ദേശീയപാതയിൽ വാഹനാപകടം: ഒന്നരവയസ്സുകാരി മരിച്ചു
text_fieldsകായംകുളം: ദേശീയപാതയിൽ രാമപുരത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് കയറി ഒന്നരവയസ്സുകാരി മരിച്ചു.
അഞ്ചുപേർക്ക് പരിക്കേറ്റു. ഏഴ് മാസം പ്രായമുള്ള കുഞ്ഞ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തമിഴ്നാട് തിരുച്ചിറപ്പള്ളി ചിറയ്ക്കൽ വീട്ടിൽ ഡെന്നി വർഗീസിെൻറ മകൾ സൈറയാണ് (ഒന്നരവയസ്സ്) മരിച്ചത്.
ഡെന്നി വർഗീസിെൻറ ഭാര്യ മിന്ന (28), ഏഴുമാസം പ്രായമുള്ള മകൾ ഇസ, മിന്നയുടെ മാതാവ് ആനി (55), സഹോദരൻ തോന്നയ്ക്കൽ ആട്ടോക്കാരൻ വീട്ടിൽ മിഥുൻ (30), ഇദ്ദേഹത്തിെൻറ ഭാര്യ ലക്ഷ്മി (23) എന്നിവർക്കാണ് പരിക്കേറ്റത്.
രാമപുരം ഹൈസ്കൂൾ ജങ്ഷന് സമീപം തിങ്കളാഴ്ച പുലർച്ച രണ്ടരയോടെയായിരുന്നു അപകടം. തൃശൂർ സ്വദേശികളായ കുടുംബം ഇപ്പോൾ താമസിക്കുന്ന തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു. റോഡരികിൽ നിർത്തിയിട്ട പാചകവാതകം കയറ്റിവന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറിയ കാർ പൂർണമായും തകർന്നു.
വീതികുറഞ്ഞ ഭാഗത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ പാർക്കിങ് ലൈറ്റ് തെളിഞ്ഞിരുന്നില്ലെന്ന് കാർ ഒാടിച്ച മിഥുൻ പൊലീസിന് മൊഴി നൽകി.
ഇൗഭാഗത്ത് അപകടം പതിവാണെന്ന് പരിസരവാസികളും പറയുന്നു. മിന്നയും മകൾ സൈറയും മുൻവശത്താണ് ഇരുന്നത്. പരിക്കേറ്റവരെ ആദ്യം വണ്ടാനം മെഡിക്കൽ കോളജിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.

