ചെങ്ങമ്പൂർ: മാന്നാർ പരുമല പാലത്തിനു താഴെ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി ഭിക്ഷാടനം നടത്തിവന്ന ഭിന്നശേഷിക്കാരൻ കുഴഞ്ഞു വീണു മരിച്ചു. പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഏകദേശം 70 വയസ്പ്രായമുളള ഇയാൾക്ക് ബന്ധുക്കളില്ല. ദേവസ്വം ബോർഡ് പമ്പാ കോളേജ് റോഡിൽ തുണ്ടിയിൽ ബിൽഡിങ്ങിെൻറ വരാന്തയിലായിരുന്നു കിടപ്പ്.
വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. വിവരം പുളീക്കീഴ് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി തിരുവല്ല ഗവ. ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പത്തനംതിട്ട ജില്ല ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇദ്ദേഹം ബന്ധപ്പെട്ടിരുന്നതായി കരുതുന്ന തട്ടുകട, പച്ചക്കറി അടക്കം മൂന്നു കടകൾ അടപ്പിച്ചു. ഇദ്ദേഹം എത്തിയ സ്ഥലങ്ങൾ അണുനശീകരണം നടത്തുകയും ചെയ്തു. പൊലീസുകാരൻ അടക്കം 10 ഓളം പേർ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവർക്ക് എട്ടു ദിവസത്തിനുശേഷം സ്രവ പരിശോധന നടത്തും. ഇദ്ദേഹത്തിന് സ്ഥിരമായി ഭക്ഷണം നൽകിയിരുന്ന യുവതിയെ കണ്ടെത്താനായിട്ടില്ല. ഇദ്ദേഹവുമായി ബന്ധപ്പെട്ട പലരും നിരീക്ഷണത്തിൽ പോകുന്നില്ല എന്ന് ആക്ഷേപമുണ്ട്.
മൃതദേഹം പത്തനംതിട്ട ജില്ല ആശുപത്രി മോർച്ചറിയിൽ.