ചാലക്കുടി നാരായണൻ നമ്പീശൻ ജൂനിയർ നിര്യാതനായി; വാദ്യലോകത്തിന് നഷ്ടം
text_fieldsചാലക്കുടി: കേരളത്തിലെ മദ്ദളവാദ്യ രംഗത്തെ കുലപതിയായ ചാലക്കുടി നാരായണൻ നമ്പീശന്‍റെ മകനും പഞ്ചവാദ്യകലാകാരനും സംഘാടകനുമായ ചാലക്കുടി നാരായണൻ നമ്പീശൻ ജൂനിയർ (62) നിര്യാതനായി. ചൊവ്വാഴ്ച പുലർച്ചെ കോഴിക്കോട്ടായിരുന്നു അന്ത്യം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ ആയിരുന്നു. പഞ്ചവാദ്യ രംഗത്തെ താത്വികാചാര്യൻമാരിൽ പ്രമുഖനായി മാറിയ നമ്പീശൻ 1792 അക്ഷരകാലം പഞ്ചവാദ്യം ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. ചാലക്കുടി നമ്പീശൻ സ്മാരക കഥകളി ക്ലബ് സെക്രട്ടറിയാണ്.
കഥകളിയിലെ പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കുന്ന നയം നടപ്പാക്കിയതാണ് ശ്രദ്ധേയനാക്കിയത്. പഞ്ചവാദ്യകലയെ സംബന്ധിക്കുന്ന സെമിനാറുകളിലും ഗവേഷണങ്ങളിലും നമ്പീശന്‍റെ പങ്ക് നിസ്തുലമാണ്. സാമൂഹികപ്രവർത്തകൻ കൂടിയായിരുന്നു. സിവിൽ എൻജിനിയറായിരുന്ന നമ്പീശന്‍റെ നേതൃത്വത്തിൽ പാവപ്പെട്ടവർക്ക് വീട് നിർമിച്ച് നൽകിയിരുന്നു.
ശബരിമല അടക്കം തിരുവിതാംകൂർ ദേവസ്വം ബോർഡിലെ 20ഓളം ക്ഷേത്രങ്ങളിൽ കൊടിമരം സ്ഥാപിച്ചതും അവയുടെ നിർമാണ പ്രവർത്തനങ്ങളിലെ നേതൃത്വവും നമ്പീശനായിരുന്നു.
വാദ്യ സംബന്ധിയായ കേരളത്തിലെ നിരവധി കൂട്ടായ്മകളുടെ സംഘാടകനും പ്രവർത്തകനുമായിരുന്നു. മാതാവ്: ദേവകി ബ്രാഹ്മണി അമ്മ. ഭാര്യ: ഗിരിജ ബ്രാഹ്മണിയമ്മ. മക്കൾ: രാഹുൽ നമ്പീശൻ, രോഹിത് നമ്പീശൻ. മരുമക്കൾ: രഞ്ജിനി, ഇന്ദുജ ചെറുളിയിൽ. മൃതദേഹം ചാലക്കുടിയിലേക്ക് കൊണ്ടുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

