കണ്ടുകണ്ടങ്ങിരിക്കുന്നതല്ലല്ലോ കാണുന്നതിപ്പോള്‍...
text_fieldsസ്റ്റൂളിലും ബെഞ്ചിലും കയറിനിന്നും അമ്മയുടെ ഒക്കത്തിരുന്നും കാമറക്ക് പോസ് ചെയ്തിരുന്ന ഒരു കലോത്സവപ്രതിഭയുണ്ടായിരുന്നു. മത്സരഫലം വന്നാലുടന്‍ മാധ്യമ ഫോട്ടോഗ്രാഫര്‍മാരുടെ മുന്നിലേക്ക് ഒരു കുഞ്ഞുകുട്ടിയെപ്പോലെ തുള്ളിച്ചാടിവന്നിരുന്ന ആ ‘കുട്ടിയെ’ എല്ലാവര്‍ക്കും ഇപ്പോഴും അറിയാം. പക്രു എന്ന പേരില്‍ മലയാളികളുടെ വേദികളിലും സ്ക്രീനിലും നിറഞ്ഞുനില്‍ക്കുന്ന അജയകുമാറാണ് ആ കുട്ടി. മോണോആക്ട്, മിമിക്രി, കഥാപ്രസംഗം എന്നിവയിലെല്ലാം ആ ‘കൊച്ചു’ കുട്ടി വെന്നിക്കൊടി പാറിക്കുമ്പോള്‍ കണ്‍മിഴിച്ച് നോക്കിനിന്നിട്ടുണ്ട്.
പിന്നീട് മലയാളിയുടെ അഭിമാനമായി മാറിയ മഞ്ജുവാര്യരെപ്പോലുള്ളവര്‍ കലോത്സവങ്ങളില്‍ കാമറക്കണ്ണുകളെ യഥേഷ്ടം വിരുന്നൂട്ടിയവരാണ്. നൃത്തവേദികളില്‍ നിറഞ്ഞാടുന്ന മഞ്ജു കാമറകളെ പുറത്തലയാന്‍ വിടാതെ വേദിയില്‍തന്നെ പിടിച്ചിരുത്തുകയായിരുന്നു. കാവ്യാമാധവന്‍, നവ്യാനായര്‍, അമ്പിളിദേവി, വിന്ദുജ മേനോന്‍, വിനീത്, വിനീത് ശ്രീനിവാസന്‍... കലോത്സവങ്ങളുടെ സമ്പന്നമായ സംഭാവന പട്ടിക നീളുകയാണ്.
വീണ്ടുമൊരിക്കല്‍കൂടി കലോത്സവവേദിയിലത്തെുമ്പോള്‍ മുപ്പതാണ്ടുകളുടെ ഓര്‍മക്കൂട്ടത്തില്‍നിന്ന് മനസ്സിലേക്ക് ഓടിയത്തെുന്ന മുഖങ്ങളില്‍ ചിലതാണിവയെല്ലാം. ചിലങ്ക കെട്ടിയും മുഖത്ത് ചായംതേച്ചും കാമറകള്‍ക്കു മുന്നിലത്തെുന്ന പലരെയും ശേഷം എവിടെയാണ് കാണുക എന്ന കാത്തിരിപ്പ് ഒരു സ്വാദുള്ള കൗതുകമായിരുന്നു. കലോത്സവങ്ങള്‍ക്ക് തലമുറമാറ്റം വന്നപ്പോള്‍ ഈ കൗതുകമാണ് പട്ടിണിയിലായത്. കലോത്സവവേദികളില്‍ നിറഞ്ഞാടിയ പലരെയും പിന്നീട് എവിടെയും കണ്ടില്ല. ഗ്രേസ് മാര്‍ക്കും മറ്റും വലിയ പരിഗണനകളായപ്പോള്‍ കലാമത്സരങ്ങള്‍ക്ക് ചവിട്ടുപടിയുടെ റോള്‍ മാത്രമായി. വിണ്ണില്‍ തിളങ്ങുന്ന ‘താരങ്ങളുടെ’ ഫയല്‍ചിത്രങ്ങള്‍ പൊടിപിടിച്ചും ദ്രവിച്ചും കമ്പ്യൂട്ടറുകളുടെ ഓര്‍മസ്ഥലം അപഹരിച്ചും വെറുതെ കിടക്കുന്നു. സ്കൂള്‍കാലം കഴിഞ്ഞാല്‍ പിന്നീടാര്‍ക്കും താരമാകേണ്ടെന്നായി. താരങ്ങള്‍ ഡോക്ടറും എന്‍ജിനീയറുമെല്ലാമായി. കലോത്സവം കഴിയുന്നതോടെ ചെണ്ടയും ചിലങ്കയുമെല്ലാം തട്ടിന്‍പുറമേറുന്നതാണ് പുതിയ കലോത്സവാനുഭവം.
-റസാഖ് താഴത്തങ്ങാടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
