ദുബൈ: കനത്ത മൂടൽമഞ്ഞ് റോഡിലെ ദൂരക്കാഴ്ച മറച്ചതോടെ അബൂദബിയിൽ 19 വാഹനങ്ങൾ നിരനിരയായി കൂട്ടിയിടിച്ച് അപകടത്തിൽപെട്ടു. അപകടത്തിൽ ഒരാൾ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ മഫ്റാഖിലേക്ക് പോകുന്ന പാതയിലെ മഖാദറ പ്രദേശത്താണ് അപകടം.
കനത്ത മൂടൽ മഞ്ഞ് റോഡിലെ ദൃശ്യപരത കുറച്ചതോടെ മറ്റ് വാഹനങ്ങളിൽനിന്ന് സുരക്ഷിതമായ ദൂരം നിലനിർത്തുന്നതിൽ പരാജയപ്പെട്ടതും റോഡിെൻറ അവസ്ഥയെക്കുറിച്ചുള്ള ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഭാരം കുറഞ്ഞതും ഭാരമേറിയതുമായ വാഹനങ്ങളുമെല്ലാം അപകടത്തിൽപെട്ടു. ഏഷ്യൻ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവരുടെ നില ഗുരതരമല്ലെന്നും എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.
അസ്ഥിര കാലാവസ്ഥ തുടരുന്ന രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രഭാതങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപെടുന്നത്. പൂർണമായും കാഴ്ച മറക്കുന്ന തരത്തിൽ മൂടൽമഞ്ഞ് ശക്തിപ്പെട്ടതോടെ റോഡപകടങ്ങളും വർധിച്ചു. കഴിഞ്ഞദിവസം ദുബൈയിലും സമാനമായ രീതിയിൽ അപകടംനടന്നു. ശക്തമായ മൂടൽ മഞ്ഞിൽ ഞായറാഴ്ച ദുബൈയിൽ മാത്രം 24 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടെണ്ണം വലിയ അപടങ്ങളായിരുന്നു.