ബി.ജെ.പി നേതാവും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
text_fieldsകെ. കുഞ്ഞിക്കണ്ണന്‍
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന സമിതി അംഗവും ജന്മഭൂമി ദിനപത്രം റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്‍ (74) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുമല അരയല്ലൂര്‍ വടകര നഗറില്‍ എ.വി.ആർ.എ ബി 4 ലായിരുന്നു താമസം.
1954ല്‍ കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ കുട്ടാവ് ഗ്രാമത്തിൽ ജനിച്ച കുഞ്ഞിക്കണ്ണൻ, ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഭാരതീയ ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി കാസർകോട്, കണ്ണൂര്‍ താലൂക്കുകളില്‍ പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കുശേഷം യുവജനത കണ്ണൂര്‍ ജില്ല സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായി.
ഭാരതീയ ജനതാ യുവമോര്‍ച്ച രൂപവത്കരിച്ചപ്പോള്‍ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റ് ചുമതല വഹിച്ചു. നിയമസഭയിലേക്ക് പേരാവൂര്‍, കണ്ണൂര്‍ നിയോജകമണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റായും തിരുവനന്തപുരം ജില്ല പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ ചെയര്‍മാന്‍, കണ്ണൂര്‍ പ്രസ് ക്ലബ് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. മാധ്യമരംഗത്തെ വിവിധ ഔദ്യോഗിക സമിതികളിലും അദ്ദേഹം അംഗമായിരുന്നു. ഫിലിം സെന്‍സര്‍ ബോര്‍ഡ്, ടെലികോം അഡ്വൈസറി ബോര്‍ഡ്, പത്രപ്രവര്‍ത്തക അക്രഡിറ്റേഷന്‍ കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു.
കെ.ജി. മാരാര്‍ രാഷ്‌ട്രീയത്തിലെ സ്‌നേഹസാഗരം, മുന്നണികള്‍ ഭരിച്ചു മുടിച്ച കേരളം, മറുപുറം, മറനീക്കുന്ന ഭീകരത, അടിമച്ചങ്ങല, നന്ദിഗ്രാം, അടല്‍ജി ഒരു വിസ്മയം തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശിയായ അദ്ദേഹം കഴിഞ്ഞ നാല്പതു വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പരേതയായ പ്രേമജയാണ് ഭാര്യ. മക്കള്‍: പ്രകുല (ഏഷ്യാനെറ്റ് ന്യൂസ്), മഞ്ജില. മരുമകന്‍: രതീഷ് അനിരുദ്ധന്‍ (മാതൃഭൂമി ന്യൂസ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

