Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഅമ്മ മണക്കുന്ന...

അമ്മ മണക്കുന്ന ഒാണക്കാലങ്ങൾ

text_fields
bookmark_border
അമ്മ മണക്കുന്ന ഒാണക്കാലങ്ങൾ
cancel

ഇന്നലെ ഞാൻ പൊന്നിയോട്, എെ​ൻറ മകളോട് ചോദിച്ചു, ഓണത്തിന് അമ്മൂന് നാട്ടിലേക്ക് പോണോ? 
വേണം എന്നായിരുന്നു അവളുടെ  ഉത്തരം. നാട്ടിൽ പോയാൽ അവൾക്ക് എല്ലാവരേയും കാണാം, ഉൗഞ്ഞാലാടാം, ആകപ്പാടെ രസമാണ്. 
ജനിച്ചു വളർന്ന നാട്ടിൽ നിന്ന്,  ജോലി ചെയ്യുന്ന മറ്റൊരു സ്​ഥലത്തുവന്ന്​ വീടുവെച്ച് താമസിക്കുമ്പോൾ ഇതൊന്നും നമ്മുടെ സ്വന്തം നാടല്ലെന്ന് ഓർമപ്പെടുത്താൻ ഓരോ വർഷവും ഓണം വരും, വിഷു വരും. ജന്മനാട്ടിലാണ് ഓണം. എ​​​​​​​​െൻറ ഓണത്തി​​​​​​​​െൻറ  ഏറ്റവും നല്ല ഓർമകളിരിക്കുന്നത് അവിടെയാണ്. സ്വന്തം എന്നു പറയാൻ ഒരു നാടുണ്ടാവുക എന്നത് തന്നെ ഭാഗ്യം. പക്ഷേ, അവിടെ നമ്മളെ ആവശ്യമുള്ളവർ, നമുക്കാവശ്യമുള്ളവർ ഉണ്ടായിരിക്കുന്നിടത്തോളം മാത്രമായിരിക്കും ഈ ആകർഷണത്തിന് നിലനിൽപുണ്ടായിരിക്കുക എന്നും തോന്നുന്നു.   

തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകര എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. എനിക്ക് മൂന്നു മാസം പ്രായമുള്ളപ്പോൾ അച്ഛൻ  മരിച്ചു പോയിരുന്നു. അച്ഛനില്ലാത്ത വീട്ടിലെ ഇളയ കുട്ടിയായ എന്നെ സ്​നേഹവാഝല്യങ്ങളുടെ മഹാ നിറവുകളിലാണ് അമ്മയും മൂത്ത രണ്ട് ചേട്ടന്മാരും രണ്ട് ചേച്ചിമാരും വളർത്തി വലുതാക്കിയത്. ഏറ്റവും ഇളയ കുട്ടിയായതുകൊണ്ട് ഉണ്ണി എന്ന് വിളിപ്പേരുണ്ടായി. ഇപ്പോഴും വീട്ടിലെത്തിയാൽ പേര് ഇങ്ങനെ തന്നെ. 23 വയസ്സു വരെ   അമ്മയുടെ ഒപ്പം  സ്വന്തം വീട്ടിൽ ജീവിച്ചു. അമ്മയാണെനിക്ക് ഓണത്തി​​​​​​​​െൻറ നിറങ്ങളും മണങ്ങളും രുചികളും, തൃക്കാക്കരപ്പനും ആറാപ്പ് വിളികളും കളികളും വിരുന്നുകളും സമൃദ്ധമായി, എന്നെന്നേക്കുമായി തന്നത്.  

