പൂനൂർ പുഴയിൽ ഒഴുക്കിൽപെട്ട വയോധികൻ മരിച്ചു
text_fieldsഅബ്ദുൽകരീം
കൊടുവള്ളി: പൂനൂർ പുഴയിൽ ഒഴുക്കിൽപെട്ട അംഗപരിമിതിയുള്ള വയോധികൻ മരിച്ചു. ചമൽ കൊട്ടാരപ്പറമ്പിൽ തുണ്ടിയിൽ അബ്ദുൽകരീമാണ് (76) മരിച്ചത്. ഞായറാഴ്ച കാൽനടക്കാരായ രണ്ടുപേരാണ് എരഞ്ഞോണക്കടവിന് താഴെ മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ടത്. ഇവർ വിവരം അറിയിച്ചതനുസരിച്ചെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് രണ്ടുമണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിൽ കുയ്യിൽ കണ്ടത്തിൽകടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോളിക്കൽ കയ്യൊടിയംപാറയിൽ പൂനൂർ പുഴക്ക് നൂറുമീറ്റർ അകലെ അബ്ദുൽകരീമിന്റെ സ്കൂട്ടർ നിർത്തിയിട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു.
ശനിയാഴ്ച വൈകീട്ട് ആറോടെയാണ് അബ്ദുൽകരീം വീട്ടിൽനിന്ന് മുച്ചക്ര സ്കൂട്ടറിൽ പുറത്തുപോയത്. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച രാവിലെയോ അബദ്ധത്തിൽ പുഴയിൽ വീണ് ഒഴുക്കിൽപെട്ടിരിക്കാമെന്നാണ് സംശയിക്കുന്നത്.
കൊടുവള്ളി സി.ഐ പി. ചന്ദ്രമോഹന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. നഫീസയാണ് ഭാര്യ. മക്കൾ: സുഹൈൽ, ഷിഫാനത്ത്. മരുമക്കൾ: ഷാഹിന, നിസാർ. പൊലീസ് അന്വേഷണം ആരംഭിച്ചു.