Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightആരും...

ആരും പാടിയതൊന്നുമായിരുന്നില്ല ഓണം...

text_fields
bookmark_border
ആരും പാടിയതൊന്നുമായിരുന്നില്ല ഓണം...
cancel

‘‘ഇല്ലം നിറയാനിത്തിരി 
നെല്ലില്ലിക്കാലം
പുഞ്ചക്കതിരാരാനൊടു
കെഞ്ചിത്തരമാക്കി
പുത്തരിയുണ്ടീടാനും
പച്ചരിയാണെന്നാൽ
അമ്മയിതേ പാടുകയാം
മുൻ മട്ടായിത്തീരാൻ
ഇല്ലം നിറ വല്ലം നിറ^
യില്ലം നിറനിറയോ’’ (വൈലോപ്പിള്ളി)

‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന ചൊല്ലി​​​​​​​​​​​​​​​​െൻറ ചരിത്രപരതയിൽനിന്ന് വഴി തെറ്റി ഉൗണാണ്​ ഈ ഉത്സവത്തിലെ പ്രധാന ഇനം എന്ന തെറ്റായ ഒരു വായനയിലേക്കു നമ്മൾ കടന്നു പോയിട്ടുണ്ട്​. ‘ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ കഞ്ഞി’ എന്നും ഉണ്ടല്ലോ. എല്ലാവർക്കും ഓണമില്ല എന്ന ഒരു എതിരറിവു കൂടി അതിലുണ്ട്. ഓണക്കോടിയും എല്ലാവർക്കുമില്ല. എന്നാൽ ഭൂമി ഓണക്കോടിയുടുക്കുന്ന കാലമാണത്. പുതു നാമ്പുകൾ പൊട്ടിമുളക്കുന്ന കാലം. ഉറങ്ങിക്കിടന്ന അനേകായിരം വിത്തുകൾ മുളപൊട്ടി പുറത്തേക്കു വരുന്നു. ചവിട്ടിത്താഴ്ത്തപ്പെട്ടവ ഉയിർത്തെഴുന്നേൽക്കുന്നു. ഉർവ്വരതയുടേയും ഉയിർത്തെഴുന്നേൽപ്പി​​​​​​​​​​​​​​​​െൻറയും ഉത്സവമാണ്​ ഓണം. ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്നവരെ വീണ്ടും ചവിട്ടിത്താഴ്ത്താനുള്ളതല്ല. 

1957 മുതൽ ഇവിടെ നടപ്പാക്കിത്തുടങ്ങിയ  ചില നിയമങ്ങളാണ് ഓണത്തെ ഇത്തരത്തിൽ ഒരു ആഹ്ലാദനാടകമാക്കി മാറ്റിത്തുടങ്ങിയത് എന്ന ഇ.പി. രാജഗോപാല​​​​​​​​​​​​​​​​െൻറ നിരീക്ഷണം ശ്രദ്ധേയമാണ്. ഓണം വെറും കച്ചവടമല്ലെന്നും അതിന് കേരളത്തി​​​​​​​​​​​​​​​​െൻറ കാർഷിക സംസ്​കൃതിയുമായി അടുത്ത ബന്ധമുണ്ടെന്നും വിളിച്ചു പറയുന്നവയാണ് നമ്മുടെ ഓണക്കവിതകളെല്ലാം തന്നെ. ഇതു ലോകമെമ്പാടും പല രൂപത്തിൽ പല പേരുകളിൽ നടക്കുന്ന ഉത്സവമെന്ന്  ‘ഓണപ്പാട്ടുകാരി‘ൽ വൈലോപ്പിള്ളി അതിൻറെ ചരിത്രപരതയിലും രാഷ്ട്രീയപരതയിലും ഉൗന്നിനിന്ന്​ പറയുന്നുണ്ടല്ലോ.
 
