Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്രിസ്മസ്...

ക്രിസ്മസ് അടയാളപ്പെടുത്തുന്നത്

text_fields
bookmark_border
ക്രിസ്മസ് അടയാളപ്പെടുത്തുന്നത്
cancel

ഓ൪മയിലുള്ള ആദ്യത്തെ ക്രിസ്മസ് ആറു വയസ്സ്തികയാത്ത അൾത്താര ബാലൻെറ മനസ്സിലെ അത്യുത്സാഹമാണ്. 1946 സെപ്റ്റംബറിലാണ് ഞാൻ ആ ശുശ്രൂഷക്കായി വേ൪തിരിക്കപ്പെട്ടത്. അന്ന് ഞങ്ങൾക്ക് ക്രിസ്മസ് ജനുവരിയിലാണ്. ജൂലിയൻ കലണ്ട൪ ആണ് അത് അങ്ങനെ നി൪ണയിച്ചത്. പാശ്ചാത്യലോകം ഗ്രിഗോറിയൻ കലണ്ട൪ സ്വീകരിച്ചുകഴിഞ്ഞിരുന്നതിനാൽ കത്തോലിക്കരും പ്രൊട്ടസ്റ്റൻറുകാരും ഡിസംബ൪ 25 തന്നെ ആണ് ക്രിസ്മസ് ആയി ആചരിച്ചുവന്നത്. കുന്നത്തുനാട് താലൂക്കിൽ പ്രൊട്ടസ്റ്റൻറുകാ൪ ഉണ്ടായിരുന്നില്ല. കത്തോലിക്ക൪ ഒരു ദു൪ബല ന്യൂനപക്ഷം ആയിരുന്നു താനും. അതുകൊണ്ട് ക്രിസ്മസ് തീയതിയിലെ ഈ ദ്വന്ദ്വഭാവം ഞങ്ങളാരും ശ്രദ്ധിച്ചില്ല.

ശ്രദ്ധിച്ചത് പെലാലയ്ക്കുള്ള കു൪ബാനയാണ്. പെലാല സമം പെലഹാല. ചില ചേട്ടന്മാ൪ ഉപയോഗിച്ച ‘പരിഷ്കൃത’ രൂപം. പുല൪കാലം എന്ന൪ഥം. ക്രിസ്മസ് നക്ഷത്രങ്ങളില്ല. ക്രിസ്മസ് കാ൪ഡുകൾ ഇല്ല. ക്രിസ്മസ് ഫാദറുമില്ല. പള്ളിക്ക് ചുറ്റും ഉള്ള പത്തമ്പത് വീടുകളിൽ കയറി തമ്പേറും ചേങ്ങലയും ഉപയോഗിച്ച് ഉറക്കം കെടുത്തുന്ന കാരൾ എന്ന് വിവരിക്കാവുന്ന ഒരു പരിപാടി ഉണ്ടായിരുന്നെങ്കിലും അതും ‘നൊയമ്പുവീടിക’യുടെ കു൪ബാനയിലേക്കാണ് നയിച്ചിരുന്നത്.

പള്ളിയുടെ അടുത്തായിരുന്നു വീട്. ഒരു മലയുടെ കിഴക്കേ ചരിവിൽ. മുന്നിൽ വയലാണ്. വയലിനപ്പുറം പള്ളി. പള്ളിക്ക് മുന്നിൽ നമ്മുടെ എല്ലാ ആരാധനാലയങ്ങളെയും അടയാളപ്പെടുത്തിയിരുന്ന ആൽമരങ്ങൾ പോലെ ഞങ്ങളുടെ സ്വന്തം ആൽമരം. ബാല്യകാലസ്മരണയിൽനിന്ന് ചൂണ്ടിക്കാണിക്കാൻ ഇന്നും ആ നാട്ടിൻപുറത്ത് ബാക്കിനിൽക്കുന്നുണ്ട് അത്. അതിൻെറ ചില്ലകളിലും വള്ളികളിലും നിറയെ മിന്നാമിനുങ്ങുകൾ. വിദ്യുച്ഛക്തി ഇല്ലാത്ത ഗ്രാമത്തിൽ പ്രകൃതിയുടെ ദീപാലങ്കാരം.

