കർണാടകയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ മരിച്ചത് 14 പേർ
text_fieldsയെല്ലാപൂരിൽ 10 പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടം. അപകടത്തെ തുടർന്ന് ലോറിയിലെ പഴങ്ങൾ റോഡിൽ ചിതറിക്കിടക്കുന്നതു കാണാം
ബംഗളൂരു: കർണാടകയിൽ ബുധനാഴ്ച രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 14 പേർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയിലും റായ്ച്ചൂർ ജില്ലയിലെ സിന്ധനൂരിലുമാണ് അപകടം. യെല്ലാപുരയിലെ അപകടത്തിൽ 10ഉം സിന്ധനൂരിലെ അപകടത്തിൽ മൂന്നു വിദ്യാർഥികളടക്കം നാലുപേരും മരിച്ചു.
യെല്ലാപുര അറബെയിൽ ചുരത്തിനടുത്ത് ബുധനാഴ്ച പുലർച്ച 5.30ഓടെ പഴവർഗങ്ങളുടെ ചരക്കും 29 വ്യാപാരികളുമായി പോവുകയായിരുന്ന ലോറി 50 മീറ്റർ താഴ്ചയിൽ മറിഞ്ഞാണ് 10 പേർ മരിച്ചത്. ഹാവേരി ജില്ലയിലെ സാവനൂരിൽനിന്ന് കുംതയിലെ ആഴ്ച ചന്തയിലേക്ക് വരുകയായിരുന്നു ലോറി. മരിച്ചവരിൽ ഒമ്പതുപേരെ തിരിച്ചറിഞ്ഞു. ഹാവേരി സാവനൂർ സ്വദേശികളായ ഫയാസ് ഇമാം സാബ് (40), വസിംമുല്ല മുഡ്ഗേരി (25), ഇജാസ് മുഷ്താഖ് മുല്ല (20), സാദിഖ് ബാഷ പരസ് (30), ഗുലാംഹുസൈൻ ഖുദ്ദുസാബ് ജവാലി (40), ഇംതിയാസ് അഹമ്മദ് ജാഫർ (45), അൽഫാസ് ജാഫർ മന്ദാകി (25), ജലാനി അബ്ദുൽ ഗഫാർ സകാത്തി (20), അസ്ലം ബാബു ബെന്നെ (24) എന്നിവരാണ് മരിച്ചത്. പഴങ്ങളടങ്ങിയ പെട്ടികൾക്കൊപ്പം വ്യാപാരികളും ലോറിയിൽ സഞ്ചരിച്ചിരുന്നു. മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ലോറി റോഡരികിലെ താഴ്ചയിലേക്ക് വീഴുകയായിരുന്നെന്ന് ഉത്തര കന്നഡ എസ്.പി എം. നാരായണ അറിയിച്ചു. വനമേഖലയിലാണ് അപകടം. റോഡിന് ബാരിക്കേഡുണ്ടായിരുന്നില്ലെന്ന് എസ്.പി പറഞ്ഞു. എട്ടുപേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിലും മരിച്ചു. പരിക്കേറ്റ 15 പേരെ ഹുബ്ബള്ളിയിലെ കെ.എം.സി-ആർ.ഐയിലേക്ക് മാറ്റി. ഇവർ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
റായ്ച്ചൂരിൽ അപകടത്തിൽപെട്ട വാൻ
അപകടങ്ങളിൽ 14 പേർ മരിച്ചതായ വാർത്ത അതീവ ദുഃഖമുണ്ടാക്കുന്നതാണെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉചിതമായ സഹായം നൽകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. യെല്ലാപുര അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവരും അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അനുവദിച്ചതായും പ്രധാനമന്ത്രി എക്സിൽ അറിയിച്ചു.
റായ്ച്ചൂരിൽ വിദ്യാർഥികളുമായി സഞ്ചരിച്ച ക്രൂയിസർ വാൻ ടയർ പൊട്ടിത്തെറിച്ചതിനെതുടർന്ന് നിയന്ത്രണംവിട്ട് മറിഞ്ഞാണ് നാലുപേർ മരിച്ചത്. മരിച്ചവരിൽ മൂന്നുപേർ വിദ്യാർഥികളാണ്. വിദ്യാർഥികളായ ആര്യനന്ദൻ (18), സുചീന്ദ്ര (22), അഭിലാഷ് (24), ഡ്രൈവർ ശിവ (24) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒമ്പതുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റായ്ച്ചൂർ സിന്ധനൂരിൽ ബുധനാഴ്ച പുലർച്ചെയാണ് അപകടം. മന്ത്രാലയ സംസ്കൃത പാഠശാലയിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. ഹംപിയിലെ നരാഹരി ക്ഷേത്രത്തിലേക്ക് സന്ദർശനത്തിനായി പോകവെയാണ് അപകടം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സിന്ധനൂർ ട്രാഫിക് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

