ചെറായിൽ ദമ്പതികൾ സഞ്ചരിച്ച കാർ കായലിൽ വീണു; ഭാര്യ മരിച്ചു
text_fieldsചെറായി: രക്തേശ്വരി ബീച്ച് റോഡിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ കായലിൽ വീണ് യുവതി മരിച്ചു. ആലങ്ങാട് കോട്ടപ്പുറം തേക്കും പറമ്പിൽ അബ്ദുല്‍ സലാമിന്റെ ഭാര്യ സബീന (35) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം.
എറണാകുളത്തു നിന്നും ചെറായി ബീച്ചിലേക്ക് സഞ്ചരിച്ച ഇവരുടെ കാറിനു കുറുകെ തെരുവ് നായ ചാടിയതോടെ നിയന്ത്രണം വിട്ട് കായലിലേക്ക് മറിയുകയായിരുന്നു. കാറിന്റെ ചില്ലു പൊട്ടിച്ചു ഇരുവരും പുറത്തേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും വൃശ്ചിക വേലിയേറ്റത്തിൽ ഒഴുക്കും വെള്ളകൂടുതലും കാരണം രക്ഷപെടാനായില്ല.
പിന്നീട് നാട്ടുകാരാണ് ഇരുവരെയും കുഴുപ്പിള്ളി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും സബീന മരിച്ചിരുന്നു. ഭർത്താവ് അപകടനില തരണം ചെയ്തു. മുനമ്പം എസ്.ഐ റഷീദിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പറവൂർ താലൂക്ക് ആശുപ്പത്രിയിലേക്ക് മാറ്റി.
ഖബറടക്കം ആലങ്ങാട് ജുമാ മസ്ജിദിൽ നടക്കും. കുന്നുകര ആശാരി പറമ്പിൽ കുടുംബാംഗമാണ് സബീന. മക്കൾ : അമീന, മുഹമ്മദ് ആസിഫ്, മുഹമ്മദ് മാർവാൻ.

