സ്കൂള്‍ കലാമേളയെ ഉത്സവവേദിയായി കാണണം –വിദ്യാഭ്യാസ മന്ത്രി
text_fieldsകണ്ണൂര്‍: സ്കൂള്‍ കലാമേളകളെ മത്സരങ്ങള്‍ക്കുള്ള ഇടമായല്ല ഉത്സവ വേദിയായാണ് കാണേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. കലക്ടറേറ്റില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ ഒരുക്കം വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികളും സര്‍ഗ പ്രതിഭകളാണ്. വിജയിക്കുകയാണ് പ്രധാനമെന്ന് തോന്നുമ്പോഴുണ്ടാവുന്ന അനാരോഗ്യകരമായ പ്രവണതകള്‍ ഇല്ലാതാക്കാന്‍ മേളയെ കലയുടെ ഉത്സവമായി കാണാനുള്ള സന്നദ്ധത അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
മേളയെ കുറ്റമറ്റതാക്കുന്നതിന് നടത്തിപ്പിലും വിധിനിര്‍ണയത്തിലുമൊക്കെ സമൂലമായ പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. സംഘാടനം കൂടി മികച്ചതാകുന്നതോടെ 57ാമത് കലാമേള അവിസ്മരണീയമാവും. കലോത്സവ പ്രചാരണം മുതല്‍ നടത്തിപ്പിന്‍െറ എല്ലാ ഘട്ടങ്ങളിലും പൂര്‍ണമായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര മാമാങ്കം നടത്താനായാല്‍ അതൊരു ചരിത്രസംഭവമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
20 വേദികളിലായി നടക്കുന്ന കലാമേളക്കായി രൂപവത്കരിച്ച 20 സബ്കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയ മന്ത്രി, പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന സബ് കമ്മിറ്റികളുടെ സംയുക്ത യോഗം വിളിച്ച് മേളയെ പരാതിരഹിതമാക്കണമെന്ന് നിര്‍ദേശം നല്‍കി. ഓരോ വേദിയിലും മറ്റ് വേദികളില്‍ നടക്കുന്ന പരിപാടികളുടെ വിവരങ്ങള്‍ അറിയാന്‍ സംവിധാനമൊരുക്കണം. കലോത്സവങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ് ജില്ല ഭരണകൂടം തയാറാക്കി വരുന്നതായും മന്ത്രി അറിയിച്ചു.
പ്രചാരണത്തിന്‍െറ ഭാഗമായി 12ന് വൈകീട്ട് നാലു മണിക്ക് നഗരത്തില്‍ വിളംബര ഘോഷയാത്ര നടത്തുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. മേളയുടെ തീം സോങ്ങിന്‍െറ പ്രകാശനം വിദ്യാഭ്യാസ മന്ത്രി നിര്‍വഹിച്ചു. സാജു ഗംഗാധരന്‍ രചനയും ബിനേഷ് കരുണ്‍ സംഗീത സംവിധാനവും നിര്‍വഹിച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം കണ്ണൂരിന്‍െറ ചരിത്രവും തനിമയും ദൃശ്യവത്കരിക്കുന്നതാണ്.
സാംസ്കാരിക പരിപാടികളുമായി ബന്ധപ്പെട്ട് തയാറാക്കിയ ബ്രോഷര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷിന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. ഹരിത പെരുമാറ്റച്ചട്ടത്തിന്‍െറ ഭാഗമായി കലോത്സവ വേളയില്‍ ഉപയോഗിക്കുന്നതിനുള്ള 1000 മഷിപ്പേനകള്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ അഡ്വ. പി. ഇന്ദിര മന്ത്രിക്ക് നല്‍കി. അവലോകന യോഗത്തില്‍ മേയര്‍ ഇ.പി. ലത, എം.എല്‍.എമാരായ ജെയിംസ് മാത്യു, ടി.വി. രാജേഷ്, എ.എന്‍. ഷംസീര്‍, ഡി.പി.ഐ മോഹന്‍കുമാര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എം.എസ്. ജയ, ജില്ല കലക്ടര്‍ മിര്‍ മുഹമ്മദ് അലി, എസ്.പി കെ.പി. ഫിലിപ്പ്, ജനപ്രതിനിധികള്‍, സംഘാടക സമിതി അംഗങ്ങള്‍, സബ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