മഴക്കാലം തീർന്ന് ഇളവെയിൽ മുറ്റത്തെ മണ്ണിനെ വാരിപ്പുണരും. ഓണം വരുന്നതിന് മുമ്പ്, മുറ്റവും പറമ്പും ആകെ സുന്ദരമാകും. അമ്മക്കത് നിർബന്ധമാണ്. വിശാലമായ  മുറ്റമാണ്. മുററത്ത് വലിയ കിളിച്ചുണ്ടൻമാവ് കുട്ടികളുടെ ഈഞ്ഞാലാട്ടത്തിന് ചില്ല നീട്ടി അക്ഷമയോടെ കാത്തുനിൽക്കുന്നു. പറമ്പിൽ നിറയെ തെങ്ങുകൾ. അച്ഛൻ മരിച്ചതിനു ശേഷം, അമ്മക്ക് ഞങ്ങളെ പഠിപ്പിക്കാനും മറ്റു ചിലവുകൾക്കുമുള്ള പണം തരുന്ന കല്പവൃക്ഷങ്ങൾ. തെങ്ങുകൾക്കിടയിൽ ഒരിഞ്ചു ഭൂമി വെറുതെ വെയ്ക്കാതെ അമ്മയുടെ അമരപ്പന്തൽ, കയ്പ, കാവത്ത്, ചെറുകിഴങ്ങ്, കൂർക്ക, കപ്പലണ്ടി, വെളുത്ത ചേമ്പ്, കറുത്ത ചേമ്പ്, ചീനച്ചേമ്പ്, കുളച്ചേമ്പ്, കറുത്ത മണിപ്പയർ, ചുവന്ന മണിപ്പയർ, പുള്ളിമണിപ്പയർ, കടപ്ലാവ്, ഇരുമ്പമ്പുളി, വാളൻ പുളിമരം, മൽഗോവ, മുവാണ്ടൻ മാവുകൾ, അടയ്ക്കാ മരം, പുല്ല് (റാഗി), കപ്പ (സ്വീറ്റ് പൊട്ടറ്റോ), കൊള്ളി (മരച്ചീനി), മധുരക്കിഴങ്ങ്, കൂവ, നേന്ത്രൻ, ഞാലിപ്പൂവൻ വാഴകൾ,  പടവലം, കുമ്പളങ്ങ, മത്തങ്ങ, വഴുതനങ്ങ, കറിവേപ്പ്, പച്ചമുളക്, ചീര, മുരിങ്ങ, കുരുമുളക്, ഇഞ്ചി, മാങ്ങിഞ്ചി, ആത്തമരം, പേര, സീതപ്പഴം, പപ്പായ മരങ്ങൾ, കാട്ടു തൃത്താവ്, നീലമരി, ശതാവരി, പുളിയിൽ പടർത്തിയ ചിറ്റമൃത്, വെറ്റില, വയലിനോട് ചേർന്ന കിഴക്കേ അതിരിൽ  കൈതയും കൊന്നമരങ്ങളും. മുറ്റത്ത് തൃത്താവ്, തുളസി, മുല്ല, കനകാംബരം, ശംഖുപുഷ്പം, കോളാമ്പിപ്പൂ, ചെത്തി, ചെമ്പരത്തി, ചെണ്ടുമല്ലി, ജമന്തി, ആകാശമല്ലി, നിത്യകല്ല്യാണി, പടി വരെ രണ്ടു നിരയായി ബുഷ് ചെടികൾ. പിന്നെ മുട്ടയിടുന്ന കോഴികൾ. ബ്രാലുകളും കരിപ്പിടികളും മുശുക്കളുമുള്ള വലിയ കുളവും  മണിയെന്ന് പേരുള്ള  പട്ടിയും. ഇത്രയുമാണ് ഞങ്ങളുടെ ജീവിത വിഭവങ്ങൾ. 

ഞങ്ങൾ ആറു മക്കളും അമ്മയും. അച്ഛനെ മരണം വന്നു വിളിച്ചത് തീരെ അപ്രതീക്ഷിതമായി, ഹൃദയാഘാതത്തി​​​​​​​​െൻറ  രൂപത്തിലായിരുന്നു. സിലോണിലായിരുന്നു അച്ഛന് ജോലി. അവിടെ ജോലി ചെയ്തു കൊണ്ട് അച്ഛ​​​​​​​​െൻറ വീട്ടിലെ എല്ലാവരുടേയും കാര്യങ്ങൾ നോക്കി നടത്തി. നാലു സഹോദരിമാരുടെ വിവാഹവും അനുബന്ധ ചെലവുകളും രണ്ട് അനിയൻമാരുടെ വിദ്യാഭ്യാസവും എല്ലാം അച്ഛ​​​​​​​​െൻറ ഉത്തരവാദിത്വമായിരുന്നു. എല്ലാം ചെയ്തു തീർത്ത്, സിലോണിൽ നിന്ന് വരുമ്പോൾ ഭാര്യയും മക്കളുമായി  തറവാട്ടിൽ നിന്ന് മാറി താമസിക്കാനായി തൊട്ടടുത്ത് ഭൂമി വാങ്ങുകയും വീടു വെയ്ക്കുകയും ചെയ്തതു കൊണ്ട് മാത്രം, ഞങ്ങളെ ചിറകിൻ കീഴിലൊതുക്കി ഉള്ളതു പോലെ നോക്കി വളർത്താൻ അമ്മക്ക്  കഴിഞ്ഞു. ഞങ്ങളെ വളർത്തി വലുതാക്കാനുള്ള അമ്മയുടെ പ്രധാന  ആശ്രയം ഈ ഭൂമിയും കൃഷിയുമാണ്. മറ്റൊരാശ്രയം അമ്മയുടെ വീടാണ്.  അവിടെ നെൽകൃഷിയുണ്ട്. കൊയ്ത്തു കഴിഞ്ഞാൽ നെല്ലും  അരിയും കൊണ്ട് മാമൻ വരും. അമ്മ പറമ്പിൽ കഠിനാദ്ധ്വാനം ചെയ്തു. ആരേയും പറമ്പിലെ പണിക്ക് വിളിക്കുന്നത് എ​​​​​​​​െൻറ ഓർമയിലില്ല. കൈക്കോട്ട് പിടിക്കാറായപ്പോൾ മുതൽ ചേമ്പിനും പയറിനുമൊക്കെ തടമെടുക്കാൻ ഞാനും അമ്മയോടൊപ്പമുണ്ട്. വിത്തുകൾ അമ്മ എന്നെക്കൊണ്ട് നടീച്ചു. അമ്മ എന്നെ കൃഷിയുടെ ബാലപാഠം പഠിപ്പിക്കുകയായിരുന്നു. തടമെടുക്കുന്നത്, വളമിടുന്നത്, ഇല വരുന്നത്, പൂവിടുന്നത്,                  കായ്ക്കുന്നത്, വിളയുന്നത്, വിളവെടുക്കുന്നത്, വിത്തെടുക്കുന്നത്, അധികമുള്ളത് സൂക്ഷിച്ചു വെയ്ക്കുന്നത് എല്ലാം കണ്ടും ചെയ്തും ഞാൻ പഠിച്ചു.