ഇരുട്ട് കീറുന്ന വജ്രസൂചികളായി ചൂട്ടുകറ്റകൾ പള്ളിയിലേക്ക് പോവുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു. ബസും കാറും ഓട്ടോയും ഒന്നും ഇല്ലല്ളോ. പലയിടങ്ങളിൽനിന്ന് ചൂട്ട് വീശി പള്ളിയിലത്തെുന്ന കുടുംബങ്ങൾ. മൂന്ന് വഴികൾ ചേരുന്ന ഇടം കവല. പിന്നെ പന്തം കൊളുത്തി പ്രകടനം രൂപം കൊള്ളുകയായി. പള്ളിപ്പറമ്പിൽ ഒന്നോ രണ്ടോ വലിയ ദീപയഷ്ടികൾ. പള്ളിയകത്ത് പെട്രോമാക്സുകൾ. അത് വാടകക്ക് എടുത്തിരുന്നതാവണം. ഒരുവേള ‘പള്ളിക്കാര്യം’ സ്വന്തമായി സൂക്ഷിച്ചിരുന്നതുമാവാം. അയ്യായിരംപറ പാട്ടം കിട്ടുന്ന പള്ളി ആയിരുന്നു കുറുപ്പംപടിയിൽ ഞങ്ങളുടേത്.

ധനുമാസം നോമ്പുകാലമാണ്. ഇരുപത്തിയഞ്ച് ദിവസം. ഇന്നത്തെ മാതിരി ഇറച്ചിക്കടകളൊന്നും ഇല്ല നാട്ടിൻപുറത്ത്. ചില ‘വ്യവസായ സംരംഭക൪’ നോമ്പ് പിടിച്ചാൽ വൈകാതെ വീടുകൾതോറും കയറിയിറങ്ങും. ‘നൊയമ്പുവീടിക’യ്ക്ക് ഒരു ഉരു വെട്ട്ന്ന്ണ്ട്. ബ്ടെ വേണോ? എന്തോരം എടുക്കും?’’ അര റാത്തൽ. അഞ്ച് റാത്തൽ. ശേഷം അവ൪ ഷൊ൪ണൂറിനപ്പുറം വാണിയംകുളം കാളവയൽ ലക്ഷ്യമാക്കി യാത്രയാവും. പല്ലിൻെറ എണ്ണം നോക്കി വിലപേശും. ഉരുക്കളുമായി മടക്കയാത്ര. അത്ര നേരത്തേ ബുദ്ധി ഉദിക്കാത്തവ൪ക്ക് പെരുമ്പാവൂരിൽ തലേയാഴ്ചയിലെ കാളച്ചന്തയാണ് ശരണം.

ധനുമാസം കാപ്പിമരങ്ങൾ പൂക്കുന്ന കാലവുമാണ്. ഞങ്ങളുടെ നാട്ടിൽ കാപ്പിത്തോട്ടങ്ങൾ ഉണ്ടായിരുന്നില്ല. എങ്കിലും പുരയിടങ്ങളിൽ രണ്ടും മൂന്നും കാപ്പിമരങ്ങൾ ഉണ്ടായിരുന്നു. മിക്കവാറും വീടിനോടു ചേ൪ന്ന്. തോട്ടങ്ങളിൽ മനുഷ്യൻ ഇടപെട്ട് വള൪ച്ച ക്രമീകരിക്കുന്നതിനാൽ കാപ്പിമരങ്ങൾ ഉണ്ടാവാനിടയില്ല. ഞങ്ങൾക്കില്ലാതിരുന്നത് കാപ്പിച്ചെടികളാണ്. ഞങ്ങളുടെ കാപ്പിമരങ്ങൾ പൂക്കുമായിരുന്നു. ധനുമാസക്കുളിരിനെ കാൽപനികതകൊണ്ട് പുതപ്പിച്ച വെളുത്ത പൂക്കൾ. നിലാവിൽ വിരിഞ്ഞ കാപ്പിപ്പൂക്കൾ പ്രണയസുലഭമായ കൗമാരങ്ങളെ തഴുകിപ്പോവുന്ന മണം പരത്തി.

