ചേർന്നു നിൽക്കാനൊരു അമ്മവട്ടം
text_fieldsഅമ്മമാർ വണ്ടികൾ നിർത്താതെ പോകുന്ന കാത്തിരിപ്പ് കേന്ദ്രങ്ങളാണ്. ആരൊക്കെയോ അവർക്കരികിൽ വന്നിറങ്ങാനുണ്ടെന്നു കരുതി എല്ലാ ആഘോഷങ്ങളുടെയും ഓരത്തു നിലയ്ക്കാതെ കാത്തിരിപ്പുകളിൽ ഏർപ്പെട്ടിരിക്കുന്നവർ. കൈകാണിക്കിലും കാണാതെ, ഉച്ചത്തിൽ നീട്ടി വിളിക്കിലും കേൾക്കാതെ, തിരക്കിൻറെ കൈകാലുകൾ പുറത്തേക്കിട്ടു പാഞ്ഞു പോകുന്ന വണ്ടികൾ. ഓർമസഞ്ചിയുടെ പൊക്കിൾകൊടികൾ ഇനിയും അറ്റുപോയിട്ടില്ലാത്തവർ, അവർ ഒറ്റപ്പെടലിെൻറ ഉമ്മറക്കോലായിലിരുന്ന് ദിവസവും എണ്ണമണമുള്ള കാത്തിരിപ്പിെൻറ കാലുകൾ നീർത്തുന്നു. ആരും കയറി വരാനിടയില്ലാത്ത ശൂന്യമായ വഴികളുടെ നേർക്ക് മിഴികൾ നീട്ടുന്നു.
നാലുമണിയുടെ സ്‌കൂൾബെല്ലിനൊപ്പം മേഘക്കുട്ടികളുടെ മഴക്ലാസിനും നീണ്ട ബെല്ലടിക്കും. കുട്ടികൾക്കൊപ്പം പെരുമഴയും നടക്കാനും ഓടാനും ചാടാനും ഉരുണ്ടു വീഴാനും തുടങ്ങും. മഴ തോരുന്നതും തെൻറ കുട്ടികൾ എത്തുന്നതും കാത്ത് ഒരമ്മ വീട്ടുമുറ്റത്തു നിന്നു ആർത്തലച്ചു പെയ്യും. മഴവണ്ടികൾ നിർത്താതെ കൈയിൽ കിട്ടിയതിനെയെല്ലാം ചേർത്തുപിടിച്ചു വെള്ളം തെറിപ്പിച്ചു പായും. അമ്മയുടെ വാഴയില മാത്രം എങ്ങനെയാണ് ആ മഴപ്പെരുക്കങ്ങളെ അത്രയും അതിജീവിച്ചിരുന്നത്? അമ്മ ഒരിക്കലും ചോരാത്ത ഒരു കുടയായിരുന്നു. എപ്പോൾ വേണമെങ്കിലും കേറി നിൽക്കാനുള്ള, എല്ലാവർക്കും ചേർന്ന് നിൽക്കാനുള്ള ഇലവട്ടം.

