ആളില്ലാത്ത വീട്ടിൽ മോഷണത്തിനെത്തിയവർ ഷോക്കേറ്റ് മരിച്ചു
text_fieldsrepresentative image
നാഗർകോവിൽ: മുനിസിപ്പൽ കോർപ്പറേഷന് സമീപം ആൾ താമസമില്ലാത്ത വീട്ടുവളപ്പിൽ രണ്ട് പേരെ ചൊവ്വാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. വടശ്ശേരി പൊലീസ് നടത്തിയ പരിശോധനയിലാണ് ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവർ പാറക്കാമട സ്വദേശി ടോൺ ബോസ്കോ (19), കരിങ്കൽ തൊലയാവട്ടം സ്വദേശി ജോൺ ക്രിസ്റ്റഫർ (33) എന്നിവരാണെന്ന് അറിയാനായത്. ഇവർ മോഷണം, കൊലപാതകം ഉൾപ്പെടെയുള്ള കേസ്സുകളിലെ പ്രതികളാണെന്നും തിരിച്ചറിഞ്ഞു.
തിങ്കളാഴ്ച രണ്ട് പേരും ബൈക്കിൽ എത്തി പാഴടഞ്ഞ വീട്ടിന്‍റെ മതിൽ ചാടുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. സമീപത്തെ വൈദ്യുതപോസ്റ്റിലെ സ്റ്റേ കമ്പി പൊട്ടിയ നിലയിലായിരുന്നു. ഒരാളുടെ കാലിൽ ഷോക്കേറ്റതിന്‍റെ അടയാളമുണ്ട്. അടച്ചിട്ടിരുന്ന വീട്ടിൽ കയറി ഇലക്ട്രിക്ക് വയറുകൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലായിരിക്കാം ഷോക്കേറ്റത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
മ്യതദേഹങ്ങൾ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ടൗൺ ഡി.എസ്.പി നവിൻ കുമാർ സംഭവസ്ഥലം സന്ദർശിച്ചു. ഇൻസ്പെക്ടർ തിരുമുരുകന്‍റെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