ജനനം ഡിസംബറിലോ?
യേശു ജനിച്ചത് ഡിസംബറിൽ ആവുകയില്ളെന്ന് അന്നറിഞ്ഞുകൂടായിരുന്നു. അതായിരുന്നു ശൈശവത്തിൻെറ നന്മ. ഇന്നിപ്പോൾ ഈ എഴുപത്തിമൂന്നാമത്തെ ക്രിസ്മസിൽ അറിവ് ഒരു ഭാരമായിരിക്കുന്നു. സാൻറാക്ളോസിൻെറ തൊപ്പി വിൽക്കാൻ പാതയോരങ്ങളിലെ ചുവന്ന ട്രാഫിക്ലൈറ്റിന് കാക്കുന്ന രാജസ്ഥാനി നാടോടികൾ ഉണ൪ത്തുന്നത് സഹാനുഭൂതിയാണെങ്കിലും സാൻറാക്ളോസ് വിദേശിയാണ് എന്ന അറിവ് മനസ്സിൽ സൃഷ്ടിക്കുന്നത് അനുകരണഭ്രമത്തോടുള്ള പുച്ഛമാണ്. വഴിയോരങ്ങളിലും നാൽക്കവലകളിലും പരസ്യമായി ചുംബിക്കാനാവാത്തവരുടെ അസ്വാതന്ത്ര്യത്തിൽ പ്രതിഷേധിക്കുന്നവരുടേത് മാതിരിയുള്ള അനുകരണഭ്രമംതന്നെ ആണല്ളോ സാൻറാക്ളോസും നക്ഷത്രവിളക്കുകളും ക്രിസ്മസ്ട്രീയും ഒക്കെ സൂചിപ്പിക്കുന്നതും. എൻെറ പേരക്കിടാങ്ങൾ വരുമെങ്കിൽ ഞാനും നക്ഷത്രം തൂക്കും. അത് അവരുടെ സന്തോഷം കാണാനാണ്. യേശു ജനിച്ചത് ഡിസംബറിലല്ല എന്ന് അവ൪ അറിയുന്നില്ലല്ളോ. അജ്ഞതയുടെ ആനന്ദം അന്യമാവാതിരിക്കട്ടെ എന്ന് ആശംസിക്കാൻ തോന്നുന്ന അപൂ൪വാവസരമാണ് ക്രിസ്മസ് എന്ന് ചിന്തിച്ചുപോവുന്നു ഞാൻ.

ഡിസംബറിൽ അല്ല ജനനം എന്നുപറയാൻ കാരണം ഉണ്ട്. ഡിസംബറിൽ ഫലസ്തീനിൽ കൊടിയ തണുപ്പാവും. അപ്പോൾ മൃഗങ്ങൾക്ക് തുറസ്സായ ഇടങ്ങളിൽ കഴിയാനാവുകയില്ല. മസൂറിയിലെ ഐ.എ.എസ് പ്രബേഷണ൪മാരുടെ പേടിസ്വപ്നമായ കുതിരകൾ നവംബ൪ ആദ്യം താഴ്വരയിലേക്ക് യാത്രയാവും. പിന്നെ മാ൪ച്ച് കഴിയണം മല കയറാൻ. ശ്രീയേശു ജനിച്ചപ്പോഴാവട്ടെ, ഇടയന്മാ൪ തീകായുന്ന കാലം ആയിരുന്നു. അതുകൊണ്ട് നവംബ൪ പകുതിക്ക് മുമ്പോ മാ൪ച്ച് പകുതിക്ക് ശേഷമോ ആവണം ക്രിസ്തു ജനിച്ചത്. മറ്റൊരു സൂചന കാനേഷുമാരി ആണല്ളോ. ചിതറിപ്പാ൪ക്കുന്ന ജനങ്ങൾ അവരവരുടെ ഗോത്ര കേന്ദ്രങ്ങളിൽ എത്തിവേണം കണക്കിൽ പെടാൻ എന്ന നിയമം ഒരു വലിയ ജനസഞ്ചയത്തെ തലങ്ങും വിലങ്ങും യാത്രചെയ്യാൻ നി൪ബന്ധിച്ചിരുന്നു. കൊടുംതണുപ്പിൽ അങ്ങനെ ഒരു യാത്രാനിയമം കൊണ്ട് നി൪ബന്ധിക്കപ്പെടുമായിരുന്നു എന്ന് കരുതുക വയ്യ.

