ഐ.എസ്.എൽ കാണാൻ പോകുന്നതിനിടെ വാഹനാപകടം; മലപ്പുറം സ്വദേശികളായ രണ്ടുപേർ മരിച്ചു
text_fieldsകാസർകോട്: ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു . കോട്ടക്കൽ ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ മുഹമ്മദ് ജംശീർ (22), മുഹമ്മദ് ശിബിൻ (20) എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളാണ്. ഞായറാഴ്ച പുലര്‍ചെ അഞ്ചരയോടെ ഉദുമ പള്ളത്താണ് അപകടം . ഗോവയിൽ ഐ എസ് എല്‍ ഫുട്‍ബോൾ ഫൈനല്‍ മത്സരം കാണാന്‍ പോവുകയായിരുന്ന സംഘത്തിൽ പെട്ടവരാണ് അപകടത്തിൽ പെട്ടത്.
ഹൈദരാബാദിന് വേണ്ടി കളിക്കുന്ന അബ്ദുർ റബീഹിന്റെ സുഹൃത്തുക്കളാണ് എല്ലാവരും. രണ്ട് ബൈക്കുകളിലും കാറിലുമായാണ് ഇവര്‍ യാത്ര ചെയ്തത്. കാറിൽ സഞ്ചരിച്ചിരുന്നവർ മംഗ്ളൂറിലെത്തിയപ്പോൾ ബൈകിൽ വരികയായിരുന്നവരെ കാണാത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ പൊലീസ് എടുത്തതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും അപകടം സംഭവിച്ച വിവരം അറിഞ്ഞത്.
അബ്ദുൽ കരീം - ജമീല ദമ്പതികളുടെ മകനാണ് മുഹമ്മദ് ജംശീർ. കോയമ്പതൂരിൽ എൻജിനീയറിങ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: മുഹമ്മദ് ജംശാദ്, മുഹമ്മദ് നിഹാൽ, നൗഫൽ , ജുമൈല. നാസർ - ജസീല ദമ്പതികളുടെ മകനാണ് മുഹമ്മദ് ശിബിൻ. കോട്ടക്കലിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്. സഹോദരങ്ങൾ: റുമൈസ്, അശ്ഫിൻ, ഫിദ. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

