മാപ്പിളപ്പാട്ട് ഗായകൻ കെ.സി. ചെലവൂർ അന്തരിച്ചു
text_fieldsകോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകനും രചയിതാവും ചിന്തകനുമായ കെ.സി. ചെലവൂർ (കൊടക്കാട്ട് ചോലമണ്ണിൽ അബൂബക്കർ-97) നിര്യാതനായി. മലയാളത്തിനു പുറമെ ഉർദു, ഹിന്ദി ഭാഷകളിലുൾപ്പെടെ ആയിരത്തോളം പാട്ടുകൾ എഴുതി.
1956-62 കാലത്ത് ചെലവൂര്‍ പഞ്ചായത്ത് ബോര്‍ഡ് മെംബറായിരുന്നു. 1970കളില്‍ മദ്രാസില്‍നിന്ന് ഗ്രാമഫോണ്‍ റെക്കോഡ് ആര്‍ട്ടിസ്റ്റായി ധാരാളം കാസറ്റുകളും സീഡികളും പ്രസിദ്ധീകരിച്ചു. 'സാക്ഷാല്‍ ഏകദൈവത്തെ കാണാം, കണ്ടെത്താം എവിടെ എങ്ങിനെ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. കളരിയഭ്യാസിയും ആധാരമെഴുത്തുകാരനുമായിരുന്നു. അംഗീകൃത ആകാശവാണി ഗായകനായിരുന്നു. ആകാശവാണിയിൽ വർഷങ്ങളോളം മാപ്പിളപ്പാട്ട് അവതരിപ്പിച്ചു. 'അഹദായ തമ്പുരാൻ ആദ്യം പടച്ചുള്ള അമ്പിയ രാജ മുഹമ്മദെ... ', 'കാത്തിട് റഹ്മാനെ... മാപ്പരുളുന്നോനെ, ആസിയബി മർയം ചൂടി'..., 'അമ്പിയാക്കളിൽ താജൊളി വായ', 'ആലി മൂപ്പൻ അവറാൻ കെട്ടി ചതിച്ചത് കേൾക്കിൻ', 'അവളല്ല ഫാത്വിമ, ഇവളാണ് ഫാത്വിമ' തുടങ്ങിയവ ഹിറ്റുകളാണ്.
സംസ്ഥാന കായികാഭ്യാസ കളരിസംഘം ഭരണസമിതി അംഗം, മുസ്ലിം ലീഗ് കോഴിക്കോട് താലൂക്ക് ജനറൽ സെക്രട്ടറി, കുന്ദമംഗലം ഫർക്ക സെക്രട്ടറി, കേരള കലാവേദി സംസ്ഥാന ജനറൽ സെക്രട്ടറി, കായികാഭ്യാസ കളരി സംഘം സംസ്ഥാന താലൂക്ക് ജനറൽ സെക്രട്ടറി, ചെലവൂർ പുളിക്കൽ ജമാഅത്ത് കമ്മിറ്റി സ്ഥാപക സെക്രട്ടറി തുടങ്ങിയ വിവിധ പദവികൾ വഹിച്ചു. ആധാരം എഴുത്ത് യൂനിയൻ പ്രസിഡന്റായിരുന്നു.
തമിഴ്നാട്, മുംബൈ, ബംഗളൂരു, ലക്ഷദ്വീപ് എന്നിവിടങ്ങിലും പരിപാടികൾ അവതരിപ്പിച്ചു. കാസർകോട് കവി ഉബൈദ് ട്രോഫി, മോയിൻകുട്ടി വൈദ്യർ അവാർഡ്, കേരള മാപ്പിളകല അക്കാദമി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ചൂരക്കൊടി കളരി സംഘത്തിന്റെ ആദ്യകാല സെക്രട്ടറിയും സ്ഥാപകരിൽ ഒരാളുമാണ്. ഭാര്യമാർ: പരേതയായ ഫാതിമാബി, സുഹറാബി. മക്കൾ: കെ.സി. ഫസലുൽ ഹഖ് (പ്രിൻസിപ്പൽ മർകസ് അൽ ഫറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ, എറണാകുളം), കെ.സി. അമീർ ഹസൻ (ആസ്ട്രേലിയ, മർകസ് നോളജ് സിറ്റി എക്സി. ഡയറക്ടർ), ബൽകീസ് (അരീക്കാട്). മരുമക്കൾ: എം. ഹാഹിന (അത്തോളി), ശരീഫ (ചെലവൂർ), കമറുദ്ദീൻ (അരീക്കാട്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
