പിതാവിന്റെ ജീവനെടുത്തത് കണ്ണിൽനിന്ന് മായുംമുമ്പേ മകനെയും വാഹനം ഇടിച്ചുതെറിപ്പിച്ചു
text_fieldsഎം.സി റോഡിൽ പുതുശ്ശേരിഭാഗം ജങ്ഷന് സമീപം കാൽനടക്കാരനെ ഇടിച്ചുതെറിപ്പിച്ച വാഹനം
അടൂർ: എം.സി റോഡിൽ പുതുശ്ശേരിഭാഗം ജങ്ഷന് സമീപം ഞായറാഴ്ച രാവിലെ തമിഴ്നാട്ടുകാരായ ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ചുതെറിപ്പിച്ച പുതുശ്ശേരിഭാഗം മണപ്പുറത്ത് അലക്സ് വില്ലയിൽ എബിൻ അലക്സിന് (25) ഇത് ഇരട്ട ദുരന്തം. രണ്ടാഴ്ച മുമ്പ് വാഹനാപകടത്തിൽ പിതാവിന്റെ ജീവനെടുത്തതിന്റെ ഞെട്ടലിൽനിന്ന് മാറും മുമ്പാണ് എബിനെയും മറ്റൊരു വാഹനാപകടം ദുഃഖത്തിലാഴ്ത്തിയത്. കഴിഞ്ഞ 13ന് രാവിലെ സ്കൂട്ടറിൽ റോഡു മുറിച്ചുകടക്കുമ്പോൾ വീടിന് സമീപം കാറിടിച്ചാണ് പിതാവ് അലക്സ് പി. ഉമ്മൻ മരിച്ചത്. അന്ന് മാതാവിനും ഗുരുതര പരിക്കേറ്റിരുന്നു.
രാവിലെ 7.30ന് പ്രാർഥനക്കായി പള്ളിയിലേക്ക് നടന്നുപോകുമ്പോഴാണ് മഹർഷിക്കാവ് ക്ഷേത്രത്തിനു സമീപം എബിനെ വാഹനം ഇടിച്ചുതെറിപ്പിച്ചത്. സാരമായി പരിക്കേറ്റ എബിൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നടപ്പാതയും കഴിഞ്ഞ് ഓട ഭാഗത്തുകൂടി നടക്കുമ്പോഴാണ് വാഹനം ഇടിച്ചുതെറിപ്പിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. നിർത്താതെ പോകാൻ ശ്രമിച്ച വാഹനം കണ്ടുനിന്നവർ ബഹളംവെച്ച് പിടികൂടി. പരിക്കേറ്റ എബിനെ അതേ വാഹനത്തിൽ അടൂർ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

