നവവധു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍
text_fieldsഎകരൂൽ: പത്തു ദിവസം മുമ്പ് വിവാഹിതയായ നവവധുവിനെ ഉണ്ണികുളം ഇയ്യാട് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി മാനിപുരം കാവില്‍ സ്വദേശിനി മുണ്ടേംപുറത്ത് പരേതനായ സുനില്‍ കുമാറിന്റെയും ജിഷിയുടെയും മകള്‍ തേജലക്ഷ്മിയെയാണ് (18) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഇയ്യാട് സ്വദേശി നീറ്റോറ ചാലില്‍ ജിനുകൃഷ്ണന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച രാവിലെ ഭര്‍ത്താവ് ജിനു കൃഷ്ണ പറയുമ്പോഴാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. വീട്ടുകാര്‍ മുറിയിലെത്തിയപ്പോള്‍ തേജലക്ഷ്മി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. ജനല്‍കമ്പിയില്‍ തുണി കുരുക്കിട്ട് കെട്ടിയിരുന്നുവത്രേ. രാവിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് കെട്ടഴിച്ച് കട്ടിലില്‍ കിടത്തുകയായിരുന്നുവെന്ന് ഭര്‍ത്താവ് ജിനുകൃഷ്ണ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ഒമ്പതിന് കോഴിക്കോടുവെച്ചാണ് ഇരുവരും വിവാഹ രജിസ്ട്രേഷന് നടത്തിയത്. തേജലക്ഷ്മിയെ കാണാനില്ലെന്ന് ഫെബ്രുവരി ഒമ്പതിന് ബന്ധുക്കള്‍ കൊടുവള്ളി പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അന്ന് പൊലീസ് ഇരുവരെയും ബന്ധുക്കളെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റേയും വയസ്സ് തെളിയിക്കുന്നതിന്റേയും രേഖകള്‍ പരിശോധിച്ച് വിട്ടയക്കുകയായിരുന്നുവത്രേ. തേജലക്ഷ്മി ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യന് കോഴ്സിന് ചേര്‍ന്നിരുന്നു. ബാലുശ്ശേരി പൊലീസ്, ഫോറന്‍സിക് വിഭാഗം, തഹസില്‍ദാര്‍ ജയശ്രീ എസ്. വാര്യര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. തേജലക്ഷ്മിയുടെ സഹോദരങ്ങള്‍: അക്ഷയ, വിശാല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