വിഷുവിനുണ്ടാവില്ല എന്നു പറഞ്ഞിട്ടും ഇനി എങ്ങാനും വന്നെങ്കിലോ എന്ന് ആരോടും പറയാതെ കാത്തിരിക്കുന്ന വിരാമമില്ലാത്ത പ്രതീക്ഷ. എന്തായാലും ഓണത്തിന് എത്തുമെന്ന് കൊടുത്ത വാക്ക് എല്ലാ ദിവസവും തലയിണക്കീഴിൽ നിന്നുമെടുത്തു മിനുക്കി തിരിച്ചുവയ്ക്കും അമ്മ. എല്ലാ അന്തിവെയിലിലും അങ്ങനെയാണ് ആ ജനാലയ്ക്കപ്പുറം പൂക്കളങ്ങൾ ഉണ്ടാകുന്നത്. ഓരോ വാഴ കൂമ്പിടുേമ്പാഴും ഉപ്പേരിയെന്നും ശർക്കരവരട്ടിയെന്നും പഴംപായസമെന്നും പേരിട്ടു വളർത്തും. പറഞ്ഞാൽ കേൾക്കാത്ത കാറ്റു വന്നു വാഴയിലയാകെ പൊട്ടിച്ചു കളയുമ്പോൾ വഴക്കു പറഞ്ഞോടിച്ചു തൊടിക്കപ്പുറം ചാടിച്ചു വിടും അമ്മ. കരിക്കിൻ കുലകളെ അരുമയായ് വെട്ടുകാരനോട് പറഞ്ഞു എല്ലാ മാസവും തെങ്ങിൽ ഉറപ്പിച്ചു നിർത്തും. ഊഞ്ഞാലിടാനൊരു പ്ലാവിെൻറ ചില്ല ആരോടും പറയാതെ കണ്ടുപിടിച്ചു വയ്ക്കും. ആ വഴി പോകുന്ന വണ്ടികളെല്ലാം ഇങ്ങോട്ടുള്ളതാണെന്നു തോന്നും. ചില വണ്ടികൾ വന്നു നിന്നാൽ മാത്രം കെടുന്ന രാത്രിവിളക്കു പോലെ അമ്മമാർ ഉണർന്നിരിക്കും.
‘അമ്മയില്ലാത്തവർക്കേതു വീട്, ഇല്ല വീട്, എങ്ങെങ്ങുമേ വീട്’ എന്നു പാടിയത് ഡി. വിനയചന്ദ്രനാണ്. അമ്മയ്‌ക്കൊപ്പം വീട്ടിലേക്കുള്ള വഴികൾ കൂടി കാടുപിടിച്ചു മണ്മറഞ്ഞു പോകുന്നു. സ്മരണയുടെ കാൽപാടുകൾ വേരുകളേറ്റ് നെടുകെ പിളർന്നു പോകുന്നു. അമ്മയില്ലാത്ത വീടുകളെ കുഞ്ഞുങ്ങൾ വളരെ വേഗം കൈയൊഴിഞ്ഞു അനാഥരാക്കി പകവീട്ടുന്നു. ഓണം വേലിക്കലെ ചെത്തി വാരാത്ത മുറ്റത്തിനറ്റത്തെ കാക്കപ്പൂവും തുമ്പയും ചെമ്പരത്തിയും മാത്രമാകുന്നു. പച്ചപിടിച്ചു തെഴുത്ത കുറ്റിക്കാടുകൾ നിറയെ ഓർമ്മപ്പെടുത്തലുകൾ പോലെ പൂക്കൾ വന്നെത്തി നോക്കുന്നു.
ഓണത്തിന് കാത്തിരിപ്പ് തുടരുന്ന, ഇനിയും ആരൊക്കെയോ വന്നെത്തിയിട്ടില്ലാത്ത അമ്മമാർ എവിടെയൊക്കെയോ ഉണ്ട്. ആരും വരാനില്ലെന്നറിഞ്ഞിട്ടും വഴിവക്കിൽ ആരോ വരുന്നതും നോക്കിയിരിക്കുന്ന അമ്മമാർ. സ്മരണകളുടെ പഴയ ഒരു ഓണക്കാലം ഊഞ്ഞലുമായി വന്നു വിളിക്കുമ്പോൾ ഒരു വിലാപം അടക്കാൻ പാടുപെട്ടു ഏതൊക്കെയോ തുരുത്തുകളിൽ ഒറ്റപ്പെട്ടിരിക്കുന്നവർ. സ്വയം നഷ്ടപ്പെട്ടിരിക്കുന്നവർ. ഓണക്കോടിയുണ്ടെങ്കിലും ഓണസദ്യയും ഓണപ്പാട്ടും ഓണപ്പൂക്കളവും ഉണ്ടെങ്കിലും ഓണമില്ലാത്തവർ.
അനാസക്തമായൊരു കാത്തിരിപ്പിന്റെ നെഞ്ചിടിപ്പ് പോലെ അവരുടെ കൈകൾ എവിടെയൊക്കെയോ തനിച്ചിരുന്നു വിറയ്ക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
