വെമ്പായത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
text_fieldsതിരുവനന്തപുരം: വെമ്പായത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. വെഞ്ഞാറമൂട് സ്വദേശി രാഹുലും (23) ഇടിക്കുംതല സ്വദേശി അഭിഷേകുമാണ് (22) മരിച്ചത്. കന്യാകുളങ്ങര പെട്രോൾ പമ്പിന് സമീപം രാത്രി 10 മണിയോടെയായിരുന്നു അപകടം.
വെഞ്ഞാറമൂട് സ്വദേശികളായ രണ്ടുപേർ സഞ്ചരിച്ച ബൈക്കും കന്യാകുളങ്ങര ഇടുക്കുംതല സ്വദേശി സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ മൂന്നുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് രാഹുലും അഭിഷേകും മരിച്ചത്.
ബൈക്കുകൾ അമിതവേഗതയിലായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. കൂട്ടിയിടിച്ച ശേഷം നിയന്ത്രണം വിട്ട് ബൈക്കുകൾ അതുവഴി കടന്നുപോകുകയായിരുന്ന ജീപ്പിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്കിലേക്ക് തീ പടർന്നു പിടിക്കുകയും ചെയ്തു. പെട്രോൾ പമ്പിൽ നിന്നും ഫയർ എക്സ്റ്റിഗ്വിഷർ ഉപയോഗിച്ചാണ് നാട്ടുകാർ തീയണച്ചത്.
അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കാൻ ആരും കരുണ കാണിച്ചില്ലെന്ന് ആക്ഷേപമുയർന്നു. പൊലീസ് ജീപ്പിലും ആംബുലൻസിലും ആയിട്ടാണ് യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്.