ഉൗണിനു പ്രാധാന്യം വന്നതോടെ, അമ്മ = അടുക്കള എന്ന പോലെ തന്നെ ഓണം = അമ്മ എന്ന അവസ്​ഥയും ഉണ്ടായി. എനിക്ക് ഓണത്തേയും അമ്മയേയും കൂട്ടിക്കെട്ടി ചിന്തിക്കുന്നത് തീരെ ഇഷ്​ടമല്ല. ഒരുത്സവക്കാലവുമായും അമ്മയെ ചേർത്തു കാണാൻ എനിക്ക് താൽപര്യമില്ല. കാരണം ഉത്സവങ്ങൾ അമ്മക്ക് അത്ര വലിയ ഉത്സവമൊന്നും ആയിരുന്നിരിക്കില്ല എന്ന് അറിയുവാൻ എനിക്ക് ഒരുപാടുകാലം വേണ്ടി വന്നു എന്നതു തന്നെ. ഇന്നത്തെ എ​​​​​​​​​​​​​​​​െൻറ  അടുക്കളയിൽ നിന്നുകൊണ്ട് , അമ്മ പെരുമാറിയിരുന്ന അടുക്കളയെന്ന വേവുനിലത്തെ കുറിച്ച് ആലോചിക്കുമ്പോൾ കരിയിലും പുകയിലും നിന്ന്, ചാരം പടർന്നു പിടിച്ച മുടിയുമായി കണ്ണുകലങ്ങി ഉയർന്നു വരുന്ന ഒരായിരം അമ്മമാർ എ​​​​​​​​​​​​​​​​െൻറ ഓണസങ്കൽപ്പത്തെ തന്നെ തകർത്തു കളയും. വീടി​​​​​​​​​​​​​​​​െൻറ പിന്നറ്റത്ത്, എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നന്വേഷിക്കാതെ, മുന്നറ്റത്ത് പൂവിട്ടും പൂവട നേദിച്ചും ഈഞ്ഞാലാടിയും സിനിമ കണ്ടും ഘോഷിച്ച ആ ഓണങ്ങളോളം എന്നെ കുത്തിമുറിവേൽപ്പിക്കുന്ന മറ്റൊന്നുമില്ല. 

ഇന്ന് അടുക്കള വേണമെന്നോ വേണ്ടെന്നോ തീരുമാനിക്കുവാനും, ഓണം വരട്ടെയെന്നോ പോയി തുലയട്ടെ എന്നോ തീരുമാനിക്കുവാനും എനിക്കും എ​​​​​​​​​​​​​​​​െൻറ സഹജീവികളായ മറ്റു ധാരാളം സ്​ത്രീകൾക്കും ഉള്ള ചിന്താസ്വാതന്ത്ര്യം അന്ന് എ​​​​​​​​​​​​​​​​െൻറ  അമ്മക്കോ അമ്മയെ പോലെ ഒരു വലിയ വിഭാഗം സ്​ത്രീകൾക്കോ ഉണ്ടായിരുന്നില്ല.  അടുക്കള അവരുടെ വിധിയായിരുന്നു. എല്ലാത്തരം ഉത്സവങ്ങളും അവർ പച്ചവിറകി​​​​​​​​​​​​​​​​െൻറ തണുപ്പിൽ നിന്ന്, ഉൗതിയൂതി ഉണർത്തിയെടുത്തു. മുണ്ടി​​​​​​​​​​​​​​​​െൻറ കോന്തലയിൽ കരിയും ചെളിയും, കണ്ണുനീരുമായി കുഴഞ്ഞു പിടിച്ചതി​​​​​​​​​​​​​​​​െൻറ പാടുകൾ എനിക്ക് ഇന്ന് ഓർമ്മിച്ചെടുക്കാനാകുന്നുണ്ട്​.... അന്ന് അവയൊന്നും കണ്ണിൽ പെട്ടിരുന്നില്ല. രണ്ടു കൈകൾക്ക് ഇരുപതു കൈയുടെ വേഗവുമായി അമ്മ ചെയ്തിരുന്ന ജോലികൾ ഒരിക്കലും ആരും കണ്ടില്ല. അംഗീകരിച്ചില്ല. കഴിക്കാനല്ലാതെ അമ്മയുടെ അടുക്കളയിൽ അച്ഛനോ, മുതിരുന്നതു വരെ ഞങ്ങളോ തിരിഞ്ഞുകയറിയില്ല. അതുകൊണ്ട് ഓണം എനിക്ക് മാവേലിയുടെ തിരിച്ചു വരവാഘോഷമല്ല. വെച്ചും വിളമ്പിയും ചിരിച്ചും നടക്കുന്നതിനിടയിൽ പിൻകൈയുകൊണ്ട്​ തുടച്ചു മാറ്റിയിരുന്ന കണ്ണീരി​​​​​​​​​​​​​​​​െൻറ ഒരിക്കലും ഉണങ്ങാത്ത പാടുകളാണ്. വീടിനു മേൽ എത്ര പരിഷ്കാരങ്ങൾ വരുത്തിയാലും ഉണങ്ങിക്കിടക്കുന്ന ആ കണ്ണീർ പാടുകൾ മായ്ക്കാൻ കഴിയില്ല.   

