Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2014 5:38 PM IST Updated On
date_range 29 Dec 2014 5:38 PM ISTപട്ടികവര്‍ഗ-പട്ടികജാതി വികസന ഫണ്ട് : വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി –മന്ത്രി
text_fieldsbookmark_border
കല്‍പറ്റ: പട്ടികവര്‍ഗ-പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്ന ഫണ്ട് സമയബന്ധിതമായി വിനിയോഗിക്കുന്നതില്‍ പരാജയപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പട്ടികവര്‍ഗ-യുവജനക്ഷേമകാര്യ മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. കലക്ടറേറ്റില്‍ ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികവര്‍ഗ വിഭാഗങ്ങളുള്‍പ്പെടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്ന ജനങ്ങളുള്ള ജില്ലയാണ് വയനാട്. ഇത്തരം ജനവിഭാഗങ്ങള്‍ക്കായി ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ കാര്യത്തില്‍ പ്രത്യേക പരിഗണനയും സമര്‍പ്പണബോധവും ഉദ്യോഗസ്ഥര്‍ കാണിക്കണം. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫിസുകളെ സമീപിക്കുന്നവരോട് ഏറ്റവും മാന്യവും സൗമ്യവുമായ പെരുമാറ്റം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം. പട്ടികജാതി വികസനത്തിനായി പുരോഗമനപരമായ പദ്ധതികള്‍ തയാറാക്കിയാല്‍ പണം ലഭ്യമാക്കുന്നതില്‍ തടസ്സമുണ്ടാവില്ളെന്ന് പട്ടികജാതി വികസന മന്ത്രി വ്യക്തമാക്കിയതായും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വയനാടിന്‍െറ വികസനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിഭാവനം ചെയ്യുന്ന ‘ഇന്‍റഗ്രേറ്റഡ് ഡിസ്ട്രിക്ട് ഡെവലപ്മെന്‍റ് പ്ളാന്‍’ മാര്‍ച്ചോടെ പൂര്‍ണരൂപത്തില്‍ തയാറാക്കാന്‍ എല്ലാ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഇതിനായി ആവശ്യമെങ്കില്‍ പരിചയ സമ്പന്നരായ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരുടെ സേവനവും ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു. കുഞ്ഞോം, കൈതക്കല്‍, നെല്ലിയമ്പം, അതിരാറ്റുകുന്ന് തുടങ്ങിയ സ്കൂളുകളില്‍ എല്‍.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ ഉണ്ടെങ്കിലും യു.പി വിഭാഗം ഇല്ലാത്തത് കുട്ടികള്‍ക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നതായി യോഗം വിലയിരുത്തി. പ്രശ്നം പരിഹരിക്കാന്‍ അടിയന്തരമായ നടപടികള്‍ക്കായി പ്രത്യേക കോഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിക്കും. ആര്‍.എം.എസ്.എ സ്കൂളുകളിലെ ദിവസവേതനക്കാരായ അധ്യാപകര്‍ക്ക് മാര്‍ച്ച് മാസത്തിന് ശേഷവും വേതനം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിനായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. വനത്തില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി, ഭവന നിര്‍മാണ പദ്ധതികള്‍ തുടങ്ങിയവയുടെ പുരോഗതികള്‍ അവലോകനം ചെയ്യുന്നതിനും കോഓഡിനേഷന്‍ കമ്മിറ്റികള്‍ രൂപവത്കരിക്കും. ആള്‍മറയും അനുബന്ധ സുരക്ഷാ സംവിധാനങ്ങളും കൂടാതെയുള്ള കിണര്‍ നിര്‍മാണ പദ്ധതികള്‍ക്ക് മേലില്‍ സാങ്കേതികാനുമതി നല്‍കില്ളെന്ന് യോഗത്തില്‍ ധാരണയായി. ഇക്കാര്യത്തില്‍ പഞ്ചായത്ത് അധികാരികള്‍ ശ്രദ്ധിക്കണം. മാനസികാരോഗ്യ പരിപാലന പദ്ധതിക്കായി ജില്ലക്ക് 50 ലക്ഷം രൂപ അനുവദിച്ചതായി ഡി.എം.ഒ ഡോ. നിത വിജയന്‍ അറിയിച്ചു. കാരാപ്പുഴയിലെ വെള്ളം ഉപയോഗപ്പെടുത്തിയുള്ള കല്‍പറ്റ ശുദ്ധജല വിതരണ പദ്ധതിയുടെ പരീക്ഷണ പമ്പിങ് ജനുവരിയില്‍ തുടങ്ങും. ഇതേ ഡാമിലെ വെള്ളം ഉപയോഗിച്ച് ഒമ്പത് പഞ്ചായത്തുകള്‍ക്കായി നടപ്പാക്കുന്ന ജലവിതരണ പദ്ധതികളുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ്, സബ്കലക്ടര്‍ ശ്രീറാം സാംബശിവറാവു, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.ജി. സജീവ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
