Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറുമണിക്കൂർ വൈദ്യുതി മുടങ്ങി; ഓക്സിജൻ കോൺസൻട്രേറ്ററിന്റെ പ്രവർത്തനം നിലച്ച് വയോധികക്ക് ദാരുണാന്ത്യം

text_fields
bookmark_border
https://www.madhyamam.com/tags/electricity-shortage
cancel

കാഞ്ഞങ്ങാട്: വൈദ്യുതി വിതരണം നിലച്ച് ഗാന്ധി ജയന്തി ദിനത്തിൽ വയോധികക്ക് ദാരുണാന്ത്യം. ആറുമണിക്കൂർ നേരം കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി വിതരണം ഓഫാക്കിയതിനെ തുടർന്ന് ഓക്സിജൻ കോൺസൻട്രേറ്ററിന്റെ പ്രവർത്തനം നിലച്ച്, കാഞ്ഞങ്ങാട് അതിഞ്ഞാൽ കെ.കെ. പുരയിൽ ബീരാൻകാടത്ത് ഖാദറിന്റെ ഭാര്യ മറിയമാണ് (75) മരിച്ചത്. ഉച്ചക്ക് 2.30ഓടെ നിലച്ച വൈദ്യുതി അതിഞ്ഞാൽ പ്രദേശത്ത് പുനഃസ്ഥാപിച്ചത് രാത്രി 8.30ഓടെയെന്ന് നാട്ടുകാർ പറഞ്ഞു.

ഉച്ചക്ക് വൈദ്യുതി പോയതോടെ ഇൻവെർട്ടർ സഹായത്തോടെ ഓക്സിജൻ യന്ത്രം പ്രവർത്തിപ്പിച്ചു. രാത്രിയോടെ ഇൻവെർട്ടറിന്റെ ചാർജ് തീർന്നതോടെ ഓക്സിജൻ യന്ത്രത്തിന്റെ പ്രവർത്തനവും നിലച്ചു. ഇതോടെ വയോധിക മരണത്തിന് കീഴടങ്ങുകയായിരുന്നു. കഫക്കെട്ട് സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മറിയത്തിനെ രണ്ടുദിവസം മുമ്പാണ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് കൊണ്ടുവന്നത്.

ഇതിനുശേഷം ഓക്സിജൻ കോൺസൻട്രേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞത്. മുന്നറിയിപ്പ് നൽകാതെയാണ് കെ.എസ്.ഇ.ബി ആറു മണിക്കൂർ സമയം വൈദ്യുതി വിതരണം മുടക്കിയതെന്ന് വാർഡ് മെംബർ ഖാലിദ് അറബിക്കാടത്ത് പറഞ്ഞു. പലതവണ ചിത്താരി വൈദ്യുതി സെക്ഷൻ ഓഫിസിലേക്ക് വിളിച്ചെങ്കിലും വൈദ്യുതി പുനഃസ്ഥാപിച്ചത് രാത്രിയാണ്. വൈദ്യുതി നിലച്ചതോടെ ഈ ഭാഗത്തെ പല വ്യാപാരികളും കടകൾ നേരത്തെ പൂട്ടി. മക്കൾ: ശരീഫ, സുബൈദ, സാജിത. മരുമക്കൾ: കുഞ്ഞാമത് തെക്കേപ്പുറം, അമീർ ചെറുവത്തൂർ, മൊയ്തു ബേക്കൽ.

അപ്രഖ്യാപിത വൈദ്യുതി മുടക്കം കേരളത്തിലുടനീളം പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. തൃശൂർ ജില്ലയിൽ വൈദ്യുതി തടസ്സം നീണ്ടതിനെ തുടർന്ന് എരുമപ്പെട്ടിയിലെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെ.എസ്.ഇ.ബി) കുണ്ടന്നൂർ ഡിവിഷൻ ഓഫിസിലേക്ക് അർധരാത്രി ജനങ്ങൾ മാർച്ച് നടത്തിയിരുന്നു. പുലർച്ചെ വരെ പ്രതിഷേധം തുടർന്നു. ഇതിന് പരിഹാരം ആവശ്യപ്പെട്ട് നിരവധി പേർ ഓഫിസ് പരിസരത്തും പുറത്തും കിടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story