പൊലീസ് ജീപ്പ് കാറിലിടിച്ചു; കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന വിദ്യാർഥിനിക്ക് ദാരുണാന്ത്യം
text_fieldsഅപകടത്തിൽ തകർന്ന കാർ, മരിച്ച അനൈന
മംഗലപുരം: ദേശീയപാതയിൽ കോരാണി കാരിക്കുഴിയിൽ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് കാറിലിടിച്ച് ലോ കോളേജ് വിദ്യാർഥിനി മരിച്ചു. കൊല്ലം സ്വദേശിനിയും ശ്രീകാര്യം ചെക്കാലമുക്ക് വികാസ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന സജീദ്-രാജി ദമ്പതികളുടെ മകളുമായ അനൈന (22) ആണ് മരിച്ചത്. തിരുവനന്തപുരം ലോ കോലേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.
രാവിലെ 11 .30 നാണ് അപകടം. കാറിൽ അനൈനയെ കൂടാതെ പിതാവ് സജീദ്, മാതാവ് രാജി, സഹോദരൻ അംജിദ് എന്നിവരുമുണ്ടായിരുന്നു. അംജിദ് ആണ് കാർ ഓടിച്ചിരുന്നത്. ബാംഗ്ലൂരിൽ ഐ.ടി മേഖലയിൽ ജോലി നോക്കുന്ന അംജിദിന്‍റെ പെണ്ണ് കാണൽ ചടങ്ങുമായി ബന്ധപ്പെട്ട് കൊല്ലത്തേക്ക് പോകുകയായിരുന്നു കുടുംബം.
അപകടത്തിൽ 4 പേർക്കും ഗുരുതരമായി പരിക്കേറ്റു. അനൈനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപെട്ട പൊലീസ് ജീപ്പിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്, അവരുടെ പരിക്കുകൾ ഗുരുതരമല്ല. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ചിറയിൻകീഴ് പൊലീസ് സ്‌റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപെട്ടത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന കുടുംബം യാത്ര ചെയ്തിരുന്ന കാറിൽ ജീപ്പ് ഇടിക്കുകയായിരുന്നു.
കാരിക്കുഴി ഭാഗത്ത് റോഡിന്‍റെ വശത്ത് ഇന്‍റർലോക്ക് പാകാനായി എടുത്ത കുഴിയിൽ വീണതിനെത്തുടർന്ന് നിയന്ത്രണം തെറ്റിയാണ് പൊലീസ് ജീപ്പ് കാറിലിടിച്ചുകയറിയത്. അപകടത്തെ തുടർന്ന് പരിക്കേറ്റ പൊലീസ് ജീപ്പിലെ ഡ്രൈവർ അഹമ്മദിനെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലും, ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ. ഷജീറിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

