ഇബ്രാഹിം കോട്ടക്കൽ 'മാധ്യമ'ത്തിൽ നിന്ന് വിരമിച്ചു
text_fieldsഇബ്രാഹിം കോട്ടക്കൽ
കോഴിക്കോട്: 'മാധ്യമം' ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കൽ 34 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു. 1987 ജൂലൈയിൽ പാലക്കാട് ബ്യൂറോയിൽ റിപ്പോർട്ടറായി ജോലിയിൽ പ്രവേശിച്ചു. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ബ്യൂറോകളിലും ഗൾഫ് മാധ്യമത്തിന്റെ ഖത്തർ, ബഹ്റൈൻ, ജിദ്ദ, റിയാദ് ബ്യൂറോകളിലും ചീഫ് റിപ്പോർട്ടറായി. കോഴിക്കോട് മദർ ഡെസ്കിലും മലപ്പുറം ഡെസ്കിലും ന്യൂസ് എഡിറ്ററായിട്ടുണ്ട്. മാധ്യമം ജേണലിസ്റ്റ് യൂനിയൻ മുൻ പ്രസിഡൻറായിരുന്നു.
ജനറൽ റിപ്പോർട്ടിങ്ങിന് സംസ്ഥാന സർക്കാറിന്റെ അവാർഡ്, യൂനിസെഫ് അഭിമുഖ്യത്തിൽ കേരള പ്രസ് അക്കാദമി ഏർപ്പെടുത്തിയ അവാർഡ്, അസംബ്ലി ഫോർ ഗൈഡൻസ് ആൻഡ് സർവിസ് (എയ്ജസ്) അവാർഡ് എന്നിവക്ക് അർഹനായി. 2007ലെ ഹജ്ജ്, ഡൽഹി അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കോയമ്പത്തൂർ സി.പി.എം പാർട്ടി കോൺഗ്രസ് എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക, മലേഷ്യ എന്നീ രാജ്യങ്ങളും സന്ദർശിച്ചു.
മലപ്പുറം കോട്ടക്കൽ പരേതരായ കല്ലൻകുന്നൻ അഹമ്മദ് കുട്ടിയുടെയും മാട്ടുമ്മൽ ഖദീജയുടെയും മകനാണ്. ഖദീജയാണ് ഭാര്യ. മക്കൾ: അഖില, ആദില, അനീസ. മരുമക്കൾ: അക്ബർ അലി (എം.ഇ.എച്ച്.എസ്.എസ് ഇരിമ്പിളിയം), സൽമാൻ ഫായിസ് (കാനറ ബാങ്ക്, ജലന്ധർ), മുഹമ്മദ് ആഷിക് (ബിസിനസ്).

