നിർമാണത്തിലിരുന്ന വീടിന്റെ ഷേഡ് തകർന്ന് നിർമാണത്തൊഴിലാളി മരിച്ചു
text_fieldsഹരിപ്പാട്: തട്ട് പൊളിക്കുന്നതിനിടെവീടിന്റെ ഷേഡ് തകർന്ന് നിർമാണ തൊഴിലാളി മരിച്ചു. കരുനാഗപ്പള്ളി വടക്കുംതല കിഴക്ക് ശാസ്താംതറ കോളനിയിൽ ഹൈദ്രോസ്കുഞ്ഞിന്റെ മകൻ അൻസാറാണ് (38) മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11ഓടെ പള്ളിപ്പാട് കോട്ടയ്ക്കകം കടാമ്പള്ളിൽ പ്രസന്നൻ നായരുടെ വീട്ടിലായിരുന്നു അപകടം. വീടിന്റെ രണ്ടാംനിലയുടെ പണികൾ നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ ദിവസം കോൺക്രീറ്റ് കഴിഞ്ഞ തട്ട് പൊളിക്കുന്നതിനിടെ ഷേഡ് തകർന്ന് താഴേക്ക് മടങ്ങി. സ്ലാബിനും ഭിത്തിക്കുമിടയിൽ അൻസാറിന്റെ തല കുടുങ്ങി. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.
അസി.സ്റ്റേഷൻ ഓഫിസർ പിജി ദിലീപ് കുമാർ, സീനിയർ ഓഫിസർ ജയ്സൺ ബി. ജോൺ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഹരിപ്പാട് അഗ്നിരക്ഷാസേന യൂനിറ്റും നാട്ടുകാരും ചേർന്ന് ഏറെനേരം പരിശ്രമിച്ചാണ് അൻസാറിനെ സ്ലാബിനും ഭിത്തിക്കും ഇടയിൽനിന്ന് പുറത്തെടുത്തത്. മൃതദേഹം ഹരിപ്പാട് ഗവ. ആശുപത്രി മോർച്ചറിയിൽ. മാതാവ്: ബീവിക്കുഞ്ഞു.
കരുനാഗപ്പള്ളി സ്വദേശികളായ അൻസാറും ഭാര്യ അബീനയും മക്കളായ അൻസിൽ (13), അസ്ലം (10) എന്നിവരും വർഷങ്ങളായി കോട്ടയ്ക്കകം ഭാഗത്ത് വാടകക്ക് താമസിച്ചുവരുകയാണ്. ഹരിപ്പാട് പൊലീസ് നടപടി സ്വീകരിച്ചു.

