ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ റോഡിലേക്ക് തെറിച്ചുവീണു; തലയിലൂടെ ചക്രം കയറി ദാരുണാന്ത്യം
text_fieldsഏറ്റുമാനൂര്‍ (കോട്ടയം): പട്ടിത്താനത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡിലേയ്ക്ക് തെറിച്ച് വീണ ഓട്ടോറിക്ഷാ ഡ്രൈവറുടെ തലയിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയായിരുന്നു. കടപ്പൂര്‍ മുല്ലപ്പിലാക്കില്‍ നീലകണ്ഠന്‍ നായരുടെ മകന്‍ ദിലീപ് (43) ആണ് മരിച്ചത്.
എം.സി റോഡില്‍ ഏറ്റുമാനൂര്‍ പട്ടിത്താനം കവലയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെ ഒമ്പതിനായിരുന്നു അപകടം. കടപ്പൂര്‍ കരിമ്പിന്‍ കാല സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ദിലീപ് ഗ്യാസ് സിലണ്ടര്‍ എടുക്കാൻ തവളക്കുഴിയിലെ ഗ്യാസ് ഏജന്‍സിയിലേയ്ക്ക് വരികയായിരുന്നു.
ഇതിനിടെ കുറവിലങ്ങാട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ നാഷനൽ പെർമിറ്റ് ലോറി മറ്റൊരു ലോറിയെ മറികടക്കുന്നതിനിടെ ദിലീപിന്‍റെ ഓട്ടോറിക്ഷയില്‍ ഇടിച്ചു. ഇതിന്റെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ദിലീപിന്‍റെ തലയിലൂടെ ലോറിയുടെ മുന്‍ചക്രം കയറിയിറങ്ങി.
തല്‍ക്ഷണം മപണപ്പെട്ട ദിലീപിന്‍റെ മൃതദേഹം ഏറ്റുമാനൂര്‍ പൊലീസെത്തി ആംബുലല്‍സില്‍ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അപകടത്തെതുടര്‍ന്ന് ഏറ്റുമാനൂര്‍ കുറവിലങ്ങാട് റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
കുറവിലങ്ങാട്, ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനുകളില്‍നിന്നും പൊലീസെത്തി മൃതദേഹവും അപകടത്തില്‍ പെട്ട വാഹനങ്ങളും മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. കോട്ടയത്തുനിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം റോഡ് കഴുകി വൃത്തിയാക്കി. സംഭവത്തില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു. അപകടമുണ്ടാക്കിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.