മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം
text_fieldsഅടിമാലി: മൂന്നാർ എല്ലപ്പെട്ടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കുമളി സ്‌പ്രിങ് വാലി കുറ്റിവയലിൽ ഷാജി കെ. ചുമ്മാറാണ് (52) മരിച്ചത്. സഹോദരൻ ബേബി (65), ബന്ധുക്കളായ ഡിറ്റോ (27), നിഖിൽ (28) എന്നിവർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച പുലർച്ച മൂന്നോടെയാണ് അപകടം. കുമളിയിൽനിന്ന് ടോപ് സ്റ്റേഷനിലെ ഹോസ്റ്റേയിലേക്ക് പോകുന്നതിനിടെ എല്ലപ്പെട്ടിയിൽവെച്ച് എതിരെ വന്ന വാഹനത്തിന് സൈഡ് നൽകവെ നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഷാജി സംഭവസ്ഥലത്ത് മരിച്ചു. ഡിറ്റോയും നിഖിലും കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഷാജിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് സ്പ്രിങ്വാലി നസ്രാണിപുരം സെന്‍റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മുണ്ടക്കയം 35ാം മൈൽ കോയിക്കൽ വീട്ടിൽ ബിന്ദു (വാട്ടർമെലൻ ബ്യൂട്ടി പാർലർ, കുമളി, കട്ടപ്പന). മക്കൾ: ഡെല്ല, ഡെന്നു, ഡെറോൺ.

