അഞ്ചംഗ തീർഥാടകസംഘം സഞ്ചരിച്ച വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്
പുൽപള്ളി: തീർഥാടകസംഘം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് വയനാട് പുൽപള്ളി സ്വദേശി മരിച്ചു. മരക്കടവ് കണികുളത്ത് ജോസ് (65) ആണ് മരിച്ചത്. വേളാങ്കണ്ണി തീർഥയാത്ര കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാർ ഊട്ടി-കുന്നൂർ മലമ്പാതയിലെ കൊക്കയിലേക്ക് മറിയുകയായിരുന്നു. മേട്ടുപ്പാളയം കല്ലാറിന് സമീപം വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. കാർ ഓടിച്ച ജോസിന്റെ മകൻ ജോബീഷ് (35) ജോബീഷിന്റെ മകൾ അനാമിക (ഒമ്പത്), ഭാര്യാപിതാവ് മാനന്തവാടി പുതുശ്ശേരി വെള്ളായിക്കൽ തോമസ് (68), പുതുശ്ശേരി സ്വദേശി റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ജോർജ് (60) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് വേളാങ്കണ്ണിക്ക് പോയത്. ജോസിന്റെ ഭാര്യ: അന്നമ്മ. മക്കൾ: ജോബീഷ്, ജോസ്മിൻ. മരുമക്കൾ: ടിന്റു, ജോസൂട്ടി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പെരിക്കല്ലൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.