മൂന്നാം കടവ് പദ്ധതി; ആരെയും കുടിയിറക്കാതെ നടപ്പാക്കും
text_fieldsമൂന്നാം കടവ് പദ്ധതി സർവേ നടത്തുന്നതിന്റെ ഭാഗമായി അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേർന്ന ആക്ഷന്‍ കമ്മിറ്റി
ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗം
കാസർകോട്: മൂന്നാം കടവ് പദ്ധതിയുടെ സര്‍വേ നടത്തുന്നതിന്റെ ഭാഗമായി അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു.
ഒരാളെയും കുടിയിറക്കാതെ ഒരാളുടെയും ഭൂമി നഷ്ടമാകാതെയുള്ള പ്രവർത്തനമാണ് ആലോചിക്കുന്നതെന്നും ജില്ലയില്‍ വേനൽ കാലത്ത് ജലസ്രോതസ്സുകള്‍ കുറവായതിനാല്‍ അനുഭവപ്പെടുന്ന ജലക്ഷാമത്തിന് പദ്ധതി അത്യാവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു. ഏത് തരത്തിലുള്ള ഡാമാണ് നിർമിക്കാന്‍ സാധിക്കുക എന്നത് പഠന വിധേയമാക്കേണ്ടതുണ്ടെന്നും അതിന് സർവേ പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ പറഞ്ഞു.
കേരളത്തില്‍ ക്രിട്ടിക്കല്‍ ബ്ലോക്കുകളുടെ പട്ടികയില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഉള്‍പ്പെട്ടിട്ടുണ്ടെന്നും വെളളം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാട്സ് ആപ്പ് സന്ദേശങ്ങളും മറ്റ് പ്രചാരണങ്ങളും നിര്‍ത്തണമെന്നും അവ ആവര്‍ത്തിക്കരുതെന്നും യോഗം നിര്‍ദേശിച്ചു. വിഷയത്തിലെ തെറ്റിദ്ധാരണകള്‍ നീക്കാന്‍ എം.എല്‍.എയും കലക്ടറും പങ്കെടുക്കുമെന്ന മുഴുവന്‍ ആക്ഷന്‍ കമ്മിറ്റി അംഗങ്ങളുടെയും യോഗം ചേരും. ബേഡഡുക്ക പഞ്ചായത്തിലെ ജനങ്ങള്‍ക്ക് പദ്ധതി വലിയ ഗുണം ചെയ്യുമെന്നും കഴിഞ്ഞ വേനല്‍കാലത്ത് രാമങ്കയം കുടിവെള്ള പദ്ധതിയില്‍ കുടിവെള്ളം തീരെ ലഭിക്കാതെ വന്നപ്പോള്‍ ബാവിക്കര കുടിവെള്ള പദ്ധതിയെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടായതാണെന്നും ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ പറഞ്ഞു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ. അരവിന്ദാക്ഷന്, എം. ധന്യ, കെ. കുമാരന്, ടി.കെ. നാരായണന്, മുരളി പയ്യങ്ങാനം, കാസര്‍കോട് ഇറിഗേഷന്‍ ഡിവിഷന് എക്സിക്യുട്ടീവ് എൻജിനീയര്‍ പി.ടി. സഞ്ജീവ്, വാട്ടര്‍ അതോറിറ്റി ഇ.ഇ എ.വി പ്രകാശന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

