ടോറസ് ലോറി കയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം
text_fieldsമരട്: ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. നെട്ടൂര്‍ പള്ളി സ്റ്റോപ്പില്‍ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. ഉദയത്തുംവാതിലില്‍ താമസിക്കുന്ന കോന്തുരുത്തി പാറത്തൊട്ടിയില്‍ വീട്ടില്‍ പരേതനായ പി.ഡി. ജോയിയുടെ മകന്‍ ജോമി ജോയി (35) ആണ് മരിച്ചത്.
കുണ്ടന്നൂര്‍ ഭാഗത്തു നിന്നും അരൂരിലേക്ക് പോകുന്നതിനിടെ പരുത്തിച്ചുവട് പാലം കയറുന്നതിനിടെ മുമ്പിൽ യാത്ര ചെയ്തിരുന്ന സൈക്കിള്‍ യാത്രികന്‍ പെട്ടെന്ന് സൈക്കിള്‍ വെട്ടിച്ചതാണ് അപകടകാരണം. പിറകെ വരികയായിരുന്ന ജോയിയുടെ ബൈക്ക് സൈക്കിള്‍ യാത്രികനെ ഇടിക്കാതിരിക്കാനായി പെട്ടെന്ന് ബ്രേക്കിട്ടതോടെ താഴെ വീഴുകയും ഈ സമയം പിറകെ വരികയായിരുന്ന ടോറസ് ലോറി ജോയിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പനങ്ങാട് പൊലീസ് സ്ഥലത്തെത്തി. ക്രൗണ്‍ പ്ലാസയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ആനി ജോമി (നഴ്‌സ്, മരട് പിഎസ് മിഷന്‍ ആശുപത്രി). മക്കള്‍: ജൊവാന്‍, ജോയ്‌സണ്‍. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കോന്തുരുത്തി സെന്‍റ് .ജോണ്‍സ് പള്ളിയില്‍.

