ആന ചുറ്റിവരിഞ്ഞ് നിലത്തെറിഞ്ഞു; പാപ്പാന് ദാരുണാന്ത്യം
text_fieldsജയ്മോൻ
ഹരിപ്പാട്: ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്കന്ദൻ എന്ന ആനയുടെ രണ്ടാംപാപ്പാൻ കോട്ടയം പാലാ കിടങ്ങൂർ ചൂണ്ടമലയിൽ തങ്കപ്പെൻറ മകൻ ജയ്മോനാണ് (43) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം.
ക്ഷേത്രത്തിനു സമീപം ആനത്തറയിൽ തളച്ചിരുന്ന ആനക്ക് ഭക്ഷണം നൽകാൻ സമീപത്തെത്തിയ ജയ്മോനെ തുമ്പിക്കൈ കൊണ്ടുചുറ്റി വരിഞ്ഞശേഷം നിലത്ത് എറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു പാപ്പാൻ വിപിൻ ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഗുരുതര പരിക്കേറ്റ ജയ്മോനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് നാലിന് മരിച്ചു.
വാരിയെല്ല് ഒടിഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. ദേവസ്വം ബോർഡിെൻറ സ്ഥിരം ജീവനക്കാരനായ ഇയാൾ മൂന്ന് വർഷത്തിലധികമായി സ്കന്ദെൻറ രണ്ടാം പാപ്പാനാണ്. 29 വയസ്സ് പ്രായമുള്ള സ്കന്ദൻ നിരവധി അക്രമങ്ങൾ കാട്ടിയിട്ടുണ്ടെങ്കിലും ആദ്യമായാണ് മനുഷ്യ ജീവൻ അപഹരിക്കുന്നത്. ജയ്മോെൻറ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങും. ഭാര്യ: ധന്യ. മകൾ: ദേവിക.

