റീൽ ചിത്രീകരണത്തിനിടെ 15കാരന് ദാരുണാന്ത്യം; മരിച്ചത് ബി.ജെ.പി നേതാവിന്റെ മകൻ
text_fieldsബംഗളൂരു: ഹുബ്ബള്ളിയിൽ അതിവേഗ ബൈക്ക്, ആഡംബര കാർ സ്റ്റണ്ടുകൾ ഉൾപ്പെടുന്ന റീൽസ് ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ 15കാരന് ദാരുണാന്ത്യം. ബി.ജെ.പി നേതാവ് വീരഭദ്രപ്പ സങ്കലാദിന്റെ മകൻ നമിഷ് സങ്കലാദാണ് മരിച്ചത്.
ഓഡി കാറിനൊപ്പം നമിഷ് ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്. മൈസൂരുവിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന നമിഷ്, ഉഗാദി അവധിക്കാലം ആഘോഷിക്കാൻ ഹുബ്ബള്ളിയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു. അതിവേഗ ബൈക്കും ഔഡി കാറും ഉപയോഗിച്ച് സ്റ്റണ്ട് ദൃശ്യങ്ങൾ ചിത്രീകരിക്കുക എന്നതായിരുന്നു പദ്ധതി. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത് മറ്റൊരു 15 വയസ്സുള്ള ആൺകുട്ടിയായിരുന്നു.
റീൽസ് ചിത്രീകരിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ നമീഷ് ഓടിച്ചിരുന്ന ബൈക്കിൽ ഇടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ നമീഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. തന്റെ മകന്റെ മരണത്തിന് കാർ ഓടിച്ചിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടി ഉത്തരവാദിയാണെന്ന് ആരോപിച്ച് വീരഭദ്രപ്പ പൊലീസിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105 പ്രകാരം ഹുബ്ബള്ളി പൊലീസ് പ്രായപൂർത്തിയാകാത്തയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
സംഭവം സംബന്ധിച്ച് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ പറയുന്നതിങ്ങനെ: 'ആക്ഷൻ ബ്രേക്ക്' റീൽ ഷൂട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. രണ്ട് വാഹനങ്ങൾ അമിത വേഗതയിൽ പരസ്പരം വന്ന് പെട്ടെന്ന് ബ്രേക്ക് ഇട്ടു. എന്നാൽ കാർ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കിൽ ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. 2013 ൽ നോയിഡയിൽ രജിസ്റ്റർ ചെയ്ത ഓഡി ക്യൂ 7 കാറാണ് അപകടത്തിൽപ്പെട്ടത്. ഇത് പിന്നീട് ഹുബ്ബള്ളിയിലെ ഒരാൾ വാങ്ങിയിരുന്നു’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