ഇന്ന് ഈയവസ്​ഥ ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. അടുക്കളവിപ്ലവം നടപ്പായിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്​ത രാജ്യങ്ങളിൽ വ്യത്യസ്​ത നഗരങ്ങളിൽ വ്യത്യസ്​ത രീതികളിൽ. അടുക്കളക്കാരികളുടെ ചിന്തകൾക്കു മൂർച്ചയുണ്ടാവുകയും അവരുടെ ഉൗർജം കർമ്മോന്മുഖമാവുകയും ചെയ്തുകൊണ്ടിരിക്കുന്നതി​​​​​​​​​​​​​​​​െൻറ സാക്ഷ്യങ്ങൾ ലോകവ്യാപകമായിത്തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. തെരുവുകലാപമായോ ലഹളയായോ ഒന്നുമല്ല, വിദ്യാഭ്യാസത്തിലൂടെയും തൊഴിൽ സമ്പാദനത്തിലൂടെയും സാമൂഹിക പരിഷ്കരണപ്രസ്​ഥാനങ്ങളുടെ ഇടപെടലുകളിലൂടെയും പലതരം പെൺകൂട്ടായ്മകളിലൂടെയും നവമാധ്യമങ്ങളിലും മറ്റും സ്​ത്രീകൾ പരസ്​പരം പകരുന്ന കരുത്തിലൂടെയും സ്​നേഹത്തിലുടെയും സാധിതമായ ഒരു നിശ്ശബ്​ദ വിപ്ലവമാണത്.  ഈ അവസ്​ഥയിലാണ് ‘അവളുടെ’ മാത്രം തട്ടകമായി കണ്ടിരുന്ന അടുക്കളയെ കുറിച്ച് ഒരോണക്കാലത്ത് ചിന്തിക്കുന്നത്. 

