റോഹിങ്ക്യ മുസ്ലിംകള്‍ക്ക് പൗരത്വം നല്‍കണം: യു.എന്‍ പ്രമേയത്തിന് അംഗീകാരം
text_fieldsയുനൈറ്റഡ് നേഷൻസ്: മ്യാന്മറിലെ മുസ്ലിം ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യകൾക്ക് രാജ്യത്ത് പൗരത്വം നൽകണമെന്നാവശ്യപ്പെടുന്ന യു.എൻ പ്രമേയത്തിന് അംഗീകാരം. 193 അംഗ പൊതുസഭയിൽ സമവായത്തിലൂടെയാണ് റോഹിങ്ക്യ പ്രമേയം പാസാക്കിയത്. മ്യാന്മറിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുനേരെ നടക്കുന്ന ആക്രമണങ്ങളിൽ പൊതുസഭ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
പട്ടാളഭരണത്തിൽനിന്ന് ജനാധിപത്യ ക്രമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന മ്യാന്മറിൽ റോഹിങ്ക്യ മുസ്ലിംകൾ കടുത്ത അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് യൂറോപ്യൻ യൂനിയൻ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. ഈ വിഭാഗത്തെ ‘ബംഗാളികൾ’ എന്നു മുദ്രകുത്തി പൗരത്വം നിഷേധിക്കുന്നത് മനുഷ്യാവകാശ ധ്വംസനമാണ്. കടുത്ത വംശീയ വിവേചനമാണ് ഈ വിഭാഗം അഭിമുഖീകരിക്കുന്നത്. ഇവ൪ക്ക് മറ്റുള്ളവരെപോലെതന്നെ പൂ൪ണ പൗരത്വം നൽകുകയും രാജ്യത്തിൻെറ ഏത് ഭാഗത്തു വേണമെങ്കിലും ജീവിക്കാനുള്ള അവകാശം അംഗീകരിക്കുകയും വേണം. ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ഇവ൪ക്ക് അവസരസമത്വം ഉറപ്പുനൽകുകയും ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെട്ടു. യു.എൻ മനുഷ്യാവകാശ കമീഷൻെറ പ്രത്യേക ഓഫിസ് മ്യാന്മറിൽ ഉടൻ തുറക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
രാജ്യത്തെ 13 ലക്ഷം റോഹിങ്ക്യകൾക്ക് പൗരത്വം നിഷേധിച്ച് മ്യാന്മറിൽ സെൻസസ് പുരോഗമിക്കവെയാണ് യു.എൻ പ്രമേയത്തിന് അംഗീകാരം ലഭിക്കുന്നത്. കഴിഞ്ഞ വ൪ഷം ആരംഭിച്ച സെൻസസിൽ റോഹിങ്ക്യകളെ ബംഗാളി അഭയാ൪ഥികൾ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്.
റോഹിങ്ക്യകൾ ബംഗ്ളാദേശിൽനിന്ന് കുടിയേറിയവരാണ് എന്ന ഭൂരിപക്ഷ വിഭാഗത്തിൻെറ വാദത്തിന് പിൻബലം നൽകുന്നതായിരുന്നു ഇത്. ബംഗാളി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് വിയോജിപ്പ് പ്രകടിപ്പിക്കുന്ന റോഹിങ്ക്യകളെ തടവിലിടുമെന്നും സ൪ക്കാ൪ പ്രഖ്യാപിച്ചിരുന്നു. 280ലധികം റോഹിങ്ക്യകളുടെ മരണത്തിൽ കലാശിച്ച 2012ലെ ബുദ്ധിസ്റ്റ് കലാപത്തെ തുട൪ന്ന് മ്യാന്മറിലെ രാഖൈൻ മേഖലയിൽ 1.5 ലക്ഷത്തോളം റോഹിങ്ക്യ മുസ്ലിംകൾ അഭയാ൪ഥികളാക്കപ്പെട്ടിരുന്നു. ഇവരെയെല്ലാം ബംഗാളി പട്ടികയിൽ പെടുത്തിയാണ് സെൻസസിൽ ഉൾപ്പെടുത്തിയത്.
ഏത് സമയത്തും ഈ വിഭാഗത്തിൽപെട്ടവ൪ രാജ്യത്തുനിന്നും പുറത്താക്കപ്പെടാം. ഇത്തരത്തിൽ രാജ്യത്തെ മുഴുവൻ റോഹിങ്ക്യകളുടെയും ഭാവി ആശങ്കയിലായ സാഹചര്യത്തിലാണ് വിഷയത്തിൽ യു.എന്നിൻെറ ഇടപെടൽ.
അടുത്ത വ൪ഷം രാജ്യത്ത് നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പ് സുതാര്യമാക്കാൻ ഭരണകൂടം ശ്രമിക്കണമെന്നും യു.എൻ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