ക്രിസ്തുവിൻെറ ജനനം അവിടത്തെ തലമുറക്ക് അപ്രധാനമായിരുന്നു. അതുകൊണ്ടാണ് ആദ്യം വിരചിതമായ സുവിശേഷത്തിൽ മ൪ക്കോസും മനുഷ്യാവതാരത്തിൻെറ ദാ൪ശനികതലം ച൪ച്ച ചെയ്യുന്ന സുവിശേഷത്തിൽ യോഹന്നാനും ഇക്കാര്യം പരാമ൪ശിക്കാത്തത് എന്ന് വിചാരിക്കണം. യോഹന്നാൻ സ്നാപകൻ മുതലാണ് ആ രണ്ട് കൃതികളും തുടങ്ങുന്നത്. ക്രി.മു. 238ൽ ടോളമിയുടെ തിരുനാൾ ആഘോഷമായി പ്രഖ്യാപിക്കപ്പെട്ടു. നൂറ്റമ്പത് സംവത്സരങ്ങൾ കഴിഞ്ഞ് കൊമജീനിലെ അന്തിയോക്കസിൻെറ തിരുനാൾ ആചരിക്കാൻ തുടങ്ങി. ക്രിസ്തബ്ദം ഒമ്പതിൽ ‘ദേവതുല്യനായ അഗസ്റ്റസിൻെറ പിറന്നാൾ’ ആചരിക്കണമെന്ന് നി൪ദേശിച്ച ഒരു സംസ്ഥാന ഗവ൪ണ൪ മനുഷ്യവംശത്തിൻെറ പുനരുജ്ജീവനത്തിന് ചക്രവ൪ത്തി നൽകിയ സംഭാവനകളെ പ്രകീ൪ത്തിച്ചിട്ടാണ് ആ നി൪ദേശത്തിന് ന്യായം കണ്ടത്. ക്രിസ്തുവിനെ മുഖദാവിൽ അറിഞ്ഞ തലമുറക്ക് അങ്ങനെ ഒരു പ്രതിമാവത്കരണം വേണ്ടിയിരുന്നില്ല.

മാ൪ക്കോസിൻെറ സുവിശേഷം വിരചിതമായി പത്തുപന്ത്രണ്ട് കൊല്ലം ആയപ്പോഴേക്കും സ്ഥിതി മാറി. പൗലോസിൻെറ യാത്രകളിലൂടെ അയഹൂദ൪ ധാരാളമായി ക്രിസ്തുവിനെ അറിഞ്ഞു. അതോടെ ഈ പ്രശസ്തൻെറ ജനനവും കുലവും ഒക്കെ അറിയാനുള്ള കൗതുകം വള൪ന്നു. അങ്ങനെയാവണം മത്തായിയും ലൂക്കോസും ജനനാദിവൃത്താന്തങ്ങൾ രേഖപ്പെടുത്താൻ നിശ്ചയിച്ചത്. ലൂക്കോസ് മറിയം ആണ് വിവരങ്ങളുടെ സ്രോതസ്സ് എന്ന് സൂചിപ്പിക്കുന്നുണ്ട്. മത്തായിയും കുടുംബാംഗങ്ങളിൽനിന്നുതന്നെ ആവണം വിവരങ്ങൾ കണ്ടത്തെിയത്. എന്നാൽ, ഐതിഹ്യമാല പോലെയോ നാടോടിസാഹിത്യം പോലെയോ ഉള്ള ശൈശവ സുവിശേഷങ്ങളുടെ നിലവാരം അല്ല മത്തായിയും ലൂക്കോസും സൂചിപ്പിക്കുന്നത്. ഭാഗവതകഥകൾപോലെ വായിക്കാവുന്ന പ്രോട്ടോ ഏവൻഗേലിയം വേദപുസ്തകത്തിൻെറ ഭാഗമായതുമില്ല. സൈറസിന് പാൽ കൊടുത്ത് പരിപാലിച്ച പട്ടിയുടെ കഥ ഹെറോഡോട്ടസ് പറയുന്നില്ല. റോമുലുസിൻെറയും റെമുസിൻെറയും കഥ ലിവി ഗൗരവമായി എടുക്കുന്നുമില്ല. അതുതന്നെയാണ് മത്തായിയുടെയും ലൂക്കോസിൻെറയും സമീപനം എന്ന് ഡാനിയൽ റോപ്സ് എന്ന ഫ്രഞ്ച് പണ്ഡിതൻ ജീസസ് ആൻഡ് ഹിസ് ടൈംസ് എന്ന കൃതിയിൽ പറയുന്നുണ്ട്.

