറിയതായി പ്രദേശവാസികളോട് പറയുകയും ചെയ്തിരുന്നു. അല്ത്താഫിെൻറ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