സാമൂഹികാവസ്​ഥകളിലുണ്ടായ മാറ്റം  ശരാശരിക്കാരുടെ പോലും അടുക്കളയുടെ സ്​ഥലസങ്കൽപത്തെ ഗണ്യമായ തോതിൽ സ്വാധീനിച്ചു . സ്​ത്രീയുടെ ഇടം അടുക്കള മാത്രം എന്ന ചിന്ത കാലഹരണപ്പെട്ടു തുടങ്ങിയതി​​​​​​​​​​​​​​​​െൻറ ലക്ഷണങ്ങൾ അടുക്കളയുടെ ഡിസൈനിങ്ങിലും പ്രതിഫലിക്കുന്നുണ്ട് ഇപ്പോൾ. അടുക്കള കൂടുതൽ ജനാധിപത്യവത്കരിക്കപ്പെട്ടു.  പാചകവും മറ്റനുബന്ധ പ്രവർത്തനങ്ങളും മുഷിപ്പേറിയ പുക മണക്കുന്ന വിരസവേലക്കപ്പുറം ഒരു സുന്ദരകല എന്ന നിലയിൽ അംഗീകരിക്കപ്പെട്ടു തുടങ്ങി. വീട്ടിലെ ഏറ്റവും അനാകർഷകമായ ഇടമായിരുന്ന അടുക്കള ഇന്ന് ഏറ്റവും മനോഹരമായ മുറിയായി രൂപകൽപ്പന ചെയ്യപ്പെടുന്നു. മുൻപൊക്കെ ഓണക്കാലത്ത് ഏറ്റവും സജീവമാകുന്ന മുറി അടുക്കള തന്നെയാണ്. അടുക്കളയുടെ പരിണാമചരിത്രം അമ്പരപ്പിക്കുന്ന തരത്തിൽ കൗതുകകരമാണ്. സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയും വിദേശപണത്തി​​​​​​​​​​​​​​​​െൻറ ആധിപത്യവും പുതിയ തലമുറയുടെ മാറിയ ജീവിതശൈലികളും  വീടി​​​​​​​​​​​​​​​​െൻറ രൂപഭാവങ്ങളെ മൊത്തത്തിലും ഭക്ഷണസങ്കൽപങ്ങളേയും സൗന്ദര്യസങ്കൽപ്പങ്ങളെയും പ്രത്യേകിച്ചും തകിടം മറിച്ചു കളഞ്ഞു. സോപ്പിനെയും ഷാംപുവിനെയും മറ്റു സൗന്ദര്യവർധകവസ്​തുക്കളെയും മാത്രമല്ല, പാചകവിധികളെയും പാചകസങ്കൽപങ്ങളെയും അത് സ്വാധീനിച്ചിട്ടുണ്ട്. ഇരുണ്ടതും കരിയും പുകയും ചൂടും നിറഞ്ഞതും ശുദ്ധവായു കടക്കാത്തതും എച്ചിൽപ്പാത്രങ്ങൾ കൂനകൂടിക്കിടക്കുന്നതും വിവിധഗന്ധങ്ങളും ശബ്ദങ്ങളും നിറഞ്ഞതും അതിഥികളെ സ്വീകരിക്കാൻ മടിച്ചു നിൽക്കുന്നതുമായ  ഈത്തയൊലിപ്പിക്കുന്ന മുഖമായിരുന്നു അടുക്കളകൾക്ക് അടുത്ത കാലം വരെ.  ഇന്നവ സ്വീകരണമുറിയോടു തുല്യമായി.

ഇന്നാകട്ടെ അമ്മ ഒഴികെ മറ്റെന്തും പുറത്തു നിന്ന് പണം കൊടുത്താൽ കിട്ടുന്ന കാലം.  പുട്ടുപുര, പുട്ടു ഹൗസ്​, ദേ പുട്ട്, മദേഴ്സ്​ കിച്ചൻ, നാടൻ അടുക്കള, വാഴയില, ഗ്രാൻഡ്മാസ്​ കിച്ചൻ, ഹോട്ടലുകളുടെ പേരുകൾ ശ്രദ്ധിക്കൂ. ‘ഞങ്ങൾ വീട്ടിലെ ഉൗണുതരാം’ എന്നു പരസ്യം ചെയ്യുന്നു എല്ലാവരും. വീടിനകത്ത് ലോകമെമ്പാടുമുള്ള രുചികൾ തയ്യാറാക്കാനുള്ള റെസീപ്പികൾ ഉള്ളപ്പോൾ വീട്ടിലെ ഉൗണ് പുറത്ത് സുഭിക്ഷമായി കിട്ടുന്നു. ഇന്ന് അടുക്കള ഒരു പിന്നാമ്പുറമല്ല. വീടി​​​​​​​​​​​​​​​​െൻറ മർമപ്രധാനമായ കാര്യങ്ങൾ തീരുമാനിക്കുന്ന ഇടമാണ്. വരാന്തയും സ്വീകരണമുറിയും പോലെതന്നെ. വിശന്നു വരുന്നവരെ മുഴുവൻ വിളമ്പി ഉൗട്ടുവാൻ മാത്രമായി ഇനിവരുന്ന കാലത്ത് ഒരു സ്​ത്രീയെ അവിടെ പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാകും. സ്വയം പാർശ്വവത്കരിക്കപ്പെടാനായി നിന്നു കൊടുക്കുവാൻ കൂട്ടാക്കാത്തവരാണ് ഇന്നത്തെ സ്​ത്രീകളിൽ ബഹുഭൂരിപക്ഷവും. ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കുകയോ പാഴ്സൽ വാങ്ങിക്കൊണ്ടു വരുകയോ ഒക്കെ ചിന്തിക്കുക പോലും ചെയ്യാതിരുന്നവർ ഓണക്കാലത്തും വീട്ടടുക്കളയുടെ പേരും മണവും വിഭവങ്ങളും ഉള്ള ഹോട്ടലുകൾ തേടി പരക്കം പായുന്നു. കാണം വിറ്റും ഓണം ഉണ്ണാൻ നമുക്കിന്നു മടിയില്ല, പണ്ടത് ഒരു പഴഞ്ചൊല്ലു മാത്രമായിരുന്നു.  ‘ഞങ്ങൾ വിൽക്കുന്നത് സ്വപ്നങ്ങളാണ്. ആഹ്ലാദങ്ങളുടെ മൊത്തക്കച്ചവടക്കാരാണ് ഞങ്ങൾ’. ഇന്ന് ഓരോ അടുക്കളയും വിളംബരം ചെയ്യുന്നത് അതാണ്.  ഓണക്കാലം കോടിയെടുക്കാനും സദ്യ ഉണ്ണാനുമുള്ള അപൂർവ്വാവസരം ഒരുക്കുന്നു എന്ന അവസ്​ഥയും ഇന്നില്ല. ഓൺലൈൻ വസ്​ത്രവ്യാപാരവും രുചിവൈചിത്യ്രവും രുചിയന്വേഷണങ്ങളും ശരാശരിക്കാരുടെ പോലും ജീവിതശൈലിയുടെ ലക്ഷണമായിമാറിക്കഴിഞ്ഞു. 

വളരെ സാവധാനമാണ് കേരളത്തിലെ അടുക്കള സങ്കൽപ്പങ്ങളിൽ മാറ്റം പ്രകടമായിത്തുടങ്ങിയതെങ്കിലും സ്വകാര്യ ഇടം എന്ന നിലയിൽ നിന്നു സാമൂഹികഇടം എന്ന നിലയിലേക്ക് ഉയർത്തപ്പെടുകയും പാചകം ഒരു പൊതുപ്രവർത്തനമെന്ന നിലയിൽ പരക്കെ അംഗീകരിക്കപ്പെടുകയുമുണ്ടായി.  ഇതിന് നമ്മുടെ ദൃശ്യമാധ്യമങ്ങൾ വഹിച്ച പങ്ക് വലുതാണ്. 1960 കളിൽ അമേരിക്കയിലെ ടെലിവിഷൻ ഷോകളിൽ തുടങ്ങിയ പാചകകല ഇന്ന് ലോകമെമ്പാടും വ്യാപകമായി. പുതിയ രുചികൾ പരിചയപ്പെടുത്തുന്ന വെബ്സൈറ്റുകൾ ഇന്ന് വ്യാപകമായിരിക്കുന്നു. പുതിയ തരം അടുപ്പുകൾ, സിങ്കുകൾ, പാത്രങ്ങൾ, ശുചീകരണോപാധികൾ, ടവ്വലുകൾ, അങ്ങനെ അടുക്കള, വീട്ടിലെ സമൃദ്ധിയെ വിളിച്ചു പറയുന്ന ഇടമായി. നാൽപതുകളിൽ ഫ്രാൻസിലും അമേരിക്കയിലും തുടങ്ങിയ അടുക്കള പരീക്ഷണം ഇൻഡ്യയിലെത്താൻ പിന്നെയും 40 വർഷത്തോളം എടുത്തു. കേരളത്തിൽ പാചകവാതകം പോലും വ്യാപകമായിത്തുടങ്ങിയിട്ട് ഏതാണ്ട് 30 വർഷമാകുന്നതേയുള്ളു. 

ഓണക്കാലം പോലെ മറ്റേതൊരു ഉത്സവക്കാലത്തും ടെലിവിഷനിൽ രുചിയുള്ള വിഭവങ്ങൾ നിരക്കുന്നു. സോഫായിൽ ഇരുന്നു ചായകുടിച്ചിരുന്ന അതിഥികൾ അടുക്കളയിൽ കയറി ഏതടുക്കളയിലെയും പാചകക്കാരാകാനുള്ള സ്വാതന്ത്ര്യവും വൈദഗ്ദ്ധ്യവും പ്രകടിപ്പിച്ചു തുടങ്ങി. നടുവൊടിക്കുന്ന അടുക്കളകൾ, അതിമനോഹരമായ ഒരു സർഗ്ഗാത്്മകതയുടെ ഇടം എന്ന നിലയിലേക്ക് ഉയർന്നു. നാട്ടിൻപുറങ്ങളിലെ സാധാരണ പാചകക്കാരിൽ ചിലർ അറിയപ്പെടുന്ന ’ഷെഫു’കളായി മാറി. ഒരു കാലത്ത് ഉമ്മി അബ്ദുള്ളയും മിസ്സിസ്സ് കെ. എം. മാത്യുവും മാത്രമായിരുന്നു പാചകകലയിലെ പേരുകേട്ട റാണിമാരെങ്കിൽ ഇന്ന് ഏതൊരു വ്യകതിക്കും ലിംഗഭേദമില്ലാതെ തങ്ങളുടെ പാചകവൈദഗ്ദ്ധ്യം പ്രകടിപ്പിക്കാൻ വേദികൾ ലഭ്യമാണ്. കൊതിപ്പിക്കുന്ന മണവും രുചിയുമായി സ്വീകരണമുറികളിൽ സിനിമാതാരങ്ങളോടൊപ്പം സാധാരണക്കാരും നിറയുന്നു. സ്വയംപ്രകാശനത്തിന് അവസരമുള്ളവർക്ക് അടുക്കള ഒരിക്കലും ഒരു വേവുനിലമല്ല എന്ന് കുക്കറി ഷോകളിൽ ആത്്മവിശ്വാസത്തോടെ അവർ നിരക്കുന്നു. സാധാരണ പുളിങ്കറി പാകം ചെയ്യുമ്പോഴും കുക്കറി ഷോകളിലെ പോലെ പാചകക്രമം ആത്്മഗതം ചെയ്ത് വിശദീകരിച്ചു കൊണ്ട് പാചകം ചെയ്യുക ശീലമാക്കിയ ഒരു സുഹൃത്ത് എനിക്കുണ്ട്. അവൾ പറയുന്നത് അപ്പോൾ സ്വയം ഒരു താരമായതായും ത​​​​​​​​​​​​​​​​െൻറ അടുക്കള രാജകീയമായതായും തോന്നുമെന്നുമാണ്. 

ഒറ്റക്കൊറ്റക്ക് സ്​ത്രീകൾ അടുക്കളയുടെ സങ്കുചിതത്വങ്ങളെ മറികടക്കുന്നുണ്ടെങ്കിലും വ്യാപകമായിത്തന്നെ അത്തരമൊരു മാറ്റം അനിവാര്യമായിരിക്കുന്നു. വിവേകം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും അടുക്കളയുടെ ഇടുക്കങ്ങളിൽ നിന്നും രക്ഷപ്പെട്ട ഓരോ സ്​ത്രീയുടേയും കടമയാണ്, നിരന്തരമായ ബോധവത്കരണപ്രക്രിയകളിലൂടെ, ദരിദ്രരും ദുർബ്ബലരുമായ തങ്ങളുടെ സഹജീവികളെ ആകെ ഈ നീരാളിപ്പിടുത്തങ്ങളിൽ നിന്ന് മോചിപ്പിക്കുക എന്നത്. അത് ചിന്താപരമായ ബോധവത്കരണത്തിലൂടെ മാത്രമേ സാധ്യമാകു.

സമൂഹത്തിലെ സാധാരണ ജനങ്ങളുടെ മറ്റെല്ലാ ജീവിതപ്രശ്നങ്ങൾക്കും ഒപ്പം അടുക്കളയിൽ തൊഴിലെടുക്കുന്ന സ്​ത്രീകളുടെ പ്രശ്നങ്ങളും കൂടി ചേർത്തുവെച്ചു കാണേണ്ടതുണ്ട്. നിരന്തരം പുതുക്കുവാനും ആത്്മാവിഷ്കാരം നടത്തുവാനും തന്നെത്തന്നെ നവീകരിക്കുവാനുമുള്ള ഇടമായി അടുക്കളയെ പരിവർത്തിപ്പിക്കുവാൻ കഴിയുമെന്നു തെളിയിച്ച ഒട്ടേറെ സ്​ത്രീകൾ നമുക്കു ചുറ്റുമുണ്ട്. അവരുടെ അനുഭവക്കുറിപ്പുകൾ പരിചയപ്പെടുത്തുകയും വായിക്കാൻ േപ്രരിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രശസ്​ത എഴുത്തുകാരിയായ മായാ ആഞ്ജലോ എഴുത്തിനോടൊപ്പം പാചകഷോകൾ നടത്തുകയും പാചകപ്പുസ്​തകങ്ങൾ എഴുതുകയും ചെയ്യുമായിരുന്നു. എഴുത്തു പോലെ തന്നെ സർഗാത്്മകമാണ് പാചകവും എന്നാണവർ പറയുന്നത്. വായിക്കുവാനുള്ള ആർത്തിക്കു സമാനമായാണ് ഭക്ഷണത്തിനുള്ള ആർത്തിയേയും അവർ കാണുന്നത്.  

വെള്ളത്തിൽ കിടക്കുന്ന തവള വെള്ളം കുടിച്ചോ കുടിക്കാതെയോ കിടക്കുന്നതെന്ന് ആരും അന്വേഷിക്കാറില്ല. അതു പോലെയായിരുന്നു മുൻപ് അടുക്കളകളിലെ സ്​ത്രീകളുടെ അവസ്​ഥ. ത്യാഗം മാത്രം ശീലിച്ച അത്തരം കൂപമണ്ഡൂകങ്ങൾ ഇന്നധികം ഇല്ല. സങ്കീർണ്ണമായ ജീവിതത്തി​​​​​​​​​​​​​​​​െൻറ രക്ഷ ചെറിയചെറിയ സന്തോഷങ്ങളിലാണ് എന്നു തിരിച്ചറിയുന്ന ഒരു ലോകത്തി​​​​​​​​​​​​​​​​െൻറ ഭാഗമാണല്ലോ പുതിയ അടുക്കളയും അതിലെ പുതിയ ഞാനും.. രുചിയറിയാനുള്ള നാവി​​​​​​​​​​​​​​​​െൻറ കൊതി പല അടുക്കളകളെയും ആഘോഷപ്പുരകളാക്കി മാറ്റുന്നു. വിതരണം ചെയ്യാൻ മാത്രമുള്ളതല്ല രുചിയനുഭവങ്ങൾ. സ്വന്തം ശരീരത്തിനു കൂടി ആവശ്യമുള്ള സ്വാദറിയാതെ ജീവിതം പൂർണമാകുന്നില്ല എന്ന് ഇന്നത്തെ അമ്മ തിരിച്ചറിയുകയാണ്. അടുക്കളകളിൽ അദ്​ഭുതങ്ങളാണ് സംഭവിക്കുന്നത്. പച്ചവെള്ളം മുന്തിരിച്ചാറാകുന്നു. അഞ്ചപ്പത്തിൽ അനേകർ സന്തുഷ്​ടരാകുന്നു. തീൻമേശ ഒരൾത്താരയാകുന്നു എന്ന് പ്രശസ്​തഫെമിനിസ്റ്റ് ജേർമെയ്ൻ ഗ്രീർ പറഞ്ഞത് ശരിയാണ് .

സാമ്പാർ, അവിയൽ, ഇറച്ചി ഉലർത്തിയത്, മീൻ മുളകിട്ടത് തുടങ്ങിയ പരമ്പരാഗതകറികളിൽ നിന്ന്, വീട്ടടുക്കളകൾ അതിവേഗം പുതിയ പുതിയ രുചിക്കൂട്ടുകളിലേക്ക് ഓടിക്കയറി. ‘ഇന്നുച്ചക്ക് ആലുപോഹയാണ് ഭക്ഷണം. അമ്മ അടുക്കളയിലേക്കു വരണ്ട’ എന്നു മോൾ പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി. എന്താകും അവൾ അടുക്കളയിൽ കാട്ടിക്കൂട്ടുക എന്ന് എന്നിലെ ഫ്യൂഡൽ വീട്ടമ്മ തല പൊക്കിയെങ്കിലും  ഞാൻ തടഞ്ഞു നിർത്തി. ആലു, ഉരുളക്കിഴങ്ങാണെന്നിപ്പോൾ മലയാളികൾക്കറിയാം. പോഹ എന്താണെന്ന് എനിക്കറിയില്ലായിരുന്നു. അവിലും വേവിച്ച ഉരുളക്കിഴങ്ങും മഞ്ഞൾപ്പൊടിയും പച്ചമുളകും കടലപ്പരിപ്പും കടുകും നാരങ്ങാനീരും എല്ലാം ചേർത്ത് പത്തു മിനിറ്റിനുള്ളിൽ, സേർവിങ് ബൗളിലേക്കു മാറ്റി മുകളിൽ നാളികേരം ചിരകിയതും ചേർത്ത് മനോഹരമായി അലങ്കരിച്ച് മുന്നിലെത്തിയ ‘ആലുപോഹ’ വളരെ രുചികരമായ വിഭവമായിരുന്നു. പരമ്പരാഗത രുചികളല്ലാതെ ഉച്ചഭക്ഷണം കഴിക്കില്ല എന്ന വീട്ടിലെ നിയമം അനായാസം അവൾ പൊളിച്ചു കളഞ്ഞു. ഗൂഗിളിൽ സർച്ച് ചെയ്ത് കാലറി കുറഞ്ഞ രുചികരമായ വിഭവങ്ങൾ ആഘോഷമായി ഉണ്ടാക്കുന്ന കൗമാരക്കാരായ കുട്ടികളുടെ കാലമാണിത്. ആൺപെൺഭേദമില്ലാതെ അവർ പാചകത്തിലേർപ്പെട്ടു തുടങ്ങിയിരിക്കുന്നു. നാലു നേരവും ഭക്ഷണമുണ്ടാക്കലും കുടുംബത്തെ ഒന്നടങ്കം പോറ്റലുമല്ല  അവർക്കു പാചകം. അവർക്കു വേണ്ടത് വേണ്ടപ്പോൾ ഉണ്ടാക്കുകയാണ്. അടുക്കള അവർക്ക് വേവുനിലമല്ല. നൃത്തവേദിയാണ്. ചെവിയിൽ സംഗീതം. മുന്നിൽ റെസീപ്പി. കാതിലും കാലിലും കൈയിലും താളം.. മാറിയകാലത്ത് പാചകവും ഒരാനന്ദമാർഗമാകുന്നു. അടുക്കളകൾ ആനന്ദമാർഗ്ഗികളുടെ അന്വേഷണപ്പുരകളാകുന്നു.

ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കുകയോ പാഴ്സൽ വാങ്ങിക്കൊണ്ടു വരുകയോ ഒക്കെ ചിന്തിക്കുക പോലും ചെയ്യാതിരുന്നവർ വീട്ടടുക്കളയുടെ പേരും മണവും വിഭവങ്ങളും ഉള്ള ഹോട്ടലുകൾ തേടി പരക്കം പായുന്നു. പുട്ടുപുര, പുട്ടു ഹൗസ്​, ദേ പുട്ട്, മദേഴ്സ്​ കിച്ചൻ, നാടൻ അടുക്കള, വാഴയില, ഗ്രാൻഡ്മാസ്​ കിച്ചൻ, വീട്ടിലെ ഉൗണ് ഇതൊക്കെയാണ് പുറത്ത് നമ്മൾ തേടി നടക്കുന്നത്. അകത്ത് വിശേഷ റെസീപ്പികളും. ജീവിക്കാനായി ഉള്ളിലേക്കെടുക്കുന്ന ആഹാരം തന്നിൽ ഉൾച്ചേർന്ന് താൻതന്നെയായി മാറുന്നു. ഒരു ജനതയുടെ ആഹാരശീലങ്ങളും ലോകത്തെ കുറിച്ചുള്ള അതി​​​​​​​​​​​​​​​​െൻറ  കാഴ്ചപ്പാടും അങ്ങനെ ഒന്നാകുന്നു. 


 

Show Full Article
TAGS:onam nostalgia oanam celebration kerala onam 
Next Story