കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മേധാവി ഡോ. പി.ആർ. കൃഷ്ണകുമാർ അന്തരിച്ചു
text_fieldsകോയമ്പത്തൂർ: ആര്യവൈദ്യ ഫാർമസി (കോയമ്പത്തൂർ) ലിമിറ്റഡ് മാനേജിങ് ഡയറക്ടറും ആയുർവേദ ചികിത്സകനുമായ ഡോ. പി.ആർ. കൃഷ്ണകുമാർ (68) അന്തരിച്ചു. ഷൊർണൂർ സ്വദേശിയാണ്. ബുധനാഴ്ച രാത്രി 8.45ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കഴിഞ്ഞദിവസം ശ്വാസതടസ്സത്തെ തുടർന്ന് വീണ്ടും പീളമേട് കോവൈ മെഡിക്കൽ സെൻറർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ചികിത്സക്കിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
കോയമ്പത്തൂർ നഗരത്തിലെ രാമനാഥപുരത്ത് ആയുർവേദിക് ട്രസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച ഇദ്ദേഹത്തെ 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സർക്കാർ- സർക്കാറിതര സ്ഥാപനങ്ങളുടെ ഉപദേശക സമിതികളിൽ അംഗമായ ഡോ. കൃഷ്ണകുമാർ ആയുർവേദത്തിന് ലോകാരോഗ്യ സംഘടനയുടെ സവിശേഷ ശ്രദ്ധ ലഭ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
കോൺഫെഡറേഷൻ േഫാർ ആയുർവേദിക് റെണൈസൻസ് കേരളം പ്രൈവറ്റ് ലിമിറ്റഡ് (കെയർ കേരളം) ചെയർമാനായ ഇദ്ദേഹം അവിനാശിലിംഗം ഇൻസ്റ്റിറ്റ്യൂട്ട് േഫാർ ഹോം സയൻസ് ആൻഡ് ഹയർ എജുക്കേഷൻ ഫോർ വുമൻ ചാൻസലർ കൂടിയാണ്. 2011ൽ കൂവേമ്പ് യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് ബിരുദം നൽകി. ഗ്ലോറിയസ് ക്യാപ്റ്റൻ ഒാഫ് ഇൻഡസ്ട്രി, പതാജ്ഞലി ആയുർവേദ് ഗൗരവ് സമ്മാൻ, കുലപതി മുൻഷി അവാർഡ്, ദി െഎക്കോണിക് അംബാസിഡർ ഒാഫ് കോയമ്പത്തൂർ, വൈദ്യു സുന്ദർലാൽ ജോഷി സ്മൃതി പ്രഭാധന പുരസ്കാര, ആയുഷ് മന്ത്രാലയത്തിെൻറ ധന്വന്തരി ആയുർവേദ പുരസ്കാർ തുടങ്ങിയ ബഹുമതികൾ നേടിയിട്ടുണ്ട്. ഗുരുകുല മാതൃകയിൽ രാജ്യത്തെ ആദ്യ ആയുർവേദ കോളജ് സ്ഥാപിച്ചതും ഇദ്ദേഹമാണ്.
അവിവാഹിതനായ കൃഷ്ണകുമാർ കോയമ്പത്തൂർ രാമനാഥപുരത്തെ 'രാജമന്ദിര'ത്തിലായിരുന്നു താമസം. കസ്തൂരി, ഗീത, രാജൻ, ദുർഗ, അംബിക, പരേതയായ തങ്കം എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

