ദേവർഷോലയിൽ കടുവയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളി മരിച്ചു
text_fieldsഗൂഡല്ലൂർ: കടുവയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ തൊഴിലാളി മരിച്ചു. ദേവർഷോല ഗ്രൂപ്പിലെ ദേവൻ എസ്റ്റേറ്റ് നമ്പർ ഒന്നാം ഡിവിഷനിലെ തൊഴിലാളി ചന്ദ്രൻ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെയാണ് ഇയാളെ കന്നുകാലികളെ മേയ്ക്കുന്ന സ്ഥലത്തുവെച്ച് കടുവ ആക്രമിച്ചത്.
സമീപത്ത് റോന്ത് ചുറ്റുകയായിരുന്ന വനപാലകരുടെ വാഹനത്തിന്‍റെ ശബ്ദം കേട്ടതോടെ കടുവ ഓടിമറയുകയായിരുന്നു. വനപാലകരും മറ്റ് തൊഴിലാളികളുമെത്തി ഉടനെ ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ചികിത്സ നൽകി. കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം.
ചന്ദ്രന്‍റെ മരണത്തിൽ പ്രതിഷേധിച്ച് തോട്ടം തൊഴിലാളികൾ അടക്കമുള്ളവർ ദേവർഷോല ടൗണിൽ റോഡ് ഉപരോധം നടത്തി. ഇത് മൂന്നാമത്തെയാളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. മസിനഗുഡിയിൽ ഒരു ആദിവാസി സ്ത്രീയും മുതുമലയിൽ കുഞ്ഞികൃഷ്ണൻ എന്ന ക്ഷീര കർഷകനും കൊല്ലപ്പെട്ടത് അടുത്തയിടെയാണ്.
കടുവയെ പിടികൂടാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന പരാതി ശക്തമാണ്. നരഭോജി കടുവയാണെന്ന് വനപാലകർ ഉറപ്പുവരുത്തിയിട്ടുണ്ട്. കടുവയെ പിടികൂടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

