ടാങ്കര്‍ ലോറി കയറിയിറങ്ങി ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
text_fieldsവൈറ്റില: ടാങ്കര്‍ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. എറണാകുളം നെട്ടൂര്‍ ലേക് ഷോർ ആശുപത്രി അസിസ്റ്റന്‍റ് ആലപ്പുഴ അന്ധകാരനഴി വിയാത്ര കോളനിയില്‍ പുളിക്കല്‍ വീട്ടില്‍ വര്‍ഗീസിന്‍റെ മകന്‍ വിന്‍സണ്‍ വര്‍ഗീസ്(24), ലേക് ഷോറിലെ നഴ്‌സായ തൃശൂര്‍ വെറ്റിലപ്പാറ കെ.എം. ജോഷിയുടെ മകള്‍ ജീമോള്‍ കെ. ജോഷി(24) എന്നിവരാണ് മരിച്ചത്.
ഇരുവരും വൈറ്റില പാലത്തിനു സമീപത്തെ എ.ടി.എമ്മില്‍ നിന്നും പണമെടുത്ത് മടങ്ങുന്ന വഴിയായിരുന്നു അപകടം. സമീപത്തെ സര്‍വിസ് റോഡില്‍ നിന്നും ദേശീയപാതയിലേക്ക് കടക്കുന്ന വഴി പാലാരിവട്ടം ഭാഗത്തും നിന്നും വൈറ്റില മേല്‍പ്പാലം കയറിയിറങ്ങി വന്ന ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇരുവരും ലോറിക്കടിയിലേക്കാണ് തെറിച്ചുവീണത്. ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
ഉടനെ തന്നെ ലേക് ഷോർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ടാങ്കര്‍ ലോറി അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഐലന്‍റിലേക്ക് അമോണിയം കയറ്റുന്നതിനായി പോകുകയായിരുന്നു ലോറി. ഡ്രൈവര്‍ ഷഹ്‌സാദെ ഖാനെ (40) യാത്രക്കാര്‍ ചേർന്ന് തടഞ്ഞു വെച്ച് മരട് പൊലീസിനു കൈമാറി. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്ക് ഇയാള്‍ക്കെതിരേ കേസെടുത്തു.
വിന്‍സന്‍ വര്‍ഗീസിന്‍റെ ഭാര്യ: അസ്‌ന. മകന്‍: എറിക് വില്‍സന്‍. മാതാവ്: റോസിലി.
ജീമോള്‍ കെ. ജോഷിയുടെ മാതാവ്: ഷീജ. സഹോദരങ്ങള്‍: ജോമോള്‍ (നഴ്‌സിങ് വിദ്യാര്‍ഥിനി, ബാംഗ്ലൂര്‍), ജിയാമോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
