ബാഫഖി തങ്ങളുടെ മകൻ സൈനുല്‍ ആബിദീന്‍ തങ്ങൾ നിര്യാതനായി
text_fieldsകോഴിക്കോട്: അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മകനും മര്‍കസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ നിര്യാതനായി. 82 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു മരണം. രാത്രി ഒമ്പതിന് മർകസിൽനിന്ന് ജനാസ നമസ്കാരം കഴിഞ്ഞ് തിരൂർ നടുവിലങ്ങാടിയിലെ വസതിയിലേക്ക് കൊണ്ടുപോകും. അവിടെനിന്ന് വ്യാഴാഴ്ച രാവിലെ ഒമ്പതിന് മയ്യിത്ത് കൊയിലാണ്ടിയിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് രണ്ടിന് കൊയിലാണ്ടി വലിയകത്ത് മഖാമിലാണ് ഖബറടക്കം.
അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെയും ശരീഫ ഖദീജ ബീവിയുടെയും മകനായി 1941 മാര്‍ച്ച് 10നായിരുന്നു ജനനം. 30 വർഷത്തോളം മലേഷ്യയിൽ സേവനമനുഷ്ടിച്ച തങ്ങൾ മലയാളികൾക്ക് മാത്രമല്ല, തദ്ദേശീയർക്കും അഭയകേന്ദ്രമായിരുന്നു. മലേഷ്യൻ മുൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദടക്കം പല ഉന്നതരുമായും നേരിട്ട് ബന്ധം പുലർത്തി. തൊണ്ണൂറോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
മക്കൾ: സയ്യിദ് സഹൽ ബാഫഖി, ശരീഫ സുൽഫത്ത് ബീവി. മരുമക്കൾ: സയ്യിദ് ഫൈസൽ, ശരീഫ ഹന ബീവി. സഹോദരങ്ങൾ: സയ്യിദ് ഹുസൈൻ ബാഫഖി, സയ്യിദ് അബൂബക്കർ ബാഫഖി, സയ്യിദ് അബ്ദുല്ല ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് ഇബ്രാഹിം ബാഫഖി, സയ്യിദലി ബാഫഖി, സയ്യിദ് ഹസൻ ബാഫഖി, സയ്യിദ് അഹ്‌മദ് ബാഫഖി, ശരീഫ മറിയം ബീവി, ശരീഫ നഫീസ ബീവി. മർകസ് പ്രസിഡന്റ് അലി ബാഫഖി തങ്ങൾ പിതൃസഹോദരപുത്രനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

