വെളിയങ്കോട് ബൈക്കപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം
text_fieldsപൊന്നാനി: മലപ്പുറം പൊന്നാനി വെളിയങ്കോട് അങ്ങാടിയിൽ ദേശീയപാതയിലുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ദേശീയപാതയുടെ ഭാഗമായി നിർമിക്കുന്ന പാലത്തിന്‍റെ കൈവരിയിലെ കമ്പിയിലേക്ക് ബൈക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വെളിയങ്കോട് അങ്ങാടി കിഴക്കുഭാഗം കപ്പിച്ചാർ പള്ളിക്ക് സമീപം പള്ളിത്താഴത്ത് ആഷിക് (22), ആഷിക്കിന്റെ അമ്മാവന്റെ മകൻ പൊന്നാനി വളവ് സ്വദേശി മാട്ടേരിവളപ്പിൽ ഫാസിൽ (18) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം.
ആഷിക്കിന്‍റെ ജന്മദിനമായിരുന്നു ഇന്നലെ. രാത്രി സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന ഇരുവരും മഴപെയ്തതോടെ ബുള്ളറ്റ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അടിപ്പാതക്കായി നിർമിക്കുന്ന പാലത്തിന്‍റെ സ്ലാബിന്‍റെ കമ്പികളിലേക്ക് ബൈക്ക് ഇടിക്കുകയായിരുന്നു. ആഷിക്ക് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഫാസിലിനെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാട്ടേരിവളപ്പിൽ ഷരീഫിന്റെ മകനാണ് ഫാസിൽ. ഉമ്മ: ഷാഹിദ. ഫർഹാന, ഷിഫ്ന എന്നിവർ സഹോദരങ്ങളാണ്. പള്ളിത്താഴത്ത് ഷിഹാബിന്‍റെ മകനാണ് ആഷിക്. ഉമ്മ: ഹസീന. സഹോദരങ്ങൾ: ആദി, അനു.