ക്രിസ്തു ജനിച്ചത് ഡിസംബറിൽ അല്ല എന്നാണല്ളോ പറഞ്ഞുവന്നത്. ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളിൽ ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല എന്നതാണ് ഇവിടെ ശ്രദ്ധിക്കാനുള്ള ഒരു പ്രധാന സംഗതി. ക്രിസ്തുമതത്തിൻെറ കാതൽ ബെത്ലഹേമിലെ ജനനം അല്ല, കാൽവ൪യിലെ മരണവും മൂന്നാംനാളിലെ പുനരുത്ഥാനവും ആണ്. അതുകൊണ്ട് ക്രിസ്തു ഉയി൪ത്തെഴുന്നേറ്റ ഞായറാഴ്ചകളിലാണ് അനുയായികൾ ഒത്തുകൂടിയിരുന്നതും അവസാനത്തെ അത്താഴത്തിൻെറ നേരത്ത് ക്രിസ്തു ചെയ്തതുപോലെ അപ്പം നുറുക്കി ഓ൪മ പുതുക്കിയിരുന്നതും. ആണ്ടുവട്ടത്തിലെ ഓ൪മയും ജയന്തി ആയിരുന്നില്ല; ഈസ്റ്റ൪ ആയിരുന്നു. പിന്നെ എങ്ങനെയാണ് ഡിസംബറിൽ ക്രിസ്മസ് ആഘോഷിച്ചുതുടങ്ങിയത്? ഡിസംബ൪ 21 മുതൽ ഉത്തരാ൪ധഗോളത്തിൽ പകലുകളുടെ ദൈ൪ഘ്യം വ൪ധിക്കുന്നു.

തണുപ്പുകാലം കഴിഞ്ഞ് സൂര്യൻ തിരിച്ചുവരുന്ന നാളുകൾ. റോമാ സാമ്രാജ്യത്തിൽ അത് ഉത്സവമായിരുന്നു. ഡിസംബ൪ 25 ആയിരുന്നു ഏറ്റവും പ്രധാനം.സൂര്യോത്സവം. കോൺസ്റ്റൻൈറൻ ക്രിസ്തുമതം സ്വീകരിക്കുകയും ആ മതം സാമ്രാജ്യത്തിൻെറ ഒൗദ്യോഗിക മതം എന്ന പദവി നേടുകയും ചെയ്തപ്പോൾ ഇത് വലിയ തലവേദനയായി. ജനം പഴയ സമ്പ്രദായം ഉപേക്ഷിക്കാൻ തയാറായില്ല. അപ്പോൾ ക്രിസോസ്തം എന്ന് പാശ്ചാത്യരും സ്വ൪ണനാവുകാരൻ എന്ന് പൗരസ്ത്യരും വിളിക്കുന്ന സഭാപിതാവ്് പ്രശസ്തമായ ഒരു പ്രഭാഷണത്തിൽ യേശുവാണ് സൂര്യൻ എന്നും സൂര്യോത്സവം സൂര്യൻെറ പിറവിയാണ് എന്നതിന൪ഥം അത് യേശുവിൻെറ ജനനപ്പെരുന്നാളാണ് എന്നുതന്നെയാണ് എന്നും പ്രഖ്യാപിച്ചു. അവിടെ ചക്രവ൪ത്തിക്ക് കിട്ടിയ പിടിവള്ളിയാണ് ഡിസംബ൪ 25 നെ ക്രിസ്മസ് ആക്കിയത്.

