ബൈക്കുകളുടെ മത്സരയോട്ടം: പൊലിഞ്ഞത് രണ്ടു യുവാക്കളുടെ ജീവൻ
text_fieldsമുഹമ്മദ് ഫിറോസ്, ശരത്
വിഴിഞ്ഞം: കോവളം കാരോട് ബൈപാസിൽ മത്സരയോട്ടത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. വട്ടിയൂർക്കാവ് നെട്ടയം ഫാത്തിമ മൻസിലിൽ സൂര്യ നഗറിൽ ഹബീബിന്റെയും ഷറഫുന്നിസയുടെയും മകൻ എച്ച്. മുഹമ്മദ് ഫിറോസ് (22), ചൊവ്വര വണ്ടാഴ നിന്ന വീട്ടിൽ ഷാജിയുടെയും രമണിയുടെയും മകൻ എസ്. ശരത് (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മുക്കോല തലയ്ക്കോടാണ് അപകടം.
വൈകീട്ട് മൂന്നോടെ അഞ്ചു ബൈക്കുകളിലെത്തിയ സംഘം ഇരുവശത്തുനിന്നുമായി മത്സര ഓട്ടം നടത്തവെയാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. എതിർദിശകകളിൽനിന്ന് അമിതവേഗത്തിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്കുകൾ ഓടിച്ചിരുന്നവർ തെറിച്ചുവീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കുകളുടെ മുൻവശം ഒടിഞ്ഞു തൂങ്ങി. റോഡിന് മുകൾ ഭാഗത്തുനിന്ന് സംഭവം കണ്ടവരാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ് ഗുരുതര പരിക്കേറ്റ് കിടന്ന യുവാക്കളെ 108 ആംബുലൻസിൽ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചെന്ന് ഡോക്ടർ അറിയിച്ചു.
മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വിഴിഞ്ഞം അഗ്നിരക്ഷാസേന റോഡിൽ കെട്ടിക്കിടന്ന രക്തം കഴുകിക്കളഞ്ഞു. വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഫാത്തിമ, താരിഫ് എന്നിവർ മുഹമ്മദ് ഫിറോസിന്റെയും സന്തോഷ്, ശാലിനി എന്നിവർ ശരത്തിന്റെയും സഹോദരങ്ങളാണ്.

