അമിതവേഗത്തിൽ വന്ന ലോറി 16 വാഹനങ്ങളിലിടിച്ച് നാലുപേർ മരിച്ചു
text_fieldsസേലം: ബംഗളൂരു -സേലം റോഡിൽ അതിർത്തിയോട് ചേർന്ന് ധർമ്മപുരി തോപ്പൂർ ഘട്ടിൽ അമിതവേഗതയിൽ വന്ന കണ്ടെയ്നർ ലോറി 16 വാഹനങ്ങളിൽ ഇടിച്ച് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടം. സംഭവ സ്ഥലത്ത് മറ്റൊരു ട്രക്ക് ബ്രേക്ഡൗണായതിനാൽ ട്രാഫിക് ജാം രൂപപ്പെട്ടിരുന്നു. പൊലീസും എൻ.എച്ച് അധികൃതരും ചേർന്ന് ഇത് നീക്കുന്നതിനിടെയാണ് ആന്ധ്രയിൽ നിന്ന് സിമൻറ് കയറ്റി അമിത വേഗതയിൽ വന്ന ലോറി നിയന്ത്രണം വിട്ട് മറ്റുവാഹനങ്ങളിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ 12 കാറുകൾ, രണ്ട് മിനി ട്രക്കുകൾ, രണ്ട് മോട്ടോർ സൈക്കിളുകൾ എന്നിവ തകർന്നു.
ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷിയായ തോപ്പൂർ ടോൾ പ്ലാസ മാനേജർ നരേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുന്നിറക്കമുള്ള ഇവിടെ ഇന്ധനം ലാഭിക്കാൻ വാഹനങ്ങൾ ന്യൂട്രലിൽ ഒാടിക്കുന്നത് പതിവാണ്. അപകടംവരുത്തിയ ലോറിയും ഇത്തരത്തിൽ വന്നതാണെന്ന് കരുതുന്നു. തുടർന്ന്, ബ്രേക്ക് കിട്ടാതെ നിയന്ത്രണം നഷ്ടമായതാണ് ദുരന്തത്തിലേക്ക് വഴി നയിച്ചത് -അദ്ദേഹം കൂട്ടിച്ചേർത്തു.
ധർമപുരി ജില്ല കലക്ടർ എസ്.പി കാർത്തികയും പൊലീസ് സൂപ്രണ്ട് സി പ്രവേഷ്കുമാറും അപകട സ്ഥലം സന്ദർശിച്ചു. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റതായും മറ്റ് പത്ത് പേർക്ക് നിസാര പരിക്കേറ്റതായും കളക്ടർ കാർത്തിക അറിയിച്ചു. പരിക്കേറ്റവർ സർക്കാർ മോഹൻ കുമാരമംഗലം മെഡിക്കൽ കോളജ്, ധർമ്മപുരി മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

