സി.പി.എം നേതാവ് ബേബി ജോൺ അന്തരിച്ചു
text_fieldsബേബി ജോൺ
തൃശൂർ: മുതിർന്ന സി.പി.എം നേതാവും അധ്യാപകനുമായിരുന്ന ബേബി ജോൺ (74) അന്തരിച്ചു. പാർട്ടി സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം, തൃശൂർ ജില്ല സെക്രട്ടറി, സി.ഐ.ടി.യു ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മണലൂർ തൈക്കാട് ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനായി 1952ലാണ് ജനനം. 1969 മുതൽ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. 1971 ൽ പാർടി അംഗമായി. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം 1984മുതൽ 97വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായി.
1986ൽ ജില്ല കമ്മിറ്റി അംഗവും 97 മുതൽ ജില്ല സെക്രേട്ടറിയറ്റ് അംഗവുമാണ്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ മണലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടിയിരുന്നു.
2006 ജൂലൈയിൽ സി.പി.എം തൃശൂർ ജില്ല സെക്രട്ടറിയായി. ബീഡിത്തൊഴിലാളി യൂനിയന്റെ ജില്ല പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി, സംസ്ഥാന ഫെഡറേഷൻ ഭാരവാഹി, ചാവക്കാട് മേഖല ചെത്തുതൊഴിലാളി യൂനിയൻ പ്രസിഡന്റ്, സ്റ്റേറ്റ് ഫെഡറേഷൻ വൈസ് പ്രസിഡന്റ്, തൃശൂർ ജില്ല ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ പ്രസിഡന്റ്, സംസ്ഥാന ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
ഒട്ടേറെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ബേബിജോൺ അടിയന്തരാവസ്ഥയിൽ രണ്ടരമാസം ജയിലിലായി. 1975ലെ സ്വാതന്ത്ര്യദിനത്തിൽ കരിങ്കൊടി കെട്ടാൻ ശ്രമിച്ചതിന് കൊടിയ പൊലീസ് മർദനമേറ്റു. ബ്ലാങ്ങാട് പി.വി.എം എൽ.പി സ്കൂളിൽ 1971 മുതൽ അധ്യാപകനായിരുന്നു. പൊലീസ് നടപടികളെത്തുടർന്ന് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു.
1991ൽ സർവിസിൽനിന്നും സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. ചാവക്കാട് നഗരസഭ നിലവിൽ വന്നപ്പോൾ (1980–-85) കൗൺസിലറും ആദ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി. 88ൽ വീണ്ടും കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റായിട്ടുണ്ട്.
ഭാര്യ: പരേതയായ ഷീല. മക്കൾ: മാനവൻ, ഹിമവാൻ (ചാവക്കാട് സഹകരണ ബാങ്ക്), അംഗന (അയ്യന്തോൾ സഹകരണ ബാങ്ക്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