തീയതിയല്ല പ്രധാനം
ക്രിസ്മസിൻെറ പ്രാധാന്യം തീയതിയിൽ അല്ല. അനുഭവത്തിലാണ്. കെ.പി. അപ്പൻ കണ്ടത്തെിയ തിയോഫനിയിലാണ്. ആ അനുഭവം ജീവിതത്തെ ഒട്ടാകെ മാറ്റിമറിക്കുന്നതാണ്. ആട്ടിടയന്മാ൪ അതിസാധാരണരായ പാമരന്മാ൪ ആയിരുന്നു. അവ൪ യേശുവിനെ കണ്ടു. മടങ്ങിയതിനെക്കുറിച്ച് നാം വായിക്കുന്നത്: ‘ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ട് മടങ്ങിപ്പോയി.’ (ലൂക്കോസിൻെറ സുവിശേഷം, അധ്യായം ഒന്ന്, വാക്യം 20). പേ൪ഷ്യയിൽനിന്ന് ഫലസ്തീൻ നാട്ടിൽ എത്തിയ മഹാപണ്ഡിതന്മാ൪ മടങ്ങിയതിനെക്കുറിച്ച് മത്തായി (അധ്യായം ഒന്ന്, വാക്യം 12) പറയുന്നത് ഇങ്ങനെ: ‘അവ൪ വേറെ വഴിയായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.’
രണ്ടു സന്ദ൪ശക൪ക്കും പൊതുവായി കാണുന്നതാണ് തിയോഫനിയുടെ അനുഭവം. വന്ന വഴിയേ അല്ല മടക്കം; വഴി ഏതായാലും ഈശ്വരനെ മഹത്വപ്പെടുത്തിയാണ് മടക്കം. ആട്ടിടയന്മാ൪ തങ്ങളുടെ ആടുകളുടെ അടുക്കലേക്കാണ് മടങ്ങിയത്. അവ൪ ക്രിസ്തുവിൻെറ അനുയായികളോ ശിഷ്യരോ ആയി പരിണമിച്ചുവോ എന്ന് നിശ്ചയമില്ല. എന്നാൽ, അവ൪ ഈശ്വര സാക്ഷാത്കാരം അനുഭവിച്ചു. അതുതന്നെയാണ് വിദ്വാന്മാരുടെ കാര്യത്തിലും ഉണ്ടായത്. അവ൪ സ്വദേശത്തേക്ക് മടങ്ങിപ്പോയി. ഈശ്വരൻെറ ശബ്ദം കേട്ടിട്ടാണ് അവ൪ മടങ്ങിയത്.

സ്വന്തം വിജ്ഞാനമാണ് പണ്ഡിതന്മാരെ യാത്ര തിരിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, ഈശ്വരനുമായി സംവദിച്ചതോടെ അവ൪ ദൈവത്തിൻെറ ശബ്ദം കേട്ടു. ആട്ടിടയന്മാരാവട്ടെ, അവിശ്വസനീയമായ അദ്ഭുതം കണ്ടിട്ടാണ് യാത്ര തുടങ്ങിയത്. അവ൪ കണ്ടത്തെിയത് അതിസാധാരണ സാഹചര്യങ്ങളിൽ അവതീ൪ണനായ ഈശ്വരനെ ആയിരുന്നു. അവ൪ ഈശ്വരനെ മഹത്വപ്പെടുത്താൻ പഠിച്ചു.
സ൪വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം എന്നാണ് ദൈവദൂതൻ പറയുന്നത്. അത് ക്രിസ്ത്യാനിക്ക് മാത്രം ഉള്ളതല്ല. അത് പ്രാപ്യമാകാൻ ഒരുവൻ ക്രിസ്ത്യാനി ആകണം എന്ന് നി൪ബന്ധവുമില്ല. ദൈവം ക്രിസ്ത്യാനിയല്ലല്ളോ. ദൈവത്തിന് മതമില്ല. ക്രിസ്തുവിൻെറ വംശാവലിയിൽ അയഹൂദരെയും പാപികളെയും സ്ത്രീകളെയും ഒക്കെ കാണുന്നുണ്ട് നാം ബൈബ്ളിൽ. യഹൂദനെന്നോ യവനനെന്നോ ഭേദമില്ല. പാപിയെന്നോ പുണ്യവാനെന്നോ ഭേദമില്ല. പുരുഷനെന്നോ സ്ത്രീയെന്നോ ഭേദമില്ല. ഈശ്വരനെ തേടുക, ഈശ്വരനെ കണ്ടത്തെുക, ഈശ്വരനെ മഹത്വപ്പെടുത്തുക, ഈശ്വരൻ വെളിപ്പെടുത്തുന്ന വഴിയിലൂടെ യാത്ര ചെയ്യുക. അതാണ് ക്രിസ്മസിൻെറ സന്ദേശം. ഒരുവൻ ക്രിസ്ത്യാനി ആകുന്നതല്ല, അവൻ ഈശ്വര സാക്ഷാത്കാരം പ്രാപിക്കുന്നതാണ് പ്രധാനം. ഈശ്വരകൽപിതമായ ജീവിതവീക്ഷണമാണ് ക്രിസ്മസ് നമ്മോട് ആവശ്യപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story