എല്ലാ മാസവും വേലായുധൻ വന്ന് തെങ്ങുകയറും. ചേച്ചിമാരും ഞാനും നാളികേരം പെറുക്കിക്കൂട്ടൂം. തെങ്ങുകയറ്റം കഴിഞ്ഞ് വേലായുധൻ തന്നെ നാളികേരമെണ്ണും. വേലായുധനുള്ള  പങ്കെടുക്കും.  നാളികേരം പൊളിക്കാൻ വരുന്ന ചാക്കോ മാപ്ല പൊളിക്കുമ്പോ തന്നെ മൂന്നായി തരം തിരിച്ചിടും. നല്ല പോലെ വിളഞ്ഞത്, പേട്, വാടിയത്.  നല്ലതെല്ലാം ചാക്കോ മാപ്ല കൊണ്ടു പോകും. അമ്മ മുണ്ടും നേര്യതുമുടുത്ത് ചാക്കോമാപ്ല മുതലാളിയുടെ കൊപ്രക്കളത്തിലേക്ക് പിറകേ പോകും, തിരിച്ച് വരുമ്പോ അമ്മയുടെ കയ്യിൽ വലിയ നോട്ടുകൾ ഉണ്ടാകും.  

വാടിയ തേങ്ങ മുഴുവനും അമ്മ ഉണക്കി കൊപ്രയാക്കും. എന്നിട്ടും വെളിച്ചെണ്ണ തികയാതെ വരുമ്പോൾ മാത്രം വീട്ടിലേക്ക് ചെലവിനായെടുത്തു വെച്ച നാളികേരം കുറച്ചെണ്ണം  എടുത്ത് അമ്മ വെന്ത വെളിച്ചെണ്ണയുണ്ടാക്കും. അത് നോക്കിക്കണ്ട് വെന്ത വെളിച്ചെണ്ണയുണ്ടാക്കാൻ ഞാനും പഠിച്ചു. വെന്തവെളിച്ചെണ്ണയുടേത് കൊതിപ്പിക്കുന്ന മണവും രുചിയുമാണ്. 

ഓണം വരുമ്പോഴേക്കും അമ്മ ആദ്യം തുടങ്ങുന്ന പണികൾ  അവലോസുപൊടി വറുക്കുക, അച്ചപ്പമുണ്ടാക്കുക, വെട്ടുപലഹാരമുണ്ടാക്കുക, വട്ടനുപ്പേരിയും ശർക്കര വരട്ടിയും ഉണ്ടാക്കുക, ഇഞ്ചംപുളിയുണ്ടാക്കുക, കറിനാരങ്ങ അച്ചാറിടുക  എന്നിങ്ങനെയാണ്. പിന്നെ ഓണക്കോടി എടുക്കലാണ്. വലിയ ടെക്സറ്റൈൽ ഷോപ്പുകളൊന്നുമല്ല, പെരിങ്ങോട്ടുകര നാലും കൂടിയ സ​​​​​​​െൻററിനോട്​ ചേർന്ന ബുധനാഴ്ച ചന്തയുണ്ട്, അതിനോട് ചേർന്ന് ഒരു ചെറിയ തുണിപ്പീടികയുണ്ട്. അവിടെ നിന്നാണ് ഞങ്ങൾക്ക് ഡ്രസ്സിനുള്ള തുണിയെടുക്കുന്നത്. അമ്മയുടെ ശരീരത്തി​​​​​​​​െൻറ ഒരു ഭാഗം പോലെ ഒപ്പം ഞാനുമുണ്ടാകും. തുണിപ്പീടികയോടു ചേർന്നു തന്നെ എല്ലാവരും കേശവേട്ടൻ എന്നു വിളിക്കുന്ന തുന്നൽക്കാരെൻ്റ കടയുണ്ട്.  അവിടെ അളവെടുത്ത് തുന്നാൻ കൊടുക്കും. ഓണത്തി​​​​​​​​െൻറ തലേ ദിവസം മാത്രമേ കിട്ടൂ. കുറേയാളുകൾക്ക് കൊടുക്കാനായി അത്രയധികം തുന്നിത്തീർക്കാനുണ്ടാവും കേശവേട്ടന്.  

അത്തം മുതൽ കിഴക്കേ മുറ്റത്ത് ചാണകം മെഴുകി തുമ്പപ്പൂക്കളമുണ്ടാക്കും. മുറ്റത്തെ  ചെമ്പരത്തിപ്പൂ, ചെത്തിപ്പൂ, ചെണ്ടുമല്ലിപ്പൂ, നിത്യകല്ല്യാണിയുടെ നക്ഷത്രപ്പൂക്കൾ, കോളാമ്പിപ്പൂ,  മുക്കുറ്റിപ്പൂ,  പിന്നെ കണ്ണിൽ കാണുന്ന വിരിഞ്ഞു നിൽക്കുന്ന സകലപൂക്കളും പറിച്ചെടുത്ത്   പൂക്കളം കൂടുതൽ സുന്ദരമാക്കുന്നത് എനിക്ക്  സന്തോഷമാണ്. എന്നിട്ടാണ് രാവിലെ സ്​കൂളിൽ പോവുക.  

ഓണസദ്യക്കുള്ള ചുവന്ന കുത്തരി മാമ​​​​​​​​െൻറ വീട്ടിൽ നിന്ന് കൊണ്ടുവരുന്നത് അമ്മ കാത്തുവെയ്ക്കും. പച്ചക്കറികൾ അധികം വാങ്ങേണ്ടതില്ല. പിന്നെ വാങ്ങുന്നത് പഴക്കുലയാണ്. നേന്ത്രക്കുലയും ചെറുപഴക്കുലകളും വീട്ടിലെത്തുന്ന ദിവസം മുതൽ ശരിക്കും ഓണം, മുറ്റത്തു നിന്ന് വീടിനകത്തേക്ക് കയറി വരും. തെക്കേ മുറിയിൽ കൈയെത്താവുന്ന ഉയരത്തിൽ മുകളിൽ നിന്ന് കെട്ടിത്തൂക്കുന്ന പഴക്കുലകൾ എ​​​​​​​​െൻറ ഏറ്റവും വലിയ ആകർഷണമാണ്. ഓണക്കാലത്ത് നേന്ത്രപ്പഴം ഞാൻ കഴിക്കാറേയില്ല. ചെറുപഴമാണെനിക്ക് ഇഷ്​ടം. ഇഷ്​ടമെന്ന് പറഞ്ഞാൽ പോരാ. അത്രയ്ക്കും ഇഷ്​ടം. അതുകൊണ്ടാണ് അമ്മ ചെറുപഴക്കുലകൾ അധികം വാങ്ങുന്നത്.    

കല്ല്യാണം കഴിഞ്ഞു വീട്ടിൽ നിന്ന് പോകുന്നതു വരേയും  വെല്ല്യേച്ചിയും കുഞ്ഞേച്ചിയും അടുക്കളയിലെ പണികൾ അമ്മയോടൊപ്പം ചെയ്​തിരുന്നു. ഓണത്തിന് പണികൾ കൂടുതലാണ്. ഉത്രാടദിവസം  രാവിലെ മുതൽ തുടങ്ങും.  തുമ്പപ്പൂ പറിച്ചു കൊണ്ടു വരേണ്ട ജോലി എനിക്കായിരുന്നു. കുറച്ചൊന്നും പോര.  മുറ്റത്തെ വലിയ കളത്തിലും പടിയ്ക്കലെ ചെറിയ കളത്തിലും നിറയെ കൂമ്പാരം കൂട്ടി  ഇടാനുള്ളത്രയും വേണം. മുറ്റത്തെ കളത്തിനെ  പടിക്കലെ കളത്തിനോട് ബന്ധിപ്പിക്കാൻ നീളത്തിൽ തുമ്പപ്പൂവിടുകയും ചെയ്യും. എന്നെപ്പോലെ തന്നെ, മണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരപ്പനും രാത്രിയാവാൻ അക്ഷമയോടെ കാത്തിരിക്കും.

ഉത്രാടരാത്രി നല്ല നിലാവുണ്ടാകും. ഓണനിലാവെന്ന് അമ്മ പറയുന്നതാണ് ഞാനാദ്യം കേട്ടിട്ടുള്ളത്. ഒാണനിലാവിനെക്കുറിച്ചുള്ള കവിതകളൊക്കെ പിന്നീടാണ് വായിച്ചത്​. സന്ധ്യക്ക് മുൻപ് തന്നെ വെല്ല്യേച്ചി, മുറ്റത്തിരുന്ന് വാളൻപുളിയും ചാരവുമിട്ട് തേച്ചു തേച്ചു കഴുകി വെച്ചിട്ടുള്ള വലിയ ഓട്ടു നിലവിളക്കും ഓട്ടുകിണ്ടിയും  ഇറയത്തേക്ക്  കയറി വരുന്ന നിലാവിൽ വെട്ടിത്തിളങ്ങിയിരിക്കും. നിലാവത്ത് ഭംഗിയിൽ മുറ്റമടിക്കുന്ന കുഞ്ഞേച്ചിയുടെ പിറകേ ഞാൻ കൂട്ടു നടക്കും. അമ്മ അടുക്കളയിൽ, മൺകലത്തിൽ പൂവട ചുട്ടെടുക്കുന്ന മണം കേട്ട് ഇടയ്ക്കിടെ അടുക്കളയിലേക്ക് ചെന്ന് അമ്മയോട് ഓരോരോ വർത്തമാനം പറയും. എത്ര കൊതി വന്നാലും ആറാപ്പൂട്ടിയിട്ടേ പൂവട  തിന്നാവൂ. പക്ഷേ ആറാപ്പൂട്ടാനുള്ള രണ്ട് അടകൾ മാറ്റി വെച്ചിട്ട് അമ്മ എനിക്ക് ഇലയോടുകൂടി അട കയ്യിൽ തരും. അതി​​​​​​​െൻറ  മണവും രുചിയും വിവരിക്കാനാവാത്തതാണ്. 
മുറ്റമടി കഴിഞ്ഞാൽ ചാണകം കൊണ്ട് കുഞ്ഞേച്ചി കളം മെഴുകും. ഓട്ടു വിളക്കിൽ വെളിച്ചെണ്ണയൊഴിച്ച് തിരികളിട്ട്, കിണ്ടിയിൽ വെള്ളമെടുത്ത്, വാഴയുടെ നാക്കില മുറിച്ചെടുത്ത്, കളത്തിനടുത്തു വെയ്ക്കും. ആറാപ്പു കൂട്ടാനുള്ള പൂവടകൾ അമ്മ പലകമേൽ വാഴയിലയിൽ നിലവിളക്കിനടുത്തു വെയ്ക്കും.  കുഞ്ഞേട്ടനാണ് പൂജകൾ ചെയ്യേണ്ടത്. പക്ഷേ അമ്മ എന്നെക്കൊണ്ടും അതെല്ലാം ചെയ്യിക്കും. ആൺകുട്ടികൾ മാത്രമേ ചെയ്യാൻ പാടുള്ളു എന്നു പറയുന്നതൊക്കെ അമ്മ എന്നെക്കൊണ്ടും ചെയ്യിച്ചു. ഞാനതിൽ അതിയായി സന്തോഷിക്കുകയും സ്വയം അഭിമാനിക്കുകയും ചെയ്തിരുന്നു. 

കുഞ്ഞേട്ടനും ഞാനും പൂജകൾ മുഴുവൻ ചെയ്ത് കഴിഞ്ഞ് കളം നിറയെ തുമ്പപ്പൂക്കളമിട്ട്, അതിനുള്ളിൽ പൂവട വെച്ച്, ആറാപ്പു വിളിക്കുമ്പോൾ  സന്തോഷം കൊണ്ട്് മാനത്തോളം  പറക്കുന്നതു പോലെ എനിക്ക് തോന്നും. നാളികേരം പൊട്ടിച്ച് നാളികേരവെള്ളം കളയാതെ രണ്ടു മുറിയിലും പകുതി വീതമെടുത്ത്  കളത്തിലെ തുമ്പപ്പുക്കളിൽ വെച്ച്, അമ്മ ആ വെള്ളത്തിലേക്ക് തുമ്പപ്പൂവിലയുടെ രണ്ടറ്റം പൊട്ടിച്ച് ഓരോ നാളികേരമുറിയിലും ഇടുന്നതു കാണാം. അതിലേക്കു സൂക്ഷിച്ചു നോക്കുന്നതും. ലക്ഷണം നോക്കുകയാണ്. പക്ഷേ അതി​​​​​​​െൻറ മാന്ത്രിക രഹസ്യം എനിക്കറിയില്ല. അമ്മക്ക് എന്തൊക്കെയോ മാസ്​മരിക ശകതികളുള്ളതു പോലെ എനിക്കെപ്പോഴും തോന്നാറുണ്ട്. അല്ലെങ്കിലും ഭർത്താവ് മരിക്കുമ്പോൾ വെറും തൊണ്ണൂറു ദിവസം മാത്രമുള്ള എന്നേയും അതിനു മുകളിൽ രണ്ടു വയസ്സുകളുടെ മാത്രം വ്യത്യാസമുള്ള അഞ്ചു മക്കളേയും ഒറ്റക്ക് വളർത്തിയെടുക്കാൻ മാന്ത്രികമായ മനഃശകതിയില്ലാതെ ഒരു സ്​ത്രീക്കും കഴിയുമായിരുന്നില്ലല്ലോ.

അമ്മയുടെ പാചകം വിശേഷമാണ്. സാമ്പാറ്, അവിയൽ, എരിശ്ശേരി, കാളൻ, ഓലൻ, മാമ്പഴം, വെള്ളരിക്ക, ചേമ്പു എന്നിവ കൊണ്ടുള്ള പല തരം പുളിശ്ശേരി,  ഉരുളക്കിഴങ്ങും സബോളയും വറുത്തരച്ച കറി, കടച്ചക്ക വറുത്തരച്ച കറി, പരിപ്പ് കുത്തിക്കാച്ചിയത്, പയറ് കുത്തിക്കാച്ചിയത്, പല തരം മെഴുക്കുപുരട്ടികൾ, പുഴുക്കുകൾ, തോരനുകൾ, മീൻകറി, ഉരുളക്കിഴങ്ങും കുമ്പളങ്ങയുമിട്ട് വറുത്തരച്ച് വെയ്ക്കുന്ന കോഴിയിറച്ചിക്കറി, കുരുമുളകിട്ട് ഉലർത്തിയെടുക്കുന്ന പോത്തിറച്ചി, ഇളം മഞ്ഞ നിറമുള്ള ആട്ടിറച്ചിക്കറി, മുട്ടക്കറി, മുട്ട കൊത്തിപ്പൊരിച്ചത്, ഓംലെറ്റ്, സൂപ്പുകൾ, പല തരം പലഹാരങ്ങൾ ഓരോന്നിലുമുള്ള കൈപ്പുണ്യത്തിൽ ഞാൻ അത്യന്തം ആകൃഷ്​ടയായി. അമ്മയുണ്ടാക്കുന്ന മോരുവെള്ളം പോലും എന്നെ കീഴടക്കും. ഉപ്പിട്ട്, ഇഞ്ചിയും കുഞ്ഞുള്ളിയും, പച്ചമുളകും അരിഞ്ഞ് കറിവേപ്പിലയും കൂട്ടി തിരുമ്മുന്നതാണ് മോരുവെള്ളം. 

മീനും ഇറച്ചിയുമൊന്നും കഴിക്കാത്ത അമ്മ ഞങ്ങൾക്കു വേണ്ടി അതൊക്കെ ഉണ്ടാക്കുമ്പോൾ അതിലെ എരിവും ഉപ്പും പുളിയും മണവും രുചിയും ഇത്ര കൃത്യമാവുന്നതെങ്ങനെ എന്നത്​ അദ്​ഭുതമായിരുന്നു. ഇപ്പോൾ ആ അദ്​ഭുതമില്ല. അമ്മയുടെ കൈപ്പുണ്യവും കൃത്യതയും എനിക്കും പകർന്നു    കിട്ടിയിട്ടുണ്ട്. ഭക്ഷണമുണ്ടാക്കൽ ഒരു കല തന്നെയാണ്. നല്ല ശ്രദ്ധയും ഭാവനയും സ്​നേഹവും കരുതലുമുണ്ടെങ്കിൽ ആ ഭക്ഷണത്തി​​​​​​​െൻറ രുചി, കഴിക്കുന്നവരുടെ മനസ്സിൽ എന്നെന്നേക്കുമായി നിറഞ്ഞു നിൽക്കുക തന്നെ ചെയ്യും. ഒരു നല്ല കഥ വായിക്കുമ്പോൾ, കവിത വായിക്കുമ്പോൾ, പാട്ടു കേൾക്കുമ്പോൾ, നാടകം കാണുമ്പോൾ, സിനിമ കാണുമ്പോൾ, ചിത്രം കാണുമ്പോൾ, ശിൽപം കാണുമ്പോൾ അറിയുന്ന ആനന്ദം പോലെ. 

mother's Onam
അമ്മയുമൊത്ത്​...
 

കുഞ്ഞായിരിക്കുമ്പോൾ, ഒരോണക്കാലത്ത് പനി പിടിച്ച് കിടപ്പിലായിപ്പോയ ഞാൻ കുറേശ്ശെ കഞ്ഞിയും ചുട്ട പപ്പടവും മാത്രം കഴിച്ച് ഒരാഴ്ചയോളം  കടന്നു പോയി. അമ്മ തന്നെയാണ് ചികിത്സിക്കുക. ചുക്കും കുരുമുളകും തുളസിയും ഇട്ട കാപ്പി കുടിപ്പിച്ചും, കൽക്കണ്ടമിട്ട് കൂവ കുറുക്കിത്തന്നും അങ്ങനെയങ്ങനെ അസുഖം മാറി തിരുവോണ ദിവസം എഴുന്നേറ്റപ്പോൾ            ചോറുണ്ണാനുള്ള കൊതിയും വിശപ്പുമുണ്ടായിരുന്നു. പക്ഷേ, എനിക്ക് ഓണസദ്യയല്ല വേണ്ടത്. പരിപ്പ് കുത്തിക്കാച്ചിയത് മാത്രം കൂട്ടി കുറേ ചോറുണ്ണാൻ ആർത്തി തോന്നുകയാണ്. പരിപ്പ് വേവിച്ച്, അതിൽ ആവശ്യത്തിന് വാളൻപുളി പിഴിഞ്ഞൊഴിച്ച് തിളപ്പിച്ച് പാകത്തിന് ഉപ്പിട്ട് കുറുകുമ്പോൾ,  ചെറിയ ചുവന്നുള്ളിയും ഉണക്കമുളകും കുത്തിച്ചതച്ചത് വെളിച്ചണ്ണയിൽ മൂപ്പിച്ച് മുറ്റത്ത് നിന്ന് പറിച്ചെടുക്കുന്ന  കറിവേപ്പിലയും കൂടിയിട്ട് കൃത്യം മണം വരുമ്പോൾ വേവിച്ച പരിപ്പ് ആ ചീനച്ചട്ടിയിലേക്കൊഴിക്കും. എന്നിട്ടിളക്കി വാങ്ങി വെക്കും. അതാണമ്മയുടെ പരിപ്പു കുത്തിക്കാച്ചിയത്. അന്ന് ഞാനാണ് എല്ലാവരേക്കാളും കൂടുതൽ ചോറുണ്ടിട്ടുണ്ടാവുക. ആ ഓണ സദ്യയുടെ രുചി എ​​​​​​​​െൻറ മനസ്സിൽ നിന്ന് എങ്ങനെയാണ് മാഞ്ഞു പോവുക!   
  
അമ്മ വിളമ്പിത്തന്ന മറ്റെല്ലാ ഓണസദ്യകളും ഞാനിന്ന് എ​​​​​​​െൻറ മകൾക്ക് അതേപടി കൊടുക്കാൻ ശ്രമിക്കുന്നു. പക്ഷേ, അമ്മ ഇലയിൽ വിളമ്പുന്ന കറികളുടെ കൂട്ടത്തിൽ  അതിവിശേഷപ്പെട്ട ഒരിനം, വീട്ടിൽ ഉണ്ടാവുന്ന നേന്ത്രക്കായയും പച്ചപ്പയറും ചേർന്നുള്ള മെഴുക്കുപുരട്ടിയായിരുന്നു. പറമ്പിൽ നിന്ന് പറിച്ചെടുക്കുന്ന ചുവന്ന ഒടിച്ചെള്ളിപ്പയറും അതി​​​​​​​​െൻറ മണികളും കായയും വേവിച്ച്,  അമ്മിക്കല്ലിൽ കുത്തിപ്പൊടിച്ച മുളകും ഉള്ളിയും വെളിച്ചെണ്ണയിൽ മൂപ്പിച്ച് കറിവേപ്പിലയിട്ട് വഴറ്റിയെടുത്തുണ്ടാക്കുന്ന മെഴുക്കുപുരട്ടിയുടെ അന്നത്തെ സ്വാദ് ഞാനെങ്ങനെ സൃഷ്​ടിക്കും? 

പൊന്നി തന്നത്താൻ ഇരുന്ന് ഓണസദ്യ കഴിക്കാറായതു മുതൽ ഞാൻ ഇക്കാര്യത്തിൽ പരാജയപ്പെട്ടു പോകുന്നതറിയുന്നു. കടയിൽ നിന്ന് വാങ്ങുന്ന പച്ചക്കറികൾ കൊണ്ട് കറിയുണ്ടാക്കുമ്പോൾ അമ്മയുടെ കറികളുടെ സ്വാദല്ല. മണമല്ല. ഞാനറിഞ്ഞ ഓണമല്ല പൊന്നി അറിയുന്നത്  എന്ന വിഷാദം എ​​​​​​​​െൻറ ഉള്ളിലുണ്ട്. അതിനാൽ ഞാനിപ്പോൾ ജോലി ചെയ്യുന്ന വയനാട്ടിൽ സ്വന്തമായി വാങ്ങിയ പത്തു സ​​​​​​​െൻറ്​ ഭൂമിയിൽ വീടിരിക്കുന്ന ഭാഗം കഴിഞ്ഞ് ബാക്കിയുള്ള സ്​ഥലത്തൊക്കെ പച്ചക്കറിയും പഴങ്ങളും നട്ടു വളർത്തുന്നു. പക്ഷേ, ചില ദിവസങ്ങളിൽ, പിറകിലുള്ള മണിക്കുന്നു മലയിലെ കാടിറങ്ങി വരുന്ന കുരങ്ങൻമാരുടെ പട അതെല്ലാം തിന്ന്, ചിലപ്പോൾ ഒരില പോലും ബാക്കി വെയ്ക്കാതെ സന്തോഷത്തോടെ സ്​ഥലം വിടുന്നു. അപ്പോൾ ഞാൻ വീണ്ടും ദു:ഖിതയാകും. പക്ഷേ പൊന്നിക്ക് ഞാനുണ്ടാക്കുന്നതെല്ലാം ഇഷ്​ടമാണ്. അവളുടെ സന്തോഷം എ​​​​​​​​െൻറ വിഷമത്തെ ഓടിച്ചു കളയുന്നു. ഞങ്ങളൊരുമിച്ച് ആഘോഷത്തോടെ പച്ചക്കറികളും പഴങ്ങളും വാങ്ങാൻ മാർക്കറ്റിലേക്ക് പോകുന്നു. വീട്ടിലെത്തിയാൽ അവയിലെ രാസ കീടനാശിനികളെ കഴുകിക്കളയാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നു.
 
പല തിരക്കുകൾ കൊണ്ട്, നാട്ടിലേക്ക് പോകാൻ പറ്റാത്ത ഓരോ  ഓണത്തിനും എനിക്ക് അമ്മയുണ്ടാക്കിത്തന്ന വിഭവങ്ങൾ പൊന്നിക്കു വേണ്ടി ഞാനുണ്ടാക്കുന്നു. അതു കഴിക്കുന്ന അവളുടെ സന്തോഷം കണ്ട് ഞാനും സന്തുഷ്​ടയാകുന്നു. ഇപ്പോൾ നാട്ടിലേക്ക് പോകുന്ന ഓണക്കാലങ്ങളിൽ അമ്മയുടെ അതേ കൈപ്പുണ്യത്തോടെ വെല്ല്യേച്ചിയുടെ ഓണ സദ്യയാണ് ഞങ്ങളെ    കാത്തിരിക്കുക. അമ്മയും ഓണവും, എന്തൊരു തരം വിശേഷപ്പെട്ട, അതിശയകരമായ പാരമ്പര്യമാണ്!   

2012 ആഗസ്റ്റ് 26 ന്  അമ്മ മരിച്ചു. അതും ഒരോണക്കാലമായിരുന്നു. അമ്മയെ എ​​​​​​​​െൻറ  വായനക്കാരിൽ കുറേപ്പേർക്ക് പരിചയമുണ്ടാകും. എെ​​​​​​​​െൻറ  നോവൽ ‘പിറ’യിലെ ലക്ഷ്മി, അതിസുന്ദരിയും സ്​നേഹത്തി​​​​​​​െൻറ അവതാരവുമായ എ​​​​​​​​െൻറ അമ്മ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamonam 2017chandrika
News Summary - onam chandrika-onam 2017
Next Story