കലാമത്സരങ്ങള്‍ വിജിലന്‍സ് നിരീക്ഷണത്തിലാവുന്നത് നാണക്കേട് –ടി. പത്മനാഭന്‍

Wed, 01/18/2017 - 10:56

കണ്ണൂര്‍: കലാമത്സരങ്ങള്‍ വിജിലന്‍സിന്‍െറ നിരീക്ഷണത്തില്‍ നടക്കുന്നത് നാണക്കേടുള്ള കാര്യമാണെന്ന് എഴുത്തുകാരന്‍ ടി. പത്മനാഭന്‍. സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലോത്സവങ്ങളെ മത്സരവേദികളായി മാത്രമല്ല, ഉത്സവങ്ങളായും കാണാന്‍ കഴിയണം.

കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാവരും തയാറാകുമ്പോള്‍ അനാരോഗ്യകരമായ മത്സരം ഒഴിവാകും. മത്സരിച്ചവര്‍ക്കെല്ലാം ജയിക്കാനോ ഒന്നാമതത്തൊനോ സാധിക്കില്ളെങ്കിലും മത്സരങ്ങളില്‍ പങ്കെടുക്കുകയെന്നതാണ് പ്രധാനം. ഇത്തരം മഹാമേളകള്‍ സംഘടിപ്പിക്കുമ്പോള്‍ പാകപ്പിഴകള്‍ സംഭവിക്കുമെന്നും അതെല്ലാം കണ്ടില്ളെന്ന് നടിച്ച് ഉത്സവത്തിന്‍െറ മാറ്റുകൂട്ടാന്‍ എല്ലാവരും തയാറാകണമെന്നും ടി. പത്മനാഭന്‍ പറഞ്ഞു.

സാംസ്കാരികോത്സവ കമ്മിറ്റി ചെയര്‍മാന്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അനുമോദന പ്രസംഗം നടത്തി. വിശിഷ്ടാതിഥികളായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, അതിയടം കണ്ണപ്പെരുവണ്ണാന്‍, എരഞ്ഞോളി മൂസ, കെ.കെ. മാരാര്‍ എന്നിവര്‍ക്ക് മേയര്‍ ഇ.പി. ലത സ്നേഹോപഹാരം കൈമാറി. പി. കെ. ശ്രീമതി എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് എന്നിവര്‍ സംസാരിച്ചു. 

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി. മോഹന്‍കുമാര്‍ സ്വാഗതവും എ.കെ. അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംഗീതജ്ഞന്‍ ഹിമാംശു നന്ദയുടെ ഹിന്ദുസ്ഥാനി ബാംസുരി കച്ചേരിയും അരങ്ങേറി